വേ​റെ ലെ​വ​ൽ ഡാ​ൻ​സ്; ച​ങ്കൂ​റ്റ​ത്തി​ന്‍റെ എ​ക്സ്ട്രീം ലെ​വ​ൽ ഇ​താ...
ഒരാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഇതിന് മുന്‍പും നമ്മള്‍ നിരവധി തവണ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പൊട്ടിച്ചിരി സമ്മാനിക്കാന്‍ എത്ര പേര്‍ക്ക് കഴിയും. പൊട്ടിച്ചിരി എന്ന് പറഞ്ഞാല്‍ പോരാ, മനസ് ഉണര്‍ത്തി ചിരിപ്പിക്കാന്‍ കഴിയണം.

വീണ്ടും വീണ്ടും ഓര്‍ത്ത് ചിരിക്കാന്‍ സാധിക്കണം. എന്നാലും ആ മനുഷ്യനൊക്കെ എന്തൊരു വൈബാണെന്ന് മനസിലെങ്കിലും പറയാന്‍ കഴിയുന്ന വിധത്തില്‍ അത്രത്തോളം നമുക്ക് അവരെ ഇഷ്ടമാകണം. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആടിതിമിര്‍ക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ ക്രിയേറ്ററായ അമല്‍ ജോണ്‍ എന്ന ചെറുപ്പക്കാരാനാണ് ഇപ്പോള്‍ ഏവരുടെയും ഹൃദയം കവര്‍ന്നിരിക്കുന്നത്. ഇരുപതിനായിരത്തിലധികം ഫോളേവേഴ്സുള്ള അമലിന്‍റെ പേജില്‍ വിവിധ കണ്ടന്‍റിൽ രസകരമായി പല വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇനി ഡാന്‍സിലേക്ക് വരാം. സ്ഥലം പറവൂര്‍ നഗരസഭയുടെ ബസ് സ്റ്റാന്‍റാണ്. ആളുകളില്‍ ചിലര്‍ ബസ് കാത്തിരിക്കുന്നു. മറ്റുചിലര്‍ ബസ് സ്റ്റാൻറിൽ പതിവുപോലെ നടക്കുന്നുണ്ട്. വേറെ കുറച്ചുപേര്‍ ബസില്‍ കയറി സീറ്റ് പിടിച്ചിരിക്കുന്നു. ഇതൊക്കെ സര്‍വസാധാരണമല്ലേ, അതിശയിക്കാന്‍ എന്താണുള്ളതെന്ന് ചോദിക്കാന്‍ വരട്ടെ.

അവിടെയാണ് ഈ മനുഷ്യന്‍റെ ചങ്കൂറ്റം വൈറലായിരിക്കുന്നത്. ദോസ്ത് സിനിമയിലെ മാരിപ്രാവേ മാടപ്രാവേ മാറില്‍ ചൂടുണ്ടോ എന്ന ഗാനത്തിനാണ് അമല്‍ ചുവടുവച്ചിരിക്കുന്നത്. ബസില്‍ നിന്നും നേരെ ചാടി ഇറങ്ങി ചടുലമായി അയാള്‍ ഡാന്‍സ് കളിക്കുന്നു. വെറും ഡാന്‍സല്ല ആത്മവിശ്വാസവും ചങ്കൂറ്റവുമുള്ള ഡാന്‍സ്.

ബസ് സ്റ്റാന്‍റിലുള്ള എല്ലാ ആളുകളുടെയും മുന്നിലൂടെ യാതൊരു മടിയും കൂടാതെ ആടിതിമിര്‍ക്കാന്‍ ആര്‍ക്കാണ് കഴിയുക. അതും ഇതുപോലെ. ചിരിക്കില്ല എന്ന് ദൃഢനിശ്ചയം എടുത്താല്‍ പോലും അബദ്ധത്തില്‍ എങ്കിലും നിങ്ങള്‍ ചിരിച്ചുപോകുമെന്ന് ഉറപ്പാണ്. അത്രക്ക് മനസിലും മുഖത്തും സന്തോഷം പകര്‍ത്താന്‍ ഈ ആട്ടത്തിന് സാധിച്ചു.

ഷര്‍ട്ടും പാന്‍റുമിട്ട് ഒരു പച്ച കൂളിങ് ഗ്ലാസും വെച്ച് അയാള്‍ തകര്‍ക്കുകയാണ്. ചുറ്റുമുള്ളവര്‍ നോക്കുന്നുണ്ടോ ചിരിക്കുന്നുണ്ടോ കളിയാക്കുന്നുണ്ടോ ഇതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നുകൂടിയില്ല. മനസും ശരീരവും കൊണ്ട് ആദ്ദേഹം നിറഞ്ഞാടുകയാണ്.

ബസ് സ്റ്റാന്‍റിലിരിക്കുന്നവർ ചിരിക്കുന്നുണ്ട്. അടുത്തുകൂടി കടന്നുപോകുന്നവര്‍ ഇയാള്‍ എന്താണിത് കാണിക്കുന്നതെന്ന ഭാവത്തില്‍ തിരിഞ്ഞുനോക്കുന്നുണ്ട്. എന്നാലും അയാള്‍ ഇതൊന്നും ഗൗനിക്കുന്നില്ല.

രസകരമായി ചുവടുകള്‍ വെയ്ക്കുന്ന അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഡാന്‍സ് കഴിയുമ്പോള്‍ ബസിലിരിക്കുന്ന ആളുകള്‍ പൊട്ടിച്ചിരിക്കുന്നതും കാണാം. ഏതായാലും വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.