ഫ്രീയായി ഭക്ഷണം ലഭിക്കാൻ പേരുമാറ്റി ആളുകൾ!
Friday, March 19, 2021 10:22 PM IST
ഓഫറിന്റെ പിന്നാലെ പോകാത്തവരായി ആരാണുള്ളത്? ഭക്ഷണത്തിനും വസ്ത്രത്തിനും ഇലക്ട്രോണിക്സ് സാധനങ്ങളുമെല്ലാം ഓഫർ നോക്കിയാണ് ഭൂരിഭാഗം ആളുകളും വാങ്ങുന്നത്. കൂടുതൽ ഓഫർ ലഭിക്കുന്ന കടകൾ തേടി കിലോമീറ്ററുകൾ പോകാനും ആളുകൾക്ക് മടിയില്ല.
എന്നാൽ ഒരു റസ്റ്ററന്റ് നൽകിയ ഓഫർ നേടാനായി പേരുമാറ്റാനുള്ള ഓട്ടത്തിലാണ് തായ്വാനിലെ ഒരു വിഭാഗം ആളുകൾ. ലോകമെമ്പാടും ആരാധകരുള്ള ഒരു ചൈനീസ് വിഭവം ആണ് സൂഷി. പാചകം ചെയ്യാത്ത മീൻ കഷണം ചോറിൽ പൊതിഞ്ഞ ചില സോസുകളിൽ മുക്കിയാണ് സൂഷി കഴിക്കുക.
സൂഷി ഭക്ഷണം തയാറാക്കുന്നതിൽ ഏറ്റവും അധികം ഉപയോഗിക്കുന്നത് സാൽമൺ എന്ന മത്സ്യം ആണ്. പേരിൽ സാൽമൺ എന്ന ഭാഗമുള്ള വ്യക്തികൾക്ക് സൗജന്യമായി സൂഷി നൽകുമെന്നാണ് തായ്വാനിലെ റസ്റ്റന്റ് ശ്രേണിയിയായ അകിൻഡോ സുഷിറോയുടെ ഓഫർ.
ഒന്നും രണ്ടും പേരല്ല ഏകദേശം 150-ഓളം ആളുകൾ പേര് മാറ്റാനായി രജിസ്റ്റർ ചെയ്തതായി തായ്വാനിലെ കേന്ദ്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പേരിൽ സാൽമൺ കൂട്ടിച്ചേത്ത് ഓഫർ പ്രകാരം സൗജന്യ സൂഷി വിഭവം ആസ്വദിച്ച ശേഷം പിന്നീട് പേര് പഴയതുപോലെയാക്കാൻ ആണ് പലരും ശ്രമിക്കുന്നത്. പേരുമാറ്റുന്നവരെ ഇപ്പോൾ പരമാവധി നിരുത്സാഹപ്പെടുത്തുകയാണ് അധികൃതർ.