തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ എംപിയും എൽഡിഎഫിന്റെ ആദ്യ കൺവീനറുമായിരുന്ന പി. വിശ്വംഭരൻ (91) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നാലിനു കോവളം വെള്ളാറിലെ ചരുവിള വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു വീട്ടുവളപ്പിൽ.

വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് ആരോഗ്യനില കൂടുതൽ വഷളാകുകയും നാലോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. തിരു– കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു. അവിവാഹിതനാണ്.


1954 ൽ തിരുവിതാംകൂർ – കൊച്ചി നിയമസഭയിലേക്ക് പിഎസ്പി പ്രതിനിധിയായി നേമത്തു നിന്നു വിജയിച്ചു. 1960ൽ നേമത്തു നിന്നു കേരള നിയമസഭയിലും അംഗമായി. 1967 ൽ സംയുക്‌ത സോഷ്യലിസ്റ്റ് പാർട്ടി പ്രതിനിധിയായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നു ലോ ക്സഭാംഗമായി. പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമായിരുന്നു.

വിശ്വംഭരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എ. സുധീരൻ തുടങ്ങിയവർ അനുശോചിച്ചു.