വലിയ കാറുകൾക്കു വില കൂടും
Friday, September 8, 2017 11:26 AM IST
ന്യൂഡൽഹി/ ഹൈദരാബാദ്: വലിയ കാറുകളുടെ സെസ് വർധിപ്പിക്കും. ദോശ/ഇഡലി മാവ് അടക്കം കുറേ ഭക്ഷ്യോത്പന്നങ്ങളുടെ നികുതി കുറയ്ക്കും. ഇന്നു ഹൈദരാബാദിൽ ചേരുന്ന ചരക്കുസേവന നികുതി (ജിഎസ്ടി) കൗൺസലിന്റെ അജൻഡയിൽ വരുന്ന കാര്യങ്ങളാണിത്.
ജിഎസ്ടി നടപ്പാക്കി രണ്ടു മാസം പിന്നിടുന്പോൾ സംസ്ഥാനങ്ങൾക്കും വ്യാപാരി - വ്യവസായികൾക്കും ഉപയോക്താക്കൾക്കും പരാതികൾ വർധിച്ചിട്ടേ ഉള്ളൂ. അതുകൊണ്ടുതന്നെ ഇന്നത്തെ യോഗം ചൂടുപിടിച്ചതാകും. സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളായ ജിഎസ്ടി കൗൺസിലിന്റെ അധ്യക്ഷൻ കേന്ദ്ര ധനമന്ത്രിയാണ്.
10 ശതമാനം കൂട്ടില്ല
വലിയ കാറുകൾക്കും എസ്യുവികൾക്കും ജിഎസ്ടിക്കു മുന്പ് വിലയുടെ 54-56 ശതമാനം നികുതി ഉണ്ടായിരുന്നു. ജിഎസ്ടിയിൽ 28 ശതമാനം നികുതിയും 15 ശതമാനം സെസുമാണു ചുമത്തിയത്. മൊത്തം 43 ശതമാനം. നികുതിബാധ്യത വലിയ തോതിൽ കുറഞ്ഞു. തന്മൂലം കന്പനികൾ 80,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ വില കുറച്ചു. ഈ രീതിയിൽ നികുതി കുറയ്ക്കാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാൽ സെസ് 25 ശതമാനമാക്കാൻ കഴിഞ്ഞ മാസം കൗൺസിൽ തീരുമാനിച്ചു. അതിനുവേണ്ട ഓർഡിനൻസും പുറപ്പെടുവിച്ചു. ഇന്ന് എത്ര ശതമാനമായി സെസ് കൂട്ടണം എന്നു തീരുമാനിക്കും. ഒറ്റയടിക്കു 10 ശതമാനം കൂട്ടാൻ സാധ്യത ഇല്ലെന്നാണു സൂചന.
ദോശമാവും പുളിയും
ഇഡ്ഡലി/ദോശമാവ്, വാളൻപുളി, കസ്റ്റാർഡ് പൗഡർ, അടുക്കളയിലെ ഗ്യാസ് ലൈറ്റർ തുടങ്ങി രണ്ടു ഡസനിലേറെ ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ സമ്മർദമുണ്ട്. 12 മുതൽ 28 വരെ ശതമാനം നിരക്കുകളിലാണ് ഇവ പലതും.
ഇടത്തരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്കും അടുക്കള സാമഗ്രികൾക്കും വില കൂടിയതു പൊതുവേ സ്ത്രീകളുടെ വിമർശനത്തിനും വിഷയമായി. ഈ സാഹചര്യത്തിൽ കുറേ ഇനങ്ങൾക്കു നികുതി ഒഴിവാക്കാനും മറ്റുള്ളവയ്ക്കു നികുതി കുറയ്ക്കാനും സാധ്യത ഉണ്ട്.
കേരളത്തിന്
ഉണക്കമീൻ, റബർതടി, പ്ലാറ്റിക് മാലിന്യം, റബർ തടികൊണ്ടുള്ള പ്ലൈവുഡ്, ആയുർവേദ മരുന്ന്, പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, ഭിന്നശേഷിക്കാർക്കുള്ള ബ്രെയ്ൽ പേപ്പർ, ബ്രെയ്ൽ ടൈപ്പ് റൈറ്റർ, കയർ ഉത്പന്നങ്ങൾ, റബറൈസ്ഡ് കയർ കിടക്ക, എയർ കംപ്രസർ, എസി റസ്റ്ററന്റുകളിലെ എസി അല്ലാത്ത ഭാഗത്തെ ഭക്ഷണം, പാഴ്സൽ ഭക്ഷണം, പ്രവാസികൾ ബന്ധുക്കൾക്ക് അയയ്ക്കുന്ന സമ്മാനം തുടങ്ങി നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ട ഒരു ഡസൻ സാധനങ്ങളുടെയും സേവനങ്ങളുടെയും പട്ടിക കേരളം കൗൺസിലിനു നൽകിയിട്ടുണ്ട്.
നെറ്റ്വർക്ക് പ്രശ്നം
വലിയ തുക മുടക്കി സ്ഥാപിച്ച ജിഎസ്ടി നെറ്റ് വർക്ക് ഇനിയും സുഗമമായിട്ടില്ല.
കഴിഞ്ഞ മാസം ജിഎസ്ടിആർ 3 ബി റിട്ടേൺ നല്കുന്ന സമയത്തു ദിവസങ്ങളോളം പ്രശ്നമായിരുന്നു. ഒടുവിൽ തീയതി നീട്ടി നല്കേണ്ടിവന്നു. അതുപോലെ ജിഎസ്ടിആർ ഒന്നു നല്കിയപ്പോഴും പ്രശ്നം. ഈ റിട്ടേൺ നല്കാനുള്ള സമയം ഞായറാഴ്ച വരെ നീട്ടിയിട്ടുണ്ട്.
ബ്രാൻഡ് മാറുന്നു
ബ്രാൻഡ് ചെയ്ത ഭക്ഷ്യപദാർഥങ്ങൾക്ക് (ധാന്യപ്പൊടി അടക്കം) ഉയർന്ന നികുതി ഉള്ളതിനാൽ പല നിർമാതാക്കളും ബ്രാൻഡ് പേരും ട്രേഡ് മാർക്ക് രജിസ്ട്രേഷനും ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതു ഗണ്യമായ നികുതിനഷ്ടമുണ്ടാക്കും.
ഇടത്തരക്കാർ ബ്രാൻഡ് ഉത്പന്നങ്ങൾ ഉപേക്ഷിച്ച് അല്ലാത്തവയിലേക്കു പോകും എന്നതുകൊണ്ടാണു നിർമാതാക്കൾ ഇതു ചെയ്യുന്നത്. ഈ വിഷയത്തിൽ എന്തു ചെയ്യാനാകും എന്നു കൗൺസിൽ ചർച്ച ചെയ്യും.