ക്രോർപതിയിൽ മനസുതുറന്ന് ശ്രീജേഷ്; അഭിനന്ദനവുമായി അമിതാബ് ബച്ചൻ
Monday, September 20, 2021 9:37 AM IST
ഹോക്കി താരവും മലയാളിയുമായ പി. ആർ. ശ്രീജേഷ് പങ്കെടുത്ത സോണി ടി.വി യിലെ കോൺ ബനേഗാ ക്രോർപതി പരിപാടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ശ്രീജേഷ് അമിതാബ് ബച്ചനുമുന്നിൽ തന്റെ ഇതുവരെ എത്താനുള്ള കഷ്ടപ്പാടിനെക്കുറിച്ച് പറഞ്ഞപ്പോൾ സദസിൽ നിന്ന് വലിയ പ്രതികരണമാണ് ഉണ്ടായത്. അമിതാബ് ബച്ചന്റെ ചോദ്യത്തിന് ശ്രീജേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു.
എനിക്ക് നല്ല വസ്ത്രങ്ങൾ ഇല്ലായിരുന്നു. വെറും സാധാരണകുടുംബം. കർഷകനായിരുന്ന അച്ഛന് വരുമാനം വളരെ തുച്ഛം. അതുകൊണ്ടുവേണം കുടുംബം കഴിഞ്ഞുകൂടാൻ. ബുദ്ധുമിട്ടുകളും കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ബാല്യം.
ജി.വി.രാജ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ കിട്ടിയപ്പോൾ അച്ഛൻ ചോദിച്ചു. ഇവിടെ പഠിച്ചാൽ നിനക്കൊരു സർക്കാർ ജോലി കിട്ടുമോ? അതെ ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഞാൻ.
അച്ഛൻ മൂന്നു വർഷത്തെ സമയം എനിക്കുതരണം . പരാജിതനായാൽ ഞാൻ മറ്റു വഴി തേടിക്കൊള്ളാം. ഇതായിരുന്നു അച്ഛന് അന്ന് നൽകിയ മറുപടി.
ഹോക്കിയിൽ ഗോൾ കീപ്പറായി പരിശീലനം തുടങ്ങിയപ്പോഴാണറിയുന്നത് , പ്രത്യേക ഡ്രസ്സും പാഡു മൊക്കെ വേണമെന്ന്. അതിനാകട്ടെ നല്ല പണം ആവശ്യമാണ്. വിവരങ്ങൾ കാണിച്ച് അച്ഛന് കത്തെഴുതി. അത്ഭുതമെന്നു പറയട്ടെ ആവശ്യപ്പെട്ട അത്രയും പണം അച്ഛൻ മണിയോർഡറായി അയച്ചുതന്നു...
അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് ആ സത്യം ഞാൻ മനസ്സിലാക്കുന്നത്.. വീട്ടിലെ ഏക വരുമാന മാർഗ്ഗമായ കറവപ്പശുവിനെ വിറ്റാണ് അച്ഛൻ തനിക്ക് പണമയച്ചതെന്ന്. അന്ന് കണ്ണീർ നിയന്ത്രിക്കനായില്ല,. വീട് പട്ടിണിയായിട്ടും അച്ഛൻ തന്നെ പഠിപ്പിച്ചു.. അതൊരു പ്രതീക്ഷയായിരുന്നു. നല്ല നാളെ സ്വപ്നം കണ്ടുള്ള ഒരച്ഛന്റെ പ്രതീക്ഷ.
പ്രോഗ്രാമിൽ ശ്രീജേഷും നീരജ് ചോപ്രയും ചേർന്ന് നേടിയ 25 ലക്ഷം രൂപയിൽ ശ്രീജേഷിന്റെ വീതം കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ ഉപകരണങ്ങൾ വാങ്ങുന്നതിനായി സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചു.