ലോക് താന്ത്രിക് ജനതാദൾ; ശരത് യാദവിന്റ പുതിയ പാർട്ടി
Saturday, May 19, 2018 12:55 AM IST
ന്യൂഡൽഹി: ബിഹാറിൽ ബിജെപിയുമായി നിതീഷ് കുമാർ സഖ്യം ചേർന്നതിൽ പ്രതിഷേധിച്ച് ജെഡിയു വിട്ടു പുറത്തുവന്ന ശരദ് യാദവ് രൂപീകരിച്ച പുതിയ പാർട്ടി ലോക് താന്ത്രിക് ജനതാദൾ നിലവിൽവന്നു. ഡൽഹി തൽക്കത്തോറെ സ്റ്റേഡിയത്തിൽ ചേർന്ന എൽജെഡി പ്രഖ്യാപനത്തിൽ ശരദ് യാദവ് മുഖ്യാതിഥിയായി. രാജസ്ഥാൻ മുൻമന്ത്രി ഫാഥെ സിംഗ് ആണ് പാർട്ടിയുടെ സ്ഥാപക അധ്യക്ഷൻ.
വിഘടിച്ചുനിൽക്കുന്ന ജെഡിയു, ജെഡിഎസ് വിഭാഗങ്ങളിൽനിന്നുള്ള നേതാക്കളും അണികളും ഇന്നലെ നടന്ന ലോക് താന്ത്രിക് ജനതാദളിന്റെ പ്രഖ്യാപന കണ്വൻഷനിൽ പങ്കെടുത്തു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു, എൽഡിഎഫിൽ ചേക്കേറിയതിനു പിന്നാലെയാണ് ദേശീയ തലത്തിൽ പുതിയ പാർട്ടിയുടെ രൂപീകരണം നടന്നത്. ജെഡിയു, ജെഡിഎസ് ലയനത്തോടെ എൽഡിഎഫിൽ ഘടകകക്ഷിയാവുകയെന്ന തീരുമാനമായിരുന്നെങ്കിലും ഇപ്പോൾ ഇരു പാർട്ടികളിൽനിന്നുള്ളവർ പുതിയ പാർട്ടിയായ ലോക് താന്ത്രിക് ജനതാദളിന്റെ ഭാഗമാവുകയാണ് ചെയ്തത്. എന്നാൽ, ഇടതു സർക്കാരിൽ മന്ത്രിമാരും എംഎൽഎമാരുമായ മാത്യു ടി.തോമസ്, സി.കെ. നാണു, കെ. കൃഷ്ണൻകുട്ടി എന്നിവരടക്കമുള്ളവർ കൂറുമാറ്റ നിരോധന നിയമം നിലനിൽക്കുന്നതിനാൽ പുതിയ പാർട്ടിയിലേക്ക് മാറാൻ തയാറായിട്ടില്ല.
ജെഡിയു, ജെഡിഎസ് പാർട്ടികളിൽനിന്നുള്ളവർ ചേർന്നാണ് കേരളത്തിൽ പുതിയ പാർട്ടി നിലവിൽ വരികയെന്നതിനാൽ സ്ഥാനങ്ങൾക്കായി തർക്കം രൂക്ഷമാകാനും സാധ്യതയുണ്ട്. ലോക് താന്ത്രിക് ജനതാദളിന്റെ മെന്പർഷിപ്പ് കാന്പയിനിലും ഈ തർക്കം പ്രതിഫലിക്കാനും സാധ്യതയുണ്ട്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ പുതിയ ചുവടുവയ്പാണ് ലോക് താന്ത്രിക് ജനതദൾ എന്നാണ് നേതാക്കളുടെ അവകാശവാദം. കർണാടകയിലെ ബിജെപി യുടെ നടപടികളെ അപലപിച്ച് പ്രമേയം എൽജെഡി സ്ഥാപന സമ്മേളനം പാസാക്കി. കർണാടകയിലെ ബിജെപിയുടെ നടപടികളെ അപലപിച്ചു എം.പി. വിരേന്ദ്ര കുമാർ അവതരിപ്പിച്ച പ്രമേയം എൽജെഡി സ്ഥാപന സമ്മേളനം ഏകകണ്ഠമായി പാസാക്കി.
രാജ്യത്തെ സാധാരണക്കാരെയും കർഷകരെയും കൊള്ളയടിക്കുന്ന മോദി സർക്കാരിനെ 2019 ൽ ജനങ്ങൾ പരാജയപ്പെടുത്തുമെന്നു ശരദ് യാദവ് പറഞ്ഞു. ബിജെപിയുമായി സഖ്യമുണ്ടക്കുന്നതിൽ പ്രതിഷേധിച്ചു ശരദ് യാദവിനൊപ്പം ജെഡിയു വിട്ടവർ ഉൾപ്പെടെ 16 സോഷ്യലിസ്റ്റ് പാർട്ടികൾ ചേർന്നാണ് ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികളെ രൂക്ഷമായി വിമർശിച്ചാണ് എൽജെഡിയുടെ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ മതേതര ബദൽ കെട്ടിപ്പടുക്കുകയാണ് എൽജെഡിയുടെ ലക്ഷ്യമെന്ന് പ്രമേയം വ്യക്തമാക്കുന്നു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാങ്ങളിൽനിന്നുമുള്ള നേതാക്കളും പാർട്ടി സ്ഥാപന സമ്മേളനത്തിൽ പങ്കെടുത്തു.