മൊത്തം ഉപദേശമാണ്! തോന്നുംപടി വണ്ടി ഇട്ടിട്ടു പോയാൽ ഇങ്ങനെയിരിക്കും!
Thursday, January 14, 2021 4:17 PM IST
മനുഷ്യർക്ക് അനാവശ്യമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരെ ഒരു പാഠം പഠിപ്പിക്കണമെന്ന ചിന്ത എല്ലാവർക്കും തന്നെ തോന്നാറുണ്ട്.
വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്തു മനുഷ്യർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതു പലരുടെയും പതിവാണ്. അങ്ങനെ തോന്നുംപടി കാർ പാർക്ക് ചെയ്തിട്ടുപോയ ആൾക്ക് സമീപവാസി കൊടുത്ത എട്ടിന്റെ പണി കാണേണ്ടതു തന്നെ.
ഡേവ് ഹോൾക്രോഫ്റ്റ് എന്ന യുവാവാണ് കാറുടമയെ ഒരു പാഠം പഠിപ്പിക്കാൻ പേപ്പറുമായി ഇറങ്ങിയത്. ഡേവും സുഹൃത്തുക്കളും സൗത്ത് ഇസ്റ്റ് ലണ്ടനിലെ വൂൾവിച്ചിലേക്കു കാറിൽ മടങ്ങുകയായിരുന്നു. അപ്പോഴുണ്ട് മറ്റൊരു ഡ്രൈവർ ഇവരുടെ വഴിതടഞ്ഞുകൊണ്ട് അയാളുടെ വാഹനം പാർക്ക് ചെയ്ത് എവിടേയ്ക്കോ പോയിരിക്കുന്നു. കുറെ നേരം കാത്തിരുന്നു, ആൾ തിരിച്ചുവരുന്ന ലക്ഷണമൊന്നും കാണുന്നില്ല.
ഇതോടെ ഈ അതിക്രമത്തിനു ചുട്ടമറുപടി കൊടുക്കാൻ ഡേവ് തീരുമാനിച്ചു. ആ ദേഷ്യത്തിൽ കാർ തല്ലിപ്പൊളിക്കാനോ ഡ്രൈവരെ കണ്ടെത്തി നല്ല ഇടി കൊടുക്കാനോ ഒന്നുമല്ല പോയത്. പിന്നെയോ തനിക്കു പറയാനുള്ളതെല്ലാം ചെറിയ കുറിപ്പുകളായി എഴുതി കാറിൽ മുഴുവനായി ഓരോ കുറിപ്പുകൾ അങ്ങ് ഒട്ടിച്ചു. പേപ്പർ നോട്ട് കൊണ്ട് കാർ മൂടിപ്പൊതിഞ്ഞു. സംഗതി കാണാൻ നല്ല കളർഫുൾ ആണെങ്കിലും ഇത് എട്ടിന്റെ പണിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഈ കാർ വൃത്തിയാക്കിയെടുക്കാൻ നല്ല പണിയെടുക്കേണ്ടി വരും. കലക്കൻ മറുപടിയെന്നും ഇനി എവിടെങ്കിലും വണ്ടി പാർക്ക് ചെയ്യുന്നതിനു മുന്പ് ഡ്രൈവർ ഒരുവട്ടം ആലോചിക്കുമെന്നാണ് ഇപ്പോൾ ഈ ചിത്രത്തിനു താഴെ നിറയുന്ന കമന്റുകൾ.