ജീവിതം തെളിയുന്ന പരോൾക്കാലം
Friday, April 6, 2018 7:19 PM IST
ഒറ്റ ആഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മലയാള സിനിമ ജയിൽ കയറി ഇറങ്ങുന്നത്. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ആയിരുന്നെങ്കിൽ ഇന്നിപ്പോൾ പരോളും. മമ്മൂട്ടി കുടുംബ പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഈ അവധിക്കാലത്ത് പരോളിലൂടെ. ജയിലും പരിസരവുമെല്ലാം ചിത്രത്തിൽ ഉണ്ടെങ്കിലും ജയിലിന് പുറത്താണ് കഥ മുഴുവൻ കിടക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ അരമണിക്കൂറിനുള്ളിൽ നവാഗത സംവിധായകൻ ശരത്ത് സന്ദിത്ത് ജയിലിന് പുറത്തേക്ക് കഥയെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട്.

ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളുടെ കഥയാണ് അജിത് പൂജപ്പുര തിരക്കഥയാക്കി മാറ്റിയത്. ഒരാളെ അടയാളപ്പെടുത്തുന്പോൾ കാണിക്കേണ്ട ജാഗ്രത വേണ്ടുവോളം തിരക്കഥയിൽ അജിത്ത് പാലിച്ചിട്ടുണ്ട്. ജയിലും ജയിൽ പുള്ളികളും ഗ്രാമവും ഗ്രാമവാസികളുമെല്ലാം സ്ഥാനം പിടിക്കുന്ന ചിത്രത്തിൽ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിക്കാൻ കഴിയുന്നുണ്ട്.



ജയിലും പരിസരവും അവിടുത്തെ അന്തരീക്ഷവുമെല്ലാം കാട്ടിയാണ് ചിത്രം തുടങ്ങുന്നത്. ഒരുപാട് ജയിൽ ചിത്രങ്ങളിൽ കണ്ടിട്ടുള്ള ഒരു അന്തരീക്ഷം തന്നെയാണ് പരോളിലും കാണാൻ കഴിയുക. ജയിലിന്‍റെ സെറ്റിട്ട് ഒരു പ്രഫഷണൽ ടച്ചൊക്കെ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ജയിൽപുള്ളികൾക്കിടയിലെ മേസ്തിരിയാണ് അലക്സ് (മമ്മൂട്ടി). പുള്ളിയുടെ മേൽനോട്ടത്തിലുള്ള സെല്ലിൽ അനിഷ്ട സംഭവങ്ങളൊന്നും നടക്കില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ വാദം. അതിനെ ശരിവയ്ക്കും വിധമുള്ള ഒരു ഹീറോ ഇമേജ് കൊണ്ടുവരാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുമുണ്ട്.



സുധീർ കരമന പതിവ് ശൈലിയിലുള്ള പ്രകടനം പരോളിലും പുറത്തെടുക്കുന്നുണ്ട്. പക്ഷേ, ആവർത്തന വിരസതയുളവാക്കുന്ന ഭാവങ്ങളാണ് സുധീറിൽ കാണാൻ കഴിഞ്ഞത്. ജയിലിനകത്തു നിന്നും അലക്സ് ഓർമകളിലേക്ക് വഴുതി വീഴുന്നതോടെയാണ് ചിത്രം അടിവാരത്തേക്ക് യാത്ര ചെയ്യുന്നുത്. മമ്മൂട്ടിയുടെ ബാല്യവും പിന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അടിവാരത്ത് വേരുറപ്പിക്കുന്നതുമെല്ലാം സംവിധായകൻ കൃത്രിമമില്ലാതെ ആവിഷ്കരിച്ചിട്ടുണ്ട്. അല്പനേരം മാത്രമുള്ള അലൻസിയർ മമ്മൂട്ടിയുടെ അപ്പനായി എത്തി തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

പ്രണയമില്ലെങ്കിൽ പിന്നെ ഒരു രസമുണ്ടാകില്ലെന്ന് തോന്നിയിട്ടോ എന്തോ ചിത്രത്തിൽ കുഞ്ഞൊരു പ്രണയ കഥയും സംവിധായകൻ പറയുന്നുണ്ട്. ഇനിയയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്നത്. മമ്മൂട്ടിയുടെ ഭാര്യയായി എത്തിയ ഇനിയ നാട്ടുംപുറത്തുകാരി കുടുംബിനിയുടെ വേഷം നന്നായി കൈകാര്യം ചെയ്തു.



അനിയത്തി വേഷമാണെങ്കിലും നായികയ്ക്ക് ഒപ്പം തന്നെ മിയയും നാട്ടിൻപുറത്തു വളർന്ന പെണ്‍കുട്ടിയുടെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടു തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ആദ്യ പകുതിയുടെ സിംഹഭാഗവും കഥാനായകന്‍റെ ഫ്ലാഷ് ബാക്ക് അപഹരിക്കുന്പോൾ രണ്ടാം പകുതിയിലാണ് ചിത്രത്തിന്‍റെ പേരിനോട് നീതി പുലർത്തിയുള്ള രംഗങ്ങൾ കടന്നുവരുന്നത്.

പരോൾ കിട്ടാനുള്ള പെടാപ്പാടുകൾ കാട്ടിത്തന്ന് ഒടുവിൽ അലക്സ് പുറത്തിറങ്ങുന്നതോടെയാണ് ചിത്രത്തിൽ ട്വിസ്റ്റുകൾ രംഗപ്രവേശം ചെയ്തുതുടങ്ങുന്നത്. സിദ്ദിഖ് മമ്മൂട്ടിയുടെ സുഹൃത്തായി എത്തി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ നെഗറ്റീവ് ടച്ചുള്ള വേഷം സുരാജ് വെഞ്ഞാറമൂട് മനോഹരമായി കൈകാര്യം ചെയ്തു. രണ്ടാം പകുതിയിൽ വഴിത്തിരിവുകൾ നിരവധി ഉള്ളതിനാൽ തന്നെ കഥാഗതിയെ കുറിച്ച് സൂചിപ്പിച്ചാൽ മുഷിപ്പുണ്ടാകും.



പരോളിന് ഇറങ്ങി നായകൻ തന്‍റെ കൂടപ്പിറപ്പുകളെ ചേർത്തു നിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മകനെ ഏറെ സ്നേഹിക്കുന്ന പിതാവിനെ ചിത്രത്തിന്‍റെ ക്ലൈമാക്സിനോട് അടുക്കുന്പോൾ കാണാൻ സാധിക്കും. അരിസ്റ്റോ സുരേഷിന്‍റെ പാട്ടും പ്രകടനവുമെല്ലാം ചിത്രത്തോട് ചേർന്നു നിൽക്കാൻ നല്ലവണ്ണം പാടുപെടുന്നുണ്ട്.

ലോകനാഥൻ ശ്രീനിവാസന്‍റെ കാമറ കണ്ണുകൾ ഗ്രാമാന്തരീക്ഷവും ജയിലും പരിസരവും എല്ലാം ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ഒരുപിടി ഘടകങ്ങൾ നിറച്ച് തന്നെയാണ് പരോൾ കഥ പറഞ്ഞുപോകുന്നത്. ഒരുവട്ടം കാണാനുള്ള രസക്കൂട്ടൊക്കെ തന്‍റെ കന്നിസംവിധാന സംരംഭത്തിൽ ശരത്ത് സന്ദിത്ത് ഒരുക്കിവച്ചിട്ടുണ്ട്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.