താരമായി സിന്ധു; തേജസിലേറുന്ന ആദ്യവനിത
Sunday, February 24, 2019 12:18 AM IST
ബംഗളൂരു: ഇന്ത്യയുടെ പോർമുനയായ തേജസിലേറി ബാഡ്മിന്റൺ താരം പി.വി. സിന്ധു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു പോർവിമാനമായ തേജസിന്റെ ട്രെയിനർ വിമാനത്തിൽ സഹപൈലറ്റായാണ് സിന്ധു പറന്നത്. ഇതോടെ തേജസിലേറുന്ന ആദ്യവനിതയെന്ന നേട്ടം സിന്ധു സ്വന്തമാക്കി. തേജസിൽ പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് ഈ ഇരുപത്തിമൂന്നുകാരി.
ബംഗളൂരു യെലഹങ്ക വ്യോമതാവളത്തിൽ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമപ്രദർശനത്തിൽ ഇന്നലെ വനിതാദിനമായി ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു സിന്ധുവിന്റെ പറക്കൽ. ഇന്ത്യൻ വ്യോമസേനയുടെ യൂണിഫോം അണിഞ്ഞ് 12.10ന് വിമാനത്തിലേറിയ സിന്ധു 31 മിനിറ്റോളം ആകാശത്ത് പറന്നു. അഞ്ചു മിനിറ്റ് വിമാനം പറത്തുകയും ചെയ്തു. സിദ്ധാർഥ് സിംഗ് ആയിരുന്നു മുഖ്യപൈലറ്റ്.
തേജസിലെ യാത്ര തനിക്ക് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും യുദ്ധവിമാനത്തെ അടുത്തറിയാനുള്ള മികച്ച അവസരമായിരുന്നുവെന്നും സിന്ധു പിന്നീട് പ്രതികരിച്ചു.