ഒരിക്കലും മരിക്കില്ല ഈ.മ.യൗ...!
Friday, May 4, 2018 7:26 PM IST
ഒരു മരണവീട്ടിൽ നിന്നും തിരിച്ചു വന്നതേയുള്ളു... വൻ ജനാവലിയായിരുന്നു, കനത്ത കാറ്റും മഴയും, പ്രക്ഷുബ്‌ധമായ കടൽ... മഴയ്ക്ക് ഇത്രയും അഹങ്കാരം പാടുണ്ടോ, സന്ദർഭം മനസിലാക്കി പെരുമാറാൻ അറിയില്ലേ? ഇതിനൊക്കെ പുറമേ ലെക്കും ലെഗാനുമില്ലാതെ വീശിയടിക്കുന്ന കാറ്റും. ജീവനില്ലാത്ത ഒരു ശരീരത്തിന് മുന്നിൽ കാറ്റും മഴയും കടലും എല്ലാം ആറാടി. ഒരു മരണവീട്ടിൽ ഇങ്ങനൊക്കെ നടക്കുമോ‍? ഒരു തരിപ്പ് അങ്ങ് കയറിയിട്ട് തിരിച്ചിറങ്ങി പോകുന്നില്ല.

ഈ.മ.യൗവിൽ വിരിഞ്ഞതത്രയും ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍റെ "മരണ' ഭാവനകളാണ്. അത് നിങ്ങളെ കൊല്ലാതെ കൊല്ലും, ഇടയ്ക്കൊക്കെ ചിരിപ്പിക്കും. മരണവീട്ടിൽ എന്തോന്നിത്ര ചിരിക്കാനെന്നല്ലേ, അതൊക്കെയുണ്ട്... എത്രയോ ആൾക്കാരാണ് അവിടെ വന്നുപോകുന്നത്. അവരെയെല്ലാം നിരീക്ഷിച്ചാൽ ഒരു സിനിമയുണ്ടാകുമോ. ഒന്നല്ല ഒരുപാട് കഥകൾ അവിടുത്തെ കാഴ്ചകളിൽ നിന്നും അടർത്തിയെടുക്കാമെന്ന് ഈ.മ.യൗ കണ്ടാൽ മനസിലാകും.



അരണ്ട വെളിച്ചം ചിത്രത്തെ ആകമാനം പൊതിഞ്ഞിട്ടുണ്ട്. എന്നിട്ടും തെളിച്ചമുള്ള ചിന്തകളാണ് ചിത്രം സമ്മാനിക്കുന്നത്. തിരിച്ചുവരവിന്‍റെയും കിന്നാരം പറച്ചിലിന്‍റെയും ചിരിയുടെയും ഇടയിലൂടെ മരണം പതിയെ ആ വീട്ടിലേക്ക ചെന്നു കയറുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. പെണ്ണമ്മയുടെ (പോളി വൽസൻ) നിർത്താതെയുള്ള നിലവിളി ഹോ... ശരിക്കും അന്പരക്കും. ഈശിയുടെ (ചെന്പൻ വിനോദ്) അപ്പൻ വാവച്ചനെ മരണം തട്ടിയെടുത്തത് വീട്ടിൽ താറാവ് കറിയും ചോറുമെല്ലാം പാകമായിരിക്കുന്ന അവസ്ഥയിലാണ്. വീട്ടിൽ സന്തോഷം തളംകെട്ടി നിൽക്കുന്ന ചുറ്റുപാടിൽ നിന്നും ദുഃഖത്തിന്‍റെ കടലിലേക്ക് ഒറ്റ നിമിഷം കൊണ്ടൊരു മലക്കം മറിച്ചിൽ.

അപ്പന്‍റെ മരണത്തിന് മുന്നിൽ പകച്ചുനിൽക്കുന്ന മകനെ സംവിധായകൻ ഇവിടെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇനി അടുത്തത് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നിൽക്കുന്പോൾ ഈശിയുടെ ഭാര്യ അയൽവീടുകളിലേക്ക് ഓടുകയാണ്. കീ കൊടുത്ത പോലൊരു ഓട്ടം. ഉറക്കം പിടിച്ച രാത്രി പോലും കണ്ണും തിരുമ്മി ഈശിയുടെ വീട്ടുമുറ്റത്തെത്തി. വാവച്ചനു ചുറ്റും വേണ്ടപ്പെട്ടവരുടെ നിലവിളി ഉയർന്നു കൊണ്ടേയിരുന്നു. ഭാര്യ പെണ്ണമ്മയുടെ കരച്ചിൽ ചിരി നിറയ്ക്കുന്നുമുണ്ട്. മരിച്ചാലും മറക്കാത്ത ചിലതെല്ലാമുണ്ടെന്ന് പെണ്ണമ്മ കാണിച്ചു തരുന്നുണ്ട്. അവസരങ്ങൾ കുത്തുവാക്കുകളായി പെണ്ണമ്മയുടെ നാവിൽ നിന്നും അടർന്നു വീഴുന്പോൾ അതു കൊള്ളേണ്ടയിടത്ത് കൃത്യമായി കൊള്ളുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും.



പശ്ചാത്തലത്തിൽ അലിഞ്ഞ് ചേർന്ന മഴയുടെയും കാറ്റിന്‍റെയും ശബ്ദവും കടലിന്‍റെ ഇരന്പലും പിന്നെ ഇടയ്ക്കിടെ കടന്നുവരുന്ന നിശബ്ദതയുമെല്ലാം മരണവീടിന്‍റെ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചു. എല്ലാ ശബ്ദങ്ങളും കൂടി മനസിൽ മരവിപ്പിന്‍റെ കൂട് പണിത് രണ്ടു മണിക്കൂർ നേരത്തേക്ക് സ്വസ്ഥത തന്നില്ലായെന്ന് പറയുന്നതാവും ശരി. മരണം അറിയിക്കലും ശവപ്പെട്ടി മേടിക്കലും ബാൻഡുകാരെ വിളിക്കലുമെല്ലാം എത്രപെട്ടെന്നാണ് അവിടെ നടന്നത്.

മരണവീട്ടിലേക്കെത്തിയ അയൽക്കാരെ മാത്രംവച്ച് വേണമെങ്കിലും ഒരു പടം പിടിക്കാം. എത്ര വിചിത്ര സ്വഭാവമുള്ള ആൾക്കാരാണ് ഓരോരുത്തരും. പഞ്ചായത്ത് മെന്പറായി എത്തിയ വിനായകൻ ജീവിക്കുകയായിരുന്നു. കൂട്ടുകാരന്‍റെ അപ്പനെ അടക്കാനുള്ള ഒരുക്കങ്ങളെല്ലാം ഓടി നടന്നു ചെയ്യുന്ന മെന്പറെ കാണുന്പോൾ സങ്കടം തോന്നും. നിസഹായ അവസ്ഥയിൽ കക്ഷി നടത്തുന്ന ഒരു പ്രസംഗമുണ്ട്. ആ ഒരൊറ്റ രംഗം മതി പുള്ളി എത്രമേൽ ആഴത്തിൽ ആ കഥാപാത്രത്തെ ഉൾക്കൊണ്ടിട്ടുണ്ട് എന്നു മനസിലാക്കാൻ. പി.എഫ്.മാത്യൂസിന്‍റെ തിരക്കഥ ലിജോ ജോസ് പെല്ലിശേരിയുടെ മനസിലേക്ക് ഇരച്ചു കയറിയിട്ടുണ്ടാകണം. അല്ലാതൊരിക്കലും ഇത്രമേൽ സ്വഭാവികമായി മരണത്തെ ചിത്രീകരിക്കാനാവില്ല.



വികാരിയച്ചനായി എത്തിയ ദിലീഷ് പോത്തൻ ഡിറ്റക്ടീവ് നോവലുകൾ വായിച്ചിട്ടുള്ള തന്‍റെ നിരീക്ഷണപാടവം മരണവീട്ടിൽ കാണിക്കുന്പോൾ എങ്ങനെ ചിരിക്കാതിരിക്കും. ഇന്നത്തെ കാലഘട്ടത്തിന്‍റെ എല്ലാവിധ കുഴപ്പങ്ങളും മരണമുഖത്ത് നിന്നും വായിച്ചെടുക്കാൻ പാകത്തിനാണ് ലിജോ ജോസ് പെല്ലിശേരി ചിത്രം ഒരുക്കിയിരിക്കുന്നത്. നാട്ടുകാരുടെ നാവും പിറകെ വരുന്ന ദുരൂഹതകളും മരിച്ചാൽ പോലും ഒരാളെ വെറുതെ വിടില്ലായെന്ന് സിനിമ പറയാതെ പറയുന്നു. രണ്ടു മരണങ്ങൾ മുന്നിൽ കാട്ടിയാണ് മനുഷ്യമനസുകളെ സംവിധായകൻ അളക്കുന്നത്. ഷൈജു ഖാലിദ് സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും മനസറിഞ്ഞ് കാമറ ചലിപ്പിച്ചപ്പോൾ മരണം ഒരു ഫ്രെയിമിൽ നിന്നും മറ്റൊരു ഫ്രെയിമിലേക്ക് ഒഴുകി നടന്നു.



മൃതദേഹം അടക്കം ചെയ്യാൻ തടസങ്ങൾ കൂടുന്നതോടെ ഈശിയുടെ താളം തെറ്റുന്ന കാഴ്ച അവസാന നിമിഷങ്ങളിൽ പ്രേക്ഷകരുടെ മനസിനെ പിടിച്ചുലയ്ക്കും. തനിയെ സംസാരിച്ചുകൊണ്ട് വീടിന്‍റെ അകത്തേക്ക് കയറി, പുറത്തേക്ക് ഇറങ്ങുന്ന ഈശി അറിയാതെ അപ്പനായി മാറുന്പോൾ നിസഹായതയുടെ ആൾരൂപത്തിന് ഇത്രയേറെ പരിമിതികളോ എന്നു ചിന്തിച്ച് പോകും. ചെന്പൻ വിനോദ് നിറഞ്ഞാടുകയായിരുന്നു, ഇതുവരെ ആടാത്തൊരു ആട്ടം.

ക്ലൈമാക്സിനോട് അടുക്കുന്പോൾ ഈശി ചെയ്തു കൂട്ടിയ കാര്യങ്ങൾ മറക്കാൻ പറ്റില്ല. ഒരുതരം വിങ്ങലും അന്പരപ്പും തരിപ്പുമെല്ലാം ഒരുമിച്ച് മനസിലേക്ക് ഇരച്ചു കയറിയതുപോലെ. അത്രമേൽ ആഴത്തിലാണ് കഥാന്തരീക്ഷം പ്രേക്ഷകന്‍റെ ഉള്ളിലേക്ക് കയറിക്കൂടുന്നത്.

(കണ്ടറിയേണ്ട കാഴ്ചകൾ, കണ്ടു തന്നെ അറിയണം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.