അരുവിക്കരയില്‍ യുഡിഎഫിന് അനുകൂല സാഹചര്യം: തിരുവഞ്ചൂര്‍
അരുവിക്കരയില്‍ യുഡിഎഫിന് അനുകൂല സാഹചര്യം: തിരുവഞ്ചൂര്‍
Wednesday, June 3, 2015 12:38 AM IST
കോട്ടയം: ജി. കാര്‍ത്തികേയനോടുള്ള ജനങ്ങളുടെ പൊതുവികാരവും യുവജനങ്ങളുടെ ആവേശവും അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വികസനം ആഗ്രഹിക്കുന്ന ജനങ്ങള്‍ ശബരിനാഥന് വോട്ട് ചെയ്യും. ശബരിനാഥന്റെ യുവത്വവും വിദ്യാഭ്യാസവും മുന്നണിക്ക് ഗുണം ചെയ്യും.

യുവജനങ്ങളുടെ പിന്തുണ യുഡിഎഫിനാണ്. അവരുടെ വികാരം നല്ല ഭൂരിപക്ഷത്തിലുള്ള വിജയത്തിനു വഴിയൊരുക്കും. സര്‍ക്കാരിന് അനുകൂലമായ വിലയിരുത്തല്‍ നിഷ്പക്ഷമതികള്‍ നടത്തും. വികസനം മാത്രമാണ് അരുവിക്കരയിലെ പ്രചരണ രംഗത്തുണ്ടാകുക. അഴിമതി ഉയര്‍ത്തി പ്രതിപക്ഷം ബ്ളാക്ക്മെയില്‍ രാഷ്ട്രീയമാണു കളിക്കുന്നത്. ഒന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം അഴിമതി ഉന്നയിക്കുന്നത്.

തട്ടിപ്പു നടത്തിയാണ് ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയിച്ചതെന്ന പി.സി. ജോര്‍ജിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ മന്ത്രി തയാറായില്ല. തോല്‍ക്കുമ്പോള്‍ എല്ലാവരും ഉന്നയിക്കുന്നതാണ് ഇത്തരം ആരോപണങ്ങളെന്നും പി.സി. ജോര്‍ജ് സ്വന്തം വിശ്വാസത്തിലും നിലപാടിലും കാഴ്ചപ്പാടിലും ഉറച്ചു നില്കുന്ന ആളാണെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കോട്ടയം പബ്ളിക് ലൈബ്രറി മുറ്റത്ത് കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത അക്ഷരശില്പം മുഖ്യമന്ത്രിയും മന്ത്രി തിരുവഞ്ചൂരും സന്ദര്‍ശിച്ചില്ലെന്ന വിമര്‍ശനത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. തന്നെ സംഘാടകര്‍ മുഖ്യപ്രഭാഷണത്തിനാണ് ക്ഷണിച്ചിരുന്നതെന്നും പ്രഭാഷണത്തിനുശേഷം ശില്പം കാണാന്‍ വേദിക്കു പുറത്ത് ഏറെ കാത്തുനിന്നതായും മന്ത്രി പറഞ്ഞു. ആ ശില്പം താന്‍ എട്ടു തവണയിലേറെ കണ്ടിട്ടുണ്ട്. കാനായിയെയും ശില്പത്തെയും കുറിച്ചു തനിക്ക് നല്ല മാതിപ്പാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.