ലോകബാങ്ക് പ്രസിഡന്റ് ജിം രാജിവച്ചു
Wednesday, January 9, 2019 12:46 AM IST
യുനൈറ്റഡ് നേഷൻസ്: ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവച്ചു. നാലു വർഷം കാലാവധി ശേഷിക്കെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നു പറയുന്നുണ്ടെങ്കിലും യുഎസ് ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസം കാരണമാകാം രാജി എന്നു കരുതുന്നവരുണ്ട്.
കാലാവസ്ഥാമാറ്റത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് 20,000 കോടി ഡോളർ 2021-25 കാലത്ത് നൽകുമെന്നു ജിം പറഞ്ഞിരുന്നു. കാലാവസ്ഥാമാറ്റത്തെ അംഗീകരിക്കാത്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ വിഷയം രാജിയിലേക്കു നയിച്ചുകാണുമെന്ന് പലരും കരുതുന്നു.
ദക്ഷിണകൊറിയയിൽനിന്നുള്ള ഈ അന്പത്തൊന്പതുകാരനെ 2012ൽ പ്രസിഡന്റ് ബറാക് ഒബാമയാണു നിയമിച്ചത്. (ലോകബാങ്ക് പ്രസിഡന്റിനെ അമേരിക്കൻ പ്രസിഡന്റാണ് നിയമിക്കാറ്. അന്താരാഷ്ട്ര നാണ്യനിധി - ഐഎംഎഫ് - മാനേജംഗ് ഡയറക്ടറെ യൂറോപ്യൻ രാജ്യങ്ങളും).
ഫെബ്രുവരി ഒന്നിനു ജിം വിരമിക്കും. ഇടക്കാല പ്രസിഡന്റായി ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ക്രിസ്റ്റലീന ജോർജിയേവ അന്ന് സ്ഥാനമേൽക്കും. ബൾഗേറിയക്കാരിയായ അവരെ പ്രസിഡന്റായി നിയമിക്കാൻ ട്രംപ് തയാറാകുമോ എന്നു വ്യക്തമല്ല.
മുപ്പതു വർഷം മുന്പ് താനുംകൂടി ചേർന്നു തുടങ്ങിയ പാർട്ണേഴ്സ് ഇൻ ഹെൽത്ത് (പിഐഎച്ച്) എന്ന ലാഭേച്ഛയില്ലാത്ത സന്നദ്ധ പ്രസ്ഥാനത്തിൽ തുടർന്നു പ്രവർത്തിക്കാനാണ് ജിം ഉദ്ദേശിക്കുന്നത്.