കണ്ണിനും മുന്‍പെ കാമറ കണ്ടെത്തിയ കൗതുകം; വര്‍ഷങ്ങള്‍ക്കിപ്പുറം ഞെട്ടിക്കുന്നു
Tuesday, February 6, 2024 11:31 AM IST
"പല ജന്മങ്ങള്‍ക്ക് മുന്നേ നാം ഒന്നായിരുന്നു' എന്ന് പ്രണയിതാക്കള്‍ പറയാറുണ്ടല്ലൊ. സംഭവം ആലങ്കാരികം ആണെങ്കിലും കേള്ക്കുന്നയാള്ക്കൊരു വികാരവായ്പ്പുണ്ടാക്കും.
എന്നാല്‍ ഇപ്പറഞ്ഞ കണ്ടുമുട്ടല്‍ അറിയാതെ ഈ ജന്മത്തില്‍തന്നെ സംഭവിച്ചാലൊ. അത് പിന്നീട് മനസിലാക്കുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍ ഒരു ഒന്നൊന്നര സംഭവം ആയിരിക്കുമല്ലൊ. അത്തരമൊരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്.
സംഗതി മലേഷ്യന്‍ യുവതിയായ ജെന്‍ ചിയയുടെ ജീവിതമാണ്. ജെന്‍ ജോണ്‍ ലിഡല്‍ എന്നയാളെയാണ് വിവാഹം ചെയ്തത്. 2014ല്‍ ആണ് ജോണും ജെന്നും തമ്മില്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഒമ്പതുവര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ 2023 ഓഗസ്റ്റില്‍ വിവാഹിതരുമായി.
എന്നാല്‍ അടുത്തിടെയാണ് ജെന്‍ ഞെട്ടിക്കുന്ന ഒരു കാര്യം തിരിച്ചറിഞ്ഞത്. താന്‍ ജോണിനെ 2012ല്‍ തന്നെ കണ്ടുമുട്ടിയിരുന്നത്രെ. എന്നാല്‍ ഇരുവരും അന്ന് തിരിച്ചറിഞ്ഞുമില്ല; ഓര്‍മയില്‍ പാകിയതുമില്ല.
പക്ഷേ ജെന്‍ എടുത്ത ഒരു സെല്‍ഫിക്ക് ജോണിനെ വിട്ടുകളയാന്‍ തോന്നിയില്ല. അതില്‍ ഒരു തീയറ്റര്‍ കഫേയ്ക്ക് മുന്നില്‍ ക്യൂ നില്ക്കുന്ന ജോണിനെ കാണാം. ഈ കാര്യം തിരിച്ചറിഞ്ഞ നിമിഷം വല്ലാത്ത കൗതുകമാണ് ഇപ്പോള്‍ ജെന്നിന് ഉണ്ടായത്.
ഈ സംഭവം അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടു. അതേ കൗതുകം നെറ്റിസണും ഉണ്ടായി. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "വല്ലാത്ത പ്രണയ കഥ; കണ്ടുമുട്ടേണ്ടവർ എന്ന് വിധി പണ്ടേ തീരുമാനിച്ചിരുന്നു' എന്നാണൊരാള്‍ കുറിച്ചത്.