ഉത്സവശീവേലിക്കിടെ ആന ഇടഞ്ഞോടി
ഉത്സവശീവേലിക്കിടെ ആന ഇടഞ്ഞോടി
Saturday, December 3, 2016 1:55 PM IST
മട്ടാഞ്ചേരി: ഉത്സവത്തോടനുബന്ധിച്ചു നടന്ന ശീവേലിക്കിടെ ആന ഇടഞ്ഞോടി. കൊച്ചി തിരുമല ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു നാടിനെ പരിഭ്രാന്തിയിലാക്കിയ സംഭവം. രണ്ടാം പാപ്പാൻ പുറത്തിരിക്കുമ്പോഴാണ് ആന ഇടഞ്ഞത്. ക്ഷേത്രപരിസരത്തുണ്ടായിരുന്നവർ ഇടഞ്ഞ ആനയെ കണ്ടു ചിതറിയോടി. പുലർച്ചെയായതിനാൽ ക്ഷേത്രത്തിൽ ഭക്‌തജനങ്ങൾ കുറവായിരുന്നു. ഏറെ പണിപ്പെട്ടാണു പാപ്പാന്മാർ ആനയെ നിയന്ത്രണത്തിലാക്കി തളച്ചത്.

സംഭവസമയം മൂന്നു കൊമ്പന്മാർ ക്ഷേത്രത്തിലുണ്ടായിരുന്നു. തൊടുപുഴ സ്വദേശിയുടെ കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനെയുംകൊണ്ടു മുറ്റത്തുകൂടി ഓടിയ ആന പുറത്തു കടക്കാതിരിക്കാൻ ക്ഷേത്രഗോപുര വാതിലുകൾ ഒന്നൊന്നായി അടച്ചെങ്കിലും പടിഞ്ഞാറു ഭാഗത്തെ വാതിൽ അടയ്ക്കും മുമ്പ് ആന പുറത്തുകടന്നു.

റോഡിലൂടെ ഓടിയ ആന വീ കട്ട് റോഡിൽ എത്തിനിന്നു. ഈസമയം പഴക്കുല കാട്ടി പാപ്പാന്മാർ ആനയെ ക്ഷേത്രക്കുളത്തിന്റെ പരിസരത്തു തളയ്ക്കുകയായിരുന്നു. ഇന്നലെ ഇടഞ്ഞ ആനയെ രണ്ടാഴ്ച മുമ്പ് ഉത്സവത്തിനിടെ മറ്റൊരു കൊമ്പൻ കുത്തിയിരുന്നു. അതിന്റെ ഭയപ്പാടിലായിരുന്നു ആന എന്നും ശീവേലിക്കിടെ രഥം വലിക്കുമ്പോഴുണ്ടായ ശബ്ദം കൂടിയായപ്പോൾ ആന ഇടഞ്ഞോടുകയായിരുന്നുവെന്നും പാപ്പാന്മാർ പറഞ്ഞു.

സംഭവത്തെ തുടർന്ന് ഇന്നലെ രാവിലെ നടക്കേണ്ടിയിരുന്ന ആന എഴുന്നള്ളത്ത് ക്ഷേത്രം ഭാരവാഹികൾ വേണ്ടെന്നു വച്ചു.

ആനപ്പുറത്തു കയറാൻ പൂജാരിമാർ തയാറാകാത്ത സാഹചര്യത്തിലാണ് എഴുന്നള്ളത്ത് വേണ്ടെ ന്നു വച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.