ജിഎസ്ടി: ഭരണഘടനാഭേദഗതി ബില്‍ ലോക്സഭ പാസാക്കി
Thursday, May 7, 2015 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) ഏര്‍പ്പെടുത്താനുള്ള ഭരണഘടനാഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ബില്‍ സ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടണമെന്നുള്ള പ്രതിപക്ഷ ആവശ്യം തള്ളിയശേഷം വോട്ടിനിട്ടാണു ബില്‍ പാസാക്കിയത്. കോണ്‍ഗ്രസ് സഭ ബഹിഷ്കരിച്ചതിനു പിന്നാലെ നടന്ന വോട്ടെടുപ്പില്‍ 352 പേര്‍ ബില്ലിനെ അനുകൂലിച്ചു, 37 പേര്‍ എതിര്‍ത്തു.

മുമ്പ് ബില്ലിനെ എതിര്‍ത്തിരുന്ന ബിജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ അനുകൂലിച്ചപ്പോള്‍ ഇടതു പാര്‍ട്ടികളും അണ്ണാ ഡിഎംകെയും എതിര്‍പ്പ് തുടര്‍ന്നു. അതേസമയം, ഭേദഗതികള്‍ തിരിച്ചുള്ള വോട്ടെടുപ്പില്‍ 12 ബിജെപി എംപിമാര്‍ സര്‍ക്കാരിന് എതിരായി വോട്ട് ചെയ്തതും ശ്രദ്ധേയമായി. ലോക്സഭ പാസാക്കിയെങ്കിലും സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയില്‍ ബില്‍ കടമ്പ കടക്കുമോയെന്നാണ് ഇപ്പോള്‍ പ്രധാനമായും ഉറ്റുനോക്കുന്നത്. രാജ്യസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സഭ ബഹിഷ്കരിക്കുകയാണെങ്കില്‍ മാത്രമേ മൂന്നില്‍ രണ്ടു പിന്തുണ യോടെ ബില്‍ പാസാക്കാനാകൂ. പിന്നീടു പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരം തേടണം.

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലാണെങ്കിലും അതില്‍ നിരവധി പുതിയ വ്യവസ്ഥകള്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്െടന്നും ഇതു പാര്‍ലമെന്റിന്റെ സ്റാന്‍ഡിംഗ് കമ്മിറ്റി പരിശോധിച്ചശേഷം മാത്രമേ അംഗീകരിക്കാനാവൂ എന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചത്.

ജിഎസ്ടി വരുമ്പോള്‍ നികുതിനിരക്ക് 27 ശതമാനമാക്കും എന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഈ നിരക്ക് അമിതമാണെന്നു പ്രതിപക്ഷം പറഞ്ഞു. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അതിനോടു യോജിച്ചു. സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയും ജിഎസ്ടി കൌണ്‍സിലും ആലോചിച്ചു കുറഞ്ഞ നിരക്കു ശിപാര്‍ശചെയ്യുമെന്നു മന്ത്രി അറിയിച്ചു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വരുമാനനഷ്ടമുണ്ടാകാതിരിക്കാനാണ് 27 ശതമാനം എന്നായിരുന്നു ശിപാര്‍ശ.


ഒരു തവണ സ്റാന്‍ഡിംഗ് കമ്മിറ്റി പരിശോധിച്ചു നിര്‍ദേശങ്ങള്‍ നല്‍കിയ ബില്‍ വീണ്ടും സ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുന്ന കീഴ്വഴക്കമില്ലെന്നു ചര്‍ച്ചകള്‍ക്കു മറുപടി നല്‍കിയ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ഇത് സ്പീക്കര്‍ അംഗീകരിക്കുകയും ചെയ്തു. ഉത്പാദക സംസ്ഥാനങ്ങള്‍ക്കുള്ള റവന്യു നഷ്ടം നികത്തുന്നതിനുള്ള നിര്‍ദേശങ്ങളില്ലാത്തതിനെ അണ്ണാ ഡിഎംകെയും എതിര്‍ത്തു. അതേസമയം, ഇതിനായി ഇടതു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ആര്‍എസ്പിയും അടക്കമുള്ളവര്‍ ഭേദഗതികള്‍ കൊണ്ടുവന്നെങ്കിലും വോട്ടെടുപ്പില്‍ തള്ളി.

ചരക്കു-സേവന നികുതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാനുള്ള കാലാവധി അഞ്ച് വര്‍ഷമെന്നത് പത്ത് വര്‍ഷമാക്കി വര്‍ധിപ്പിക്കണമെന്ന് ആര്‍എസ് പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. എങ്കിലും വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

കേന്ദ്രം ചുമത്തുന്ന എക്സൈസ് ഡ്യൂട്ടി, സേവന നികുതി, കേന്ദ്ര വില്പന നികുതി, സംസ്ഥാനങ്ങളുടെ വില്പന നികുതി, വാറ്റ്, നഗരച്ചുങ്കം എന്നിവയ്ക്കെല്ലാം പകരമാണു ചരക്കു സേവന നികുതി. ഇതു കേന്ദ്രവും സംസ്ഥാനങ്ങളും പിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.