പാര്‍ലമെന്റ് സമ്മേളനം ഇന്നു തുടങ്ങും
പാര്‍ലമെന്റ് സമ്മേളനം ഇന്നു തുടങ്ങും
Monday, November 24, 2014 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ല. ഇന്‍ഷ്വറന്‍സ് ബില്ലിലുള്ള എതിര്‍പ്പുമൂലമാണ് തൃണമൂല്‍ സര്‍വകക്ഷി യോഗം ബഹിഷ്കരിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്നും ബഹുരാഷ്ട്ര കമ്പനികളുടെ അജന്‍ഡയാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ ആരോപിച്ചു.

ലോക്സഭാ സ്പീക്കര്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം നടത്തിയതിനു പിന്നാലെയാണു സര്‍ക്കാരും സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിനെ എതിര്‍ത്തിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ശനിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തിലും പങ്കെടുത്തിരുന്നില്ല. അതേസമയം, ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നു മമത ബാനര്‍ജിയും അറിയിച്ചു.

അതേസമയം, ശാരദ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ടു തൃണമൂല്‍ എംപിയെ സിബിഐ അറസ്റ് ചെയ്തതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കത്തിനു പിന്നിലെന്നു ബിജെപി ആരോപിച്ചു. വിഷയം രാഷ്ര്ട്രീയമാക്കാനാണു മമത ബാനര്‍ജി ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് നളിന്‍ കോഹ്ലി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.


ഇന്‍ഷ്വറന്‍സ് ബില്ലിനെ തൃണമൂല്‍ മാത്രമല്ല, കോണ്‍ഗ്രസും ജനതാ പാര്‍ട്ടികളും ഇടതു പാര്‍ട്ടികളും എതിര്‍ക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം എതിര്‍ക്കുന്നതിനാല്‍ രാജ്യസഭയില്‍ ന്യൂനപക്ഷമായ ബിജെപിക്ക് ബില്‍ പാസാക്കാനുമാവില്ല. ഇന്‍ഷ്വറന്‍സ് ബില്ലിനൊപ്പം ചരക്ക് സേവനനികുതി ബില്ലിനെയും ഇടതും സമാജ്വാദി, ജെഡി-യു പാര്‍ട്ടികളും എതിര്‍ക്കുന്നുണ്ട്. എതിര്‍പ്പുകളുണ്െടങ്കിലും ഇന്ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

ഇവ കൂടാതെ, കല്‍ക്കരി ലേലത്തിനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബില്‍, ടെക്സ്റെല്‍സ് ഓര്‍ഡിനന്‍സ്, റോഡ് സുരക്ഷാ നിയമം, ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം തുടങ്ങിയവയിലെ ഭേദഗതി ബില്ലുകളും ഈ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.