ലവകുശയിൽ ചിരി കുശാൽ
Thursday, October 12, 2017 5:33 AM IST
ചളി വാരി വിതറി ചിരിപ്പിക്കാനുള്ള രണ്ട് ചെറുപ്പക്കാരുടെ ശ്രമമാണ് ലവകുശയിൽ ഉടനീളം കാണാൻ കഴിയുക. കഥയും ലോജിക്കും അന്വേഷിച്ച് പോകാൻ ഉദ്ദേശിക്കുന്നവരോട് ആദ്യമേ പറഞ്ഞേക്കാം, അത്തരം സംഗതികളൊന്നും ഈ സിനിമയിൽ ഇല്ല കേട്ടോ. കുറെ പൊട്ടത്തരങ്ങൾ അജു വർഗീസും നീരജ് മാധവും കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. അത്തരം മണ്ടത്തരങ്ങളും ലോജിക്കില്ലായ്മയും തന്നെയാണ് ലവകുശയുടെ ഹൈലൈറ്റ്.

ചിന്തിക്കാനുള്ള സമയം കൊടുക്കാതെ പൊട്ടത്തരങ്ങൾ കാട്ടി ചിരിപ്പിച്ചു കൊണ്ടേയിരിക്കുക. ഈ രണ്ടു കർത്തവ്യങ്ങളും നിറവേറ്റുന്നതിൽ അജു വർഗീസും സംഘവും വിജയിച്ചുവെന്നു പറയാം. പിന്നെ ബിജു മേനോൻ... ലവനും കുശനും വഴിതെറ്റി പോകാതിരിക്കാനായി തിരക്കഥയിൽ മനപൂർവം ഉൾപ്പെടുത്തിയ ഘടകമായി മാത്രം കണ്ടാൽ മതി.ദാസനേയും വിജയനേയും പ്രേക്ഷകർ ഇപ്പോഴും ഇഷ്ടപ്പെടുന്നത് അവരുടെ നിഷ്കളങ്കത കൊണ്ടാണ്. എന്നാൽ അവരിൽ നിഷ്കളങ്കത മാത്രമാണോ ഉള്ളത്...അല്ല. ഇത്തിരി കുറുന്പ്, പിന്നെ വളഞ്ഞവഴിയിലൂടെയുള്ള ചിന്താഗതി ഇങ്ങനെ അവരുടെ സ്വഭാവ വിശേഷങ്ങളുടെ പട്ടിക നിരത്തിയാൽ തീരില്ല... ഏകദേശം അതുപോലൊരു ലൈൻ തന്നെയാണ് ലവനിലും കുശനിലും കാണാൻ കഴിയുക. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കി ലവനെ നീരജ് മാധവ് സ്വന്തമാക്കിയപ്പോൾ കുശനായി കൂട്ടിനെത്തിയത് അജു വർഗീസാണ്. ഇവരെ ബിഗ് സ്ക്രീനിലിട്ട് തട്ടികളിപ്പിക്കാനുള്ള ജോലി ചെയ്യേണ്ടി വന്നതോ ഗിരീഷ് മനോയും. "നി കൊ ഞാ ചാ' എന്ന സിനിമയ്ക്ക് ശേഷമുള്ള തന്‍റെ വരവ് തരക്കേടില്ലാതെ സംവിധായകൻ നിർവഹിച്ചു.

ഒരുപരിചയുവുമില്ലാത്ത രണ്ടുപേർ തമ്മിലുള്ള കണ്ടുമുട്ടലിൽ നിന്നാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നീട് അങ്ങോട്ട് ഇവർ ഒന്നിച്ച് പോകാനുള്ള തീരുമാനങ്ങൾ അവരെ കൊണ്ടെത്തിക്കുന്നതോ ഓരോരോ ഉൗരാകുടുക്കിലും. കൗണ്ടറുകൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടി കളിച്ച് ലവനും കുശനും തുടക്കത്തിൽ മുന്നേറുന്നുണ്ട്. അവർ പതറി തുടങ്ങുന്നിടത്ത് ബിജു മേനോനെ രംഗത്തിറക്കി ചിത്രത്തിന്‍റെ ബാലൻസിംഗ് തെറ്റാതെ സംവിധായകൻ പിടിച്ച് നിർത്തുന്നുണ്ട്. വലിച്ചു നീട്ടിയ രംഗങ്ങളും ക്ലീഷേ കോമഡികളും ചിത്രത്തിൽ അവിടിവിടായി സ്ഥാനം പിടിച്ചിട്ടുണ്ട്.നായിക വേഷത്തിൽ എത്തിയ ദീപ്തി സതിയാകട്ടെ തനിക്ക് പറ്റാത്ത എന്തോ ചെയ്യുന്ന മട്ടിലുള്ള അഭിനയമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. സ്റ്റൈലിഷ് ലുക്കിലെത്തിയ ബിജു മേനോൻ പതിവ് പോലെ തന്‍റെ വേഷം മികവുറ്റതാക്കി. ഒന്നാം പകുതിയിൽ ചിരിക്കാണ് പ്രാധാന്യം കൂടുതലെങ്കിൽ രണ്ടാം പകുതിയിൽ ട്വിസ്റ്റുകൾ കൊണ്ടുള്ള കളിയാണ് കാണാൻ കഴിയുക. ട്വിസ്റ്റുകളിൽ ചിരി കലർത്തി സിനിമയുടെ മുന്നോട്ട് പോക്കിനിടയിൽ കോമിക്ക് കാർട്ടൂണ്‍ കണ്ടപോലൊരു പ്രതീതി പ്രേക്ഷകർക്ക് സമ്മാനിക്കാൻ അജുവിനും നീരജിനും കഴിഞ്ഞട്ടുണ്ട്. പക്ഷേ, ഇത്രയേറെ ട്വിസ്റ്റുകൾ ഈ ചിത്രത്തിൽ ആവശ്യമുണ്ടോ എന്ന് രണ്ടാം പകുതി കാണുന്പോൾ തോന്നിപ്പോകും.

തിരക്കഥയുടെ കെട്ടഴിഞ്ഞ് പോയൊരു പ്രതീതി രണ്ടാം പകുതിയിൽ പ്രേക്ഷകർക്ക് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. ട്വിസ്റ്റിനും സസ്പെൻസിനും ബ്രേക്ക് നൽകി വീണ്ടും ചിത്രം ചിരിയുടെ ട്രാക്കിലേക്ക് വന്നു വീഴുന്നതോടെ സംഗതി ഉഷാറായി. ഈ കൈവിട്ട കളിയെന്നെല്ലാം പറഞ്ഞാൽ ഇതാണ്. എങ്ങനെയോ തട്ടിയും മുട്ടിയും എല്ലാം ബാലൻസിംഗായി പോകുന്നുവെന്നു മാത്രം.ചിത്രത്തിന്‍റെ ഒഴുക്കിന് അനുസരിച്ചുള്ള പശ്ചാത്തല സംഗീതമാണ് ഗോപീസുന്ദർ ഒരുക്കിയിരിക്കുന്നത്. കൃത്യമായ സ്ഥലങ്ങളിൽ പാട്ടുകൾ സ്ഥാനം പിടിക്കുകയും ചെയ്തു. ഒന്നുറപ്പാണ് ബലംപിടുത്തം വിട്ട് ചുമ്മാ ചിരിച്ച് ഉല്ലസിക്കാൻ തിയറ്ററിൽ കയറുന്നവരെ ലവനും കുശനും നിരാശരാക്കില്ല.

(നേരം പോക്കിനായി കാണാം ലവകുശ. അത്രമാത്രം...)

വി.ശ്രീകാന്ത്