പുതുഹൃദയം ലഭിച്ചവർക്കൊപ്പം ഹൃദയദിനാഘോഷം
പുതുഹൃദയം ലഭിച്ചവർക്കൊപ്പം ഹൃദയദിനാഘോഷം
Thursday, September 29, 2016 1:35 PM IST
കൊച്ചി: ഹൃദയം മാറ്റിവച്ചവർക്കൊപ്പം ലിസി ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം വേറിട്ട അനുഭവമായി. മൂന്നു വർഷംമുമ്പ് ഹൃദയം മാറ്റിവയ്ക്കൽ ശസ്തക്രിയയ്ക്കു വിധേയനായ കളമശേരി കൈപ്പടമുഗൾ സ്വദേശി ഡിനോയ് തോമസുൾപ്പെടെ അഞ്ചു പേരാണു പുതുഹൃദയങ്ങളുമായി ഹൃദയദിനാഘോഷത്തിൽ ഒത്തുചേർന്നത്. നടൻ കലാഭവൻ ഷാജോൺ ഹൃദയദിനാഘോഷം ഉദ്ഘാടനംചെയ്തു. ആരോഗ്യമുള്ള ഹൃദയത്തോടെ നല്ല ജീവിതം നയിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

തൃശൂർ അയ്യന്തോൾ സ്വദേശി കൈപ്പറമ്പിൽ ലിബുവിന്റെ(40) ഹൃദയമാണു ഡിനോയ് തോമസിന്റെ (33) ശരീരത്തിൽ ഇപ്പോൾ സ്പന്ദിക്കുന്നത്. ഡിനോയ്ക്കു പുതുഹൃദയവും പുതുജീവതവും ലഭിച്ചതിന്റെ മൂന്നാം വാർഷികാഘോഷം കൂടിയായി ഇന്നലത്തെ ചടങ്ങ്. ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്കു വേഗത്തിൽ മടങ്ങിയെത്തിയ ഡിനോയ് ഇപ്പോൾ കളമശേരി നിപ്പോൺ ടൊയോട്ടയിൽ ഡ്രൈവറാണ്. ജോലിയുടെ ഭാഗമായി കണ്ണൂർ, തിരുവനന്തപുരം ഷോറൂമുകളിൽ പോകുകയും അവിടെനിന്നു വാഹനം ഒറ്റയ്ക്ക് ഓടിച്ചു കളമശേരിയിൽ എത്തിക്കുകയും ചെയ്യാറുണ്ടെന്നു ഡിനോയ് പറഞ്ഞു.

ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായ മാത്യു അച്ചാടൻ, ഗിരീഷ്കുമാർ, നൈനു ജോർജ്, ജോസഫ് റോണി തുടങ്ങിയവരും ഡിനോയ്ക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. എല്ലാവർക്കുമൊപ്പം കേക്ക് മുറിച്ചാണു ഡിനോയ് സന്തോഷം പങ്കുവച്ചത്.ചടങ്ങിൽ ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിൽ അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, ഹൃദയചികിത്സാ വിദഗ്ധരായ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഡോ.റോണി മാത്യു, ഡോ. മനോരസ് മാത്യു, ജൂലി കുര്യൻ, സിസ്റ്റർ ആൻമേരി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.