"പ്രണയത്തിനെന്തിടം'; 76കാരന്റെയും 70കാരിയുടെയും മോഹം സഫലമാക്കി വൃദ്ധസദനത്തിലെ അന്തേവാസികള്‍
Thursday, March 2, 2023 2:55 PM IST
ജീവിതത്തില്‍ തനിച്ചാകുന്ന നിമിഷങ്ങളിലാണല്ലൊ മിക്കവരും ദുര്‍ബലരാവുക. ആരെങ്കിലുമൊക്കെ ഒന്നു മിണ്ടാനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് പലരും അപ്പോള്‍ ഒന്നാഗ്രഹിക്കും.
പ്രത്യേകിച്ച് പ്രായമാകുമ്പോള്‍ ഈ ഒറ്റപ്പെടല്‍ പലരെയും അലട്ടാറുണ്ട്. അതും ജീവിതം വൃദ്ധസദനത്തിലാണെങ്കില്‍ മാസികസ്ഥിതി പറയുക വേണ്ടല്ലൊ.
എന്നാല്‍ പ്രണയത്തിന് പ്രായമില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോലാപുരിലെ ഒരു വൃദ്ധസദനം. ഇവിടുത്തെ അന്തേവാസികളായ രണ്ടുപേര്‍ കഴിഞ്ഞദിവസം വിവാഹിതരായിരുന്നു.
വരന്‍ 76 കാരനും വധു 70കാരിയും. എന്നാല്‍ ഇവരുടെ വിവാഹം വാര്‍ത്തയാകുന്നതിന്‍റെ കാരണം ഇതൊരു പ്രണയവിവാഹം എന്നതിനാലാണ്. ബാബുറാവു പാട്ടീല്‍ എന്ന ഇദ്ദേഹവും അനുസയ ഷിന്‍ഡെ എന്ന വധുവും കോലാപൂരിലെ ജാങ്കി വൃദ്ധസദനത്തിലെ അന്തേവാസികളാണ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്. വൈകാതെ ഇരുവരും നല്ല സുഹൃത്തുക്കളായി മാറി. വൈകാതെ പ്രണയത്തിലുമായി. ഒരുമിച്ച് ജീവിക്കണമെന്ന തങ്ങളുടെ ആഗ്രഹം അവര്‍ വൃദ്ധസദന അധികാരികളെ അറിയിച്ചു.
വൃദ്ധസദനത്തിന്‍റെ അധികാരികളുടെയും അന്തേവാസികളുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയായിരുന്നു അവര്‍ക്ക് ലഭിച്ചത്. എല്ലാവരുടെയും സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടക്കുകയും ചെയ്തു.
ഈ വധൂവരന്‍മാരുടെ വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. നിരവധിപേര്‍ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കമന്‍റികളിടുന്നുണ്ട്.