"ആ പുഞ്ചിരി നിമിഷം ഹൃദ്യം'; ടിടിഇയുടെ ഛായാചിത്രം വരച്ച് യാത്രക്കാരന്
Friday, October 11, 2024 10:57 AM IST
ചൂളംവിളിച്ച് പായുന്ന തീവണ്ടികള്‍ കാഴ്ചയില്‍ ഹൃദ്യമാണ്. എന്നാല്‍ അതില്‍ കയറി സഞ്ചരിക്കുമ്പോള്‍ സീറ്റ് ലഭിക്കുന്നില്ല എങ്കില്‍ യാത്ര അത്ര സുഖകരമാകണമെന്നില്ല. പ്രത്യേകിച്ച് സ്ഥിരം സഞ്ചാരികള്‍ക്ക് ട്രെയിന്‍ യാത്രകള്‍ അത്ര വികാരമൊന്നും തരണമെന്നില്ല.
ട്രെയിനില്‍ ജോലി ചെയ്യുന്ന ടിടിഇമാരുടെ കാര്യം പറയേണ്ടതില്ലല്ലൊ. എന്നും യാത്ര എന്നത് മാത്രമല്ല പലരുമായി കയര്ക്കേണ്ടിയുമൊക്കെ വരുമല്ലൊ. എങ്കിലും എല്ലാ ദിവസങ്ങളും ഒരുപോലെ ആകണമെന്നില്ലല്ലൊ. അതിനുകാരണം വേറിട്ട ചില മനുഷ്യരാണ്.
അത്തരമൊന്നിന്റെ കാര്യമാണിത്. വീഡിയോയില്‍ ഒരു ട്രെയിനുള്ളിലെ കാഴ്ചയാണുള്ളത്. ദൃശ്യങ്ങളില്‍ ഒരു ടിടിഇ ടിക്കറ്റ് പരിശോധിച്ച് നടന്നുവരികയാണ്. പലരും അദ്ദേഹത്തിന് ടിക്കറ്റ് കൈമാറി. ശേഷം അദ്ദേഹം ഒരിടത്തായി ഇരിക്കുന്നതും കാണാം.
ഈ സമയം മുകളിലൊരു സീറ്റില്‍ ഇരിക്കുന്ന ആകാശ് സെല്വരസു എന്ന യുവാവ് ട്രെയിന്‍ ടിക്കറ്റ് എക്സാമിനറെ ശ്രദ്ധിക്കുകയാണ്. സ്കെച്ച് ആര്‍ട്ടിസ്റ്റായ അദ്ദേഹം ടിടിഇയുടെ ചിത്രം വരയ്ക്കുന്നു. സെല്വരസു പിന്നീട് ഈ ചിത്രവുമായി റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്നു. അദ്ദേഹം തനിക്കെതിരായി വരുന്ന ടിടിഇയ്ക്ക് ഈ ചിത്രം കൈമാറുന്നു.
ആദ്യം എന്തെന്ന രീതിയില്‍ അന്തിക്കുന്ന ടിടിഇ തന്റെ ചിത്രം കണ്ട് ആകെ അന്ധാളിക്കുന്നു. അദ്ദേഹം ആകാശിനെ അഭിനന്ദിക്കുന്നു. ശേഷം ഇരുവരും ചേര്‍ന്ന് ചിത്രം പകര്‍ത്തുന്നു. വൈറലായി മാറിയ ദൃശ്യങ്ങളില്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "നിങ്ങളുടെ കഴിവുകള്‍ പങ്കിടുന്നതിനുള്ള മനോഹരമായ മാര്‍ഗം' എന്നാണൊരാള്‍ കുറിച്ചത്.