കള്ളപ്പണം: പുതിയ കണക്കുമായി ആദായനികുതി വകുപ്പ്
കള്ളപ്പണം: പുതിയ കണക്കുമായി ആദായനികുതി വകുപ്പ്
Tuesday, January 10, 2017 2:38 PM IST
ന്യൂഡൽഹി: നോട്ട് നിരോധനത്തിനുശേഷം ബാങ്കുകളിൽ എത്തിയതിൽ നാലുലക്ഷം കോടിയോളം രൂപ കണക്കിൽപെടാത്ത കള്ളപ്പണമായിരുന്നെന്ന് ആദായനികുതി വകുപ്പ്. റദ്ദാക്കപ്പെട്ട നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ എത്തിയിരുന്നു. ഇവ ബാങ്കുകളിൽ എത്തിയതോടെ കള്ളപ്പണവേട്ട എന്ന ലക്ഷ്യം പൊളിഞ്ഞതായി വിമർശനം ഉയർന്നു. ഇതിനു തടയിടാനാണ് പുതിയ നിഗമനവുമായി ഗവൺമെന്റ് വന്നിരിക്കുന്നത്.മൂന്നുലക്ഷം കോടിക്കും നാലുലക്ഷം കോടിക്കും ഇടയിലുള്ള നിക്ഷേപം കള്ളപ്പണം ആകാമെന്നതു നിഗമനം മാത്രമാണ്. ആർക്കും നോട്ടീസയയ്ക്കുകയോ തുക പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല.

ധനകാര്യ വകുപ്പിന്റെ നിർദേശമനുസരിച്ച് ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ പരിശോധനയിലാണ് ബാങ്ക് അക്കൗണ്ടുകളിലൂടെ തിരിച്ചെത്തിയതിൽ കണക്കിൽപ്പെടാത്ത പണവുമുണ്ടെന്ന നിഗമനമുണ്ടായത്.വിശദമായ അന്വേഷണം നടത്തിവരികയാണെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചത്. നിക്ഷേപകർക്ക് നോട്ടീസ് അയയ്ക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

നവംബർ എട്ടിനുശേഷം മുതൽ 60 ലക്ഷം ബാങ്ക് അക്കൗണ്ടുകളിൽ രണ്ടു ലക്ഷത്തിലധികം രൂപയുടെ നിക്ഷേപമുണ്ടായി.നിഷ്ക്രിയ അക്കൗണ്ടുകളിൽ മാത്രം 25,000 കോടി രൂപ നിക്ഷേപമായെത്തി. വിവിധ സഹകരണ ബാങ്കുകളിലൂടെ 16,000 കോടി രൂപയുടെ നിക്ഷേപം എത്തിയതും ആദായ നികുതി വകുപ്പു പരിശോധിക്കും. ഗുജറാത്തിലെ രാജ്കോട്ട് സഹകരണ ബാങ്കിൽ സംശയാസ്പദമായ രീതിയിൽ 871 കോടി രൂപയുടെ നിക്ഷേപം വന്നെന്ന് ആദായ നികുതി വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു.


വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ 10,700 കോടി രൂപയുടെ നിക്ഷേപം വന്നു. നോട്ട് റദ്ദാക്കൽ നടപടിക്കു ശേഷം റദ്ദായ നോട്ടുകൾ ഉപയോഗിച്ചു വായ്പ തിരിച്ചടവായി 80,000 കോടി രൂപ ബാങ്കുകളിലെത്തി. റിജണൽ, റൂറൽ ബാങ്കുകളിൽ തിരിച്ചെത്തിയ 13,000 കോടി രൂപയെക്കുറിച്ചും അധികൃതർ അന്വേഷണം നടത്തും. ഭീകരവാദ ഭീഷണിയുള്ള പ്രദേശങ്ങളിലെ ബാങ്കുകളിൽ അക്കൗണ്ടുകളിലൂടെ തിരിച്ചെത്തിയ പണത്തെക്കുറിച്ചും അന്വേഷണം നടത്തി മതിയായ നടപടിയെടുക്കുമെന്നും ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.