എന്തായിരുന്നു വലിയ കരച്ചിലൊക്കെയെന്ന് മോഹൻലാൽ; രുക്മിണിയമ്മ ഹാപ്പിയായി
Tuesday, September 21, 2021 2:07 PM IST
രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ആരാധികയുമായി താരം വീഡിയോ കോളിൽ സംസാരിച്ചത്.
എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. കോവിഡ് കാലമായതിനാൽ നേരിട്ട് കാണാനുള്ള പരിമിതികൾ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊടുവിൽ അമ്മയ്ക്കൊരു ഉമ്മയും കൊടുത്തു. കോവിഡ് മാറുന്പോൾ നേരിട്ട് കാണാമെന്ന ഉറപ്പും മോഹൻലാൽ നൽകി.
വീട്ടിൽ വരുന്പോൾ എന്തുനൽകുമെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. നേരിട്ടു കണ്ടാൽ ഒന്നു തൊടാമായിരുന്നെന്ന ആഗ്രഹവും രുക്മിണിയമ്മ പങ്കുവച്ചു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് രുക്മിണിയമ്മയുടെ ആഗ്രഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയത്.