തെന്നിന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ടിലേറെയായി തിളങ്ങി നിൽക്കുന്ന തൃഷ കൃഷ്ണന്റെ പേരിൽ തമിഴ്നാട്ടിൽ പുതിയൊരു സംഘടന പിറന്നിരിക്കുന്നു.‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ - തിരുനെൽവേലി ആസ്ഥാനമായാണ് ആരാധകർ ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി നിൽക്കുന്ന സമയത്താണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം.തിരുനെൽവേലിയിൽ നടന്ന ലളിതമായ ചടങ്ങിൽ സംഘടനയുടെ കോ-ഓർഡിനേറ്റർ രാജഗോപാലാണ് പേരും ലോഗോയും പുറത്തുവിട്ടത്.പച്ച പട്ടുസാരിയിൽ, കൈകൂപ്പി വണങ്ങി നിൽക്കുന്ന തൃഷയുടെ ചിത്രമാണ് ലോഗോയിൽ. അതിന് താഴെ സംഘടനയുടെ മുദ്രാവാക്യവും -"പദവികൾക്ക് വേണ്ടിയല്ല, തമിഴ് ജനതയുടെ അവകാശങ്ങൾക്ക് വേണ്ടിയാണ്"പദവി ലക്ഷ്യമിട്ടല്ല, ജനസേവനം ലക്ഷ്യമിട്ടാണ് സംഘടനയെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി മെഡിക്കൽ സഹായം, നിയമ സഹായം, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുത്ത് നടത്താനാണ് പേരവൈയുടെ പദ്ധതി.
എന്തുകൊണ്ട് ‘ഇളയ പുരട്ചി തലൈവി’?‘
പുരട്ചി തലൈവി’ എന്നത് തമിഴ്നാടിന്റ മനസ്സിൽ ഇന്നും ജീവിക്കുന്ന ഒരു പേരാണ് - മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ പേര്.ജയലളിതയുടേതിന് സമാനമായ ശക്തമായ വ്യക്തിത്വവും, നേതൃത്വഗുണവും, ജനങ്ങളെ ആകർഷിക്കാനുള്ള കഴിവും തൃഷയ്ക്കുണ്ടെന്നാണ് ഭാരവാഹികൾ പറയുന്നത്. അതുകൊണ്ടാണ് ആ വിശേഷണത്തോട് ചേർത്ത് താരത്തെ ‘ഇളയ പുരട്ചി തലൈവി’ എന്ന് വിളിക്കുന്നത്.നിലവിലെ മുഖ്യമന്ത്രി വിജയ് മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്നും, തൃഷ അദ്ദേഹത്തോടൊപ്പം കൈകോർത്താൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
തൃഷയുടെ നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.തൃഷയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് സംഘടന രൂപീകരിച്ചതെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഈ വിഷയത്തിൽ തൃഷ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.2004 ൽ നൽകിയ ഒരു അഭിമുഖത്തിൽ, “തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്” എന്ന് തൃഷ പറഞ്ഞിരുന്നു. ആ പഴയ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാണ്.തൃഷ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അതോ ഇത് ആരാധകരുടെ സ്നേഹ പ്രകടനം മാത്രമാണോ?ഉത്തരം തൃഷയുടെ വാക്കുകളിൽ നിന്ന് മാത്രമേ അറിയാൻ കഴിയൂ. അതുവരെ തമിഴകം ഈ ചർച്ചയിൽ തന്നെ തുടരും.