ജിൻസണ് അർജുന ശിപാർശ
Monday, September 17, 2018 10:47 PM IST
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേൽ രത്നയ്ക്കും മലയാളി അത്ലറ്റ് ജിൻസൻ ജോണ്സൺ ഉൾപ്പടെ 20 കായിക താരങ്ങൾക്കു അർജുന അവാർഡിനും ശിപാർശ.
നീരജ് ചോപ്ര (അത്ലറ്റിക്സ്), ഹിമ ദാസ് (അത്ലറ്റിക്സ്), എൻ. സിക്കി റെഡ്ഡി (ബാഡ്മിന്റണ്‍), സതീഷ് കുമാർ (ബോക്സിംഗ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), ശുഭാംഗർ ശർമ (ഗോൾഫ്), മൻപ്രീത് സിംഗ് (ഹോക്കി), സവിത (ഹോക്കി), രവി രാത്തോഡ് (പോളോ), രാഹി സർനോഭാട്ട് (ഷൂട്ടിംഗ്), അങ്കുർ മിത്തൽ (ഷൂട്ടിംഗ്), ശ്രേയാഷി സിംഗ് (ഷൂട്ടിംഗ്), മനിക ബത്ര (ടേബിൾ ടെന്നീസ്), ജി. സത്യൻ (ടേബിൾ ടെന്നീസ്), രോഹൻ ബൊപ്പണ്ണ (ടെന്നീസ്), സുമിത് (ഗുസ്തി), പൂജ കടിയാൻ (വു ഷൂ), അങ്കുർ ധാമ (പാര അത്ലറ്റിക്സ്), മനോജ് സർക്കാർ (ബാഡ്മിന്റണ്‍) എന്നിവരെയാണ് എഷ്യൽ ഗെയിംസിലെ സുവർണ താരമായ ജിൻസൻ ജോണിനൊപ്പം അർജുന അവാർഡിനായി ശിപാർശ ചെയ്തിരിക്കുന്നത്.
ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്റർ വെള്ളിയും നേടിയ ജിൻസന്റെ മികവ് കണക്കിലെടുത്താണ് പുരസ്കാരത്തിനായി ശിപാർശ ചെയ്തത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൻ.
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ ബാഡ്മിന്റണ്‍ താരം കെ. ശ്രീകാന്തിനെ കൂടി ഖേൽ രത്ന പുരസ്കാരത്തിന് പരിഗണിക്കുമെന്നാണ് വിവരം. 7.5 ലക്ഷം രൂപയാണ് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്്കാര തുക. അർജുന അവാർഡ് ജേതാക്കൾക്ക് അഞ്ചു ലക്ഷം രൂപയും ലഭിക്കും. സമിതി നിർദേശം ചെയ്ത കായിക താരങ്ങളുടെ പട്ടിക കായിക മന്ത്രാലയം അംഗീകാരം നൽകി കഴിഞ്ഞാൽ സെപ്റ്റംബർ 25ന് രാഷ്ട്രപതി ഭവനിൽവച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്റെ പരിശീലകൻ വിജയ് ശർമ, ക്രിക്കറ്റ് പരിശീലകൻ തരക് സിൻഹ എന്നിവരുൾപ്പടെ ഏഴു പേരെ ദ്രോണാചാര്യ പുരസ്കാരത്തിനും ശിപാർശ ചെയ്തിട്ടുണ്ട്. ക്ലാരൻസോ ലോബോ (ഹോക്കി), ജീവൻ ശർമ (ജൂഡോ), സി.എ കുട്ടപ്പ (ബോക്സിംഗ്), ടേബിൽ ടെന്നീസ് താരം അചാന്ത ശരത് കമലിന്റെ പിതാവും പരിശീലകനുമായ ശ്രീനിവാസ റാവു എന്നിവരാണ് ദ്രോണാചാര്യ പുരസ്കാരത്തിന് ശിപാർശ ലഭിച്ച പരിശീലകർ.
മലയാളിയായ ബോബി അലോഷ്യസ്, ഭരത് ഛേത്രി (ഹോക്കി), സത്യ ദേവ പ്രസാദ് (ആർച്ചറി), ദാദു ചൗഗുലേ (ഗുസ്തി) എന്നിവരെ ധ്യാൻചന്ദ് പുരസ്കാരത്തിനും ശിപാർശ ചെയ്തിട്ടുണ്ട്. റിട്ടയേർഡ് ജസ്റ്റീസ് മുകുൾ മുദ്ഗൽ അധ്യക്ഷനായ സമിതിയാണ് ശിപാർശ പട്ടിക തയാറാക്കിയത്.