ആശീഷ് നന്ദിയുടെ അറസ്റ് സുപ്രീംകോടതി സ്റേ ചെയ്തു
ന്യൂഡല്‍ഹി: ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ദളിത് വിരുദ്ധ പ്രസ്താവന നടത്തിയ പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായി ആശീഷ് നന്ദിയ്ക്കെതിരേയുള്ള അറസ്റ് വാറണ്ട് സുപ്രീംകോടതി സ്റേ ചെയ്തു. ചീഫ് ജസ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് അറസ്റ് വാറണ്ട് സ്റേ ചെയ്തത്.

സംവരണവിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ അഴിമതിക്കാരാണെന്ന വിവാദ പ്രസ്താവനയാണ് ജനുവരി 26 ന് നടന്ന ജയ്പുര്‍ സാഹിത്യോത്സവത്തില്‍ ആശീഷ് നന്ദി നടത്തിയത്. ഇദ്ദേഹത്തിനെതിരേ റായ്പൂര്‍, നാസിക്, പാറ്റ്ന എന്നിവിടങ്ങളില്‍ രജിസ്റര്‍ ചെയ്തിരുന്ന എഫ്ഐആര്‍ റദ്ദാക്കിയ കോടതി, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകില്ലെന്നും ശ്രദ്ധാലുവായിരിക്കുമെന്നും കോടതി വിധിക്കുശേഷം ആശീഷ് നന്ദി പ്രതികരിച്ചു.