നിക്കാഹില്‍ നിറയെ വിവാദം; നിഷേധിച്ചു ഡല്‍ഹി ഇമാം
Sunday, October 4, 2015 12:47 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഇമാം സയ്യദ് അഹമ്മദ് ബുഖാരിയുടെ മകന്റെ വിവാഹത്തെച്ചൊല്ലി വിവാദങ്ങള്‍. ഇമാം തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച മകന്‍ ഷബാന്‍ ബുഖാരി ഹിന്ദു സമുദായത്തില്‍ ഉള്‍പ്പെട്ട ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം ഉടന്‍ നടക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇന്നലെ ഈ വാര്‍ത്തകള്‍ അപ്പാടെ ഇമാം നിഷേധിച്ചു. ഡല്‍ഹി ജുമാ മസ്ജിദിന്റെ രക്ഷാധികാരി കൂടിയായ ഇമാമിനെ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുസ്ലിംകളുടെ പ്രതിനിധിയായാണു കണക്കാക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുള്ള ഗൂഢാലോചനയാണ് വാര്‍ത്തകള്‍ക്കു പിന്നിലെന്ന് ഇമാം പറയുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മന്ത്രിസഭയിലുള്ള ഒരു മുസ്്ലിം മന്ത്രിയാണ് വാര്‍ത്തയ്ക്കു പിന്നിലെന്നും ആരോപണമുണ്ട്. അടുത്ത നവംബറില്‍ ഷബാന്‍ വിവാഹിതനാകുമെന്ന് ബുഖാരി വ്യക്തമാക്കി. ഒരു പരമ്പരാഗത മുസ്്ലിം കുടുംബത്തില്‍ നിന്നാണു ഷബാന്‍ വിവാഹം കഴിക്കാന്‍ പോകുന്നത്. പെണ്‍കുട്ടി ഇസ്ലാമിക് സ്റഡീസില്‍ വിദ്യാര്‍ഥിനിയാണ്.

ഇമാമിന്റെ മകന്‍ ഗാസിയാബാദ് സ്വദേശിയായ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടി ഖുറാന്‍ പഠിച്ചു തുടങ്ങിയെന്നും മതം മാറുമെന്നുമുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു. വിവാഹത്തിന് എതിരായിരുന്ന ഇമാം പെണ്‍കുട്ടി ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യാമെന്നു സമ്മതിച്ചതോടെ വിവാഹത്തിനു സമ്മതിച്ചതെന്നും വാര്‍ത്തകളില്‍ സൂചനയുണ്ടായിരുന്നു. നവംബര്‍ 13നു വിവാഹം നടക്കുമെന്നും വിവാഹസത്കാരം 15നു നടക്കുമെന്നും ഇതിനായി ഡല്‍ഹി മഹിപാല്‍പുരിയിലെ ഫാം ഹൌസ് ഏര്‍പ്പാടാക്കി കഴിഞ്ഞു എന്നുമായിരുന്നു വാര്‍ത്ത.


എന്നാല്‍, ഈ വാര്‍ത്തകളെല്ലാം തങ്ങളെ ചുറ്റിപ്പറ്റി സംഘര്‍ഷങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കുന്നതിനുള്ള ഗൂഢാലോചനകളാണെന്നു സയ്യദ് അഹമ്മദ് ബുഖാരി ആരോപിച്ചു. കഴിഞ്ഞ നവംബര്‍ 22നാണ് അദ്ദേഹം മകനെ തന്റെ ഔദ്യോഗിക പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നത്.

നുണകളുടെ കൂമ്പാരമെന്നാണു ഈ വാര്‍ത്തകളോട് ജുമാ മസ്ജിദിലെ ഓഫീസ് ഇന്‍ ചാര്‍ജ് അമാനുള്ള പ്രതികരിച്ചത്. മധ്യേഷ്യയില്‍ നിന്നെത്തിയ ഇമാമിന്റെ കുടുംബം പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ജുമാ മസ്ജിദിന്റെ പരമ്പരാഗത പരിപാലകരും പുരോഹിതരുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.