തോക്കുമായി വിദ്യാർഥി ക്ലാസ് മുറിയിൽ, ഭയന്നുവിറച്ച് സഹപാഠികൾ; രക്ഷകനായി ഫുട്ബോൾ കോച്ച്
Thursday, October 24, 2019 1:04 PM IST
തോക്കുമായി ക്ലാസ് മുറിയിലേക്ക് പാഞ്ഞ് എത്തിയ വിദ്യാർഥിയെ ആലിംഗനം ചെയ്ത് ശാന്തനാക്കി ഫുട്ബോൾ കോച്ച്. അമേരിക്കയിലെ ഓർഗോണിലെ പാർക്ക്റോസ് ഹൈ സ്കൂളിലാണ് ലോകത്തിന്റെ കണ്ണുടക്കിയ സംഭവം നടന്നത്. കോട്ടിനുള്ളിൽ തോക്ക് ഒളിപ്പിച്ചാണ് വിദ്യാർഥി ക്ലാസ് മുറിയിലേക്ക് എത്തിയത്.
ഈ സമയം ഒരു വിദ്യാർഥിയെ കൂട്ടിക്കൊണ്ടു വരുവാൻ ഫൈൻ ആർട്സ് ബിൽഡിംഗിൽ എത്തിയതായിരുന്നു ഫുട്ബോൾ കോച്ചായ കീനൻ ലോ. ക്ലാസ് മുറിയിൽ എത്തി താൻ അന്വേഷിച്ചു വന്ന വിദ്യാർഥിക്കു വേണ്ടി കാത്തു നിൽക്കുമ്പോളാണ് തോക്കുമായി നിൽക്കുന്ന ഏഞ്ചൽ ഗ്രാൻഡോസ് എന്ന വിദ്യാർഥിയിൽ അദ്ദേഹത്തിന്റെ കണ്ണുടക്കിയത്.
ഏഞ്ചലിന്റെ നേർക്ക് ചെന്ന കീനൻ തോക്ക് പിടിച്ച് വാങ്ങുകയും ഏഞ്ചലിനെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുകയുമായിരുന്നു. അദ്ദേഹം തോക്ക് മറ്റൊരു അധ്യാപകന് കൈമാറുകയും ചെയ്തു. ഈ സമയം ഭയന്ന് പോയ മറ്റ് വിദ്യാർഥികൾ ക്ലാസ് മുറിയിൽ നിന്നും ഇറങ്ങി ഓടുന്നുണ്ടായിരുന്നു.
എനിക്ക് അവനോട് അനുകമ്പയാണ് തോന്നിയതെന്ന് കീനൻ പറയുന്നു. വളരെ കുട്ടിയായിരിക്കുമ്പോൾ എന്താണ് ചെയ്യുന്നതെന്ന് അറിയണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിസിടിവി ദൃശ്യങ്ങൾ വൈറലാകുകയാണ്. സമയോചിതയമായ ഇടപെടലിലൂടെ വലിയ വിപത്ത് ഒഴിവാക്കിയ കീനനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.