"പുരിയാത പുതിർ' വലിച്ചു നീട്ടിയ ത്രില്ലർ...!
Wednesday, September 6, 2017 4:25 AM IST
കഥയുണ്ടായിരുന്നു, പക്ഷേ, "തിരക്കഥ' ലോ ലവൻ വില്ലനായി. അതോടെ വിജയ് സേതുപതി ചിത്രം "പുരിയാത പുതിർ' നടുവും തല്ലി വീണു. കുത്തഴിഞ്ഞ് പോയ തിരക്കഥയ്ക്ക് മുകളിൽ നിന്ന് സംവിധായകൻ നല്ലവണ്ണം വെട്ടിവിയർക്കുന്നുണ്ട്. ചിത്രം ത്രില്ലറാണെന്ന് പറഞ്ഞു പോയില്ലേ, അപ്പോൾ പിന്നെ ത്രില്ലടിപ്പിക്കാതിരിക്കാൻ പറ്റുമോ. അതിനായുള്ള കാട്ടിക്കൂട്ടലായി മാത്രം ഒതുങ്ങി പോകുന്നുണ്ട് പുരിയാത പുതിർ.

നല്ലൊരു കഥ മെനഞ്ഞെടുത്തിട്ടും അത് സിനിമയാക്കാനുള്ള വഴിയിൽ എവിടെയോ രഞ്ജിത് ജയകൊടിയെന്ന സംവിധായകൻ പെട്ടു പോയി. ഇതിനിടിയിലും വിജയ് സേതുപതി-ഗായത്രി സഖ്യത്തിന്‍റെ അഭിനയ മികവ് ചിത്രത്തിൽ ഉടനീളം തെളിഞ്ഞു നിന്നു. എന്തൊക്കെ നന്നായിട്ട് എന്ത്, പറയാൻ ഉദ്ദേശിച്ചത് വെടിപ്പോടെ പറയാൻ പറ്റിയില്ലായെങ്കിൽ പിന്നെയെന്ത് കാര്യം.

ജയപ്രകാശ് രാധാകൃഷ്ണൻ ചിത്രം "ലെൻസ്' കാട്ടിത്തന്നതാണ് സൈബർ ക്രൈമിന്‍റെ തീവ്രമായ വശങ്ങൾ. രഞ്ജിത് ജയകൊടിയും ശ്രമിച്ചതും ഇതേ വിഷയത്തിൽ ഉൗന്നി നിന്ന് കഥ പറയാനാണ്. പറഞ്ഞു വരുന്പോൾ ലെൻസിനോട് സാമ്യമുള്ള കഥയാണ് വിജയ് സേതുപതി ചിത്രത്തിനും എന്ന് പറയേണ്ടി വരും.
തുടക്കം പാളി

ഒരു "സോറി പറച്ചിലിൽ' തുടങ്ങി ഫ്ലാഷ് ബാക്കിലേക്ക് പോകുകയാണോന്ന് തോന്നിപ്പിച്ചുകൊണ്ട് കുതിച്ച് പായുകയാണ് കഥാഗതി. തുടക്കം തന്നെ സംഭവം ത്രില്ലറാണെന്ന് തോന്നിപ്പിക്കാൻ സംവിധായകന് സാധിച്ചു. പക്ഷേ, പിന്നീട് അങ്ങോട്ട് പൊങ്ങി വന്ന നായകൻ-നായിക പ്രണയം ചിത്രത്തെ നന്നായി പിന്നോട്ടടിച്ചു. വിജയ് സേതുപതി "കതിർ' എന്ന സംഗീത സംവിധായകനായാണ് ചിത്രത്തിൽ എത്തുന്നത്. "മീര' എന്ന സംഗീത അധ്യാപികയായിട്ടാണ് നായിക ഗായത്രി വേഷമിടുന്നത്. സംഗീതത്തെ പ്രണയിക്കുന്ന ഇരുവരും തമ്മിലുള്ള പൈങ്കിളി പ്രണയം 45 മിനിറ്റോളമാണ് അപഹരിച്ചത്. അതിനാൽ ചിത്രം ത്രില്ലർ മൂഡിലേക്ക് എത്തുന്നത് ഇഴഞ്ഞു നീങ്ങിയാണ്.

എവിടെയോ എന്തോ പന്തികേട്

കഥ ത്രില്ലർ മൂഡിലേക്ക് കയറിക്കൂടിയ ശേഷം ഒരിക്കലും അതിൽ നിന്നും പുറത്തു കടക്കുന്നില്ല. പക്ഷേ, എവിടെയോ എന്തോ പന്തികേടുള്ള പോക്കായിരുന്നുവെന്നു മാത്രം. മനുഷ്യന്‍റെ മാനസിക നിലയെ പരീക്ഷിക്കാനുള്ള സംവിധായകന്‍റെ ശ്രമം വിജയ് സേതുപതിയിലൂടെ ഒരു പരിധിവരെ വിജയിക്കുന്നുണ്ട്. പക്ഷേ, വിജയ് സേതുപതിയെന്ന നടനും തിരക്കഥയുടെ ബലം ഇല്ലാഴ്മയിൽ തട്ടി ഇടയ്ക്കൊക്കെ താഴെ വീഴുന്നുണ്ട്. ഗായത്രി - വിജയ് സേതുപതി ജോഡിയുടെ കെമിസ്ട്രി സ്ക്രീനിൽ പ്രതിഫലിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടും അവിടിവിടായി പൊന്തിവന്ന ചേർച്ചക്കുറവുകൾ ചിത്രത്തിന് തിരിച്ചടിയായി.
കാമറയും പശ്ചാത്തല സംഗീതവും കിടു

ദിനേഷ് കൃഷ്ണന്‍റെ കാമറ കണ്ണുകൾ ത്രില്ലർ മൂഡ് സൃഷ്ടിക്കാൻ നന്നായി സഹായിച്ചു. ചിത്രത്തിൽ ഉടനീളം മിഴിവാർന്ന ഫ്രെയിമുകളും ചില ഗിമ്മിക്കുകളും കാട്ടി പ്രേക്ഷക പ്രീതി നേടുന്നുണ്ടെങ്കിലും ചില ഇടങ്ങളിൽ മറ്റ് പല ത്രില്ലർ സിനിമകളിലെ രംഗങ്ങൾ അതേപടി പകർത്തി നിരാശപ്പെടുത്തുന്നുമുണ്ട്. സാം സി.എസ് ഒരുക്കിയ പശ്ചാത്തല സംഗീതം പ്രണയവും അങ്കലാപ്പുകളും അതേപടി പുറത്തേക്ക് കൊണ്ടുവന്ന് പ്രേക്ഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഛായാഗ്രാഹകനും സംഗീത സംവിധായകനും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിന് മുതൽക്കൂട്ടായെങ്കിലും തിരക്കഥയിലെ താളപ്പിഴകൾ മറച്ചു പിടിക്കാൻ സംവിധായകന് കഴിയാതെ വന്നതോടെ സംഭവം കൈവിട്ട് പോകുകയായിരുന്നു.സൂപ്പർ സസ്പെൻസ് എത്തിയപ്പോൾ വൈകി

ചിത്രം വലിച്ചു നീട്ടി രണ്ടു മണിക്കൂറിനു മുകളിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനിടെ ഒളിഞ്ഞു കിടന്ന സസ്പെൻസ് കൃത്യസമയത്ത് പുറത്തേക്കിടാൻ സംവിധായകൻ പരാജയപ്പെട്ടു. ഇതിനിടെ പല ലോജിക്കില്ലായ്മകളും കടന്നു കൂടുന്നതോടെ ചിത്രത്തിന്‍റെ ഒടുവിലേക്കായി കരുതിവച്ച ത്രില്ലിംഗ് സംഭവങ്ങളെല്ലാം കൈവിട്ട് പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുക. സസ്പെൻസെല്ലാം കിടുവായിരുന്നു പക്ഷേ, അതങ്ങോട്ട് ഏശിയില്ലാന്നു മാത്രം. എന്തായാലും ഒന്നുറപ്പാണ് ലെൻസ് എന്ന ചിത്രം കാണാത്തവരെ പുരിയാത പുതിർ ഒരുപരിധിവരെ തൃപ്തിപ്പെടുത്തും.

(എന്തു പറയാനാ... മൊത്തം കൈവിട്ടു പോയി. എങ്കിലും, എവിടെയൊക്കയോ ചിത്രം ത്രില്ലടിപ്പിക്കുന്നുണ്ട്.)

വി.ശ്രീകാന്ത്