ന്യൂയോര്‍ക്കില്‍ ഇന്ത്യക്കാരനെ ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ സബ്വേ സ്റേഷനില്‍ ഇന്ത്യക്കാരനെ യുവതി ട്രെയിനിനു മുന്നില്‍ തള്ളിയിട്ടുകൊന്നു. കോല്‍ക്കത്തയില്‍നിന്നു കുടിയേറിയ സുനന്ദോ സെന്‍(46) ആണു കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം സ്റേഷനു പുറത്തുകടന്ന് ജനത്തിരക്കില്‍ അപ്രത്യക്ഷയായ പ്രതിക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തിവരുന്നു.

ക്വീന്‍സ് സബ്വേ സ്റേഷനില്‍ വ്യാഴാഴ്ച രാത്രിയാണു സംഭവം. സ്റേഷനിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവതി ട്രെയിന്‍വരുന്ന സമയത്ത് എഴുന്നേറ്റ് എന്തോ പുലമ്പിക്കൊണ്ട് സുനന്ദോ സെന്നിനെ പിന്നില്‍നിന്ന് ട്രാക്കിലേക്കു തള്ളിയിടു കയായിരുന്നു. ഇതിനു പിന്നാലെ യുവതി സ്റേഷനില്‍നിന്നു പുറത്തുകടന്ന് തെരുവിലെ ജനക്കൂട്ടത്തില്‍ അപ്രത്യക്ഷയായി.


ചിന്നിച്ചിതറിയ മൃതശരീരം തിരിച്ചറിയാനായില്ല. മൃതദേഹത്തില്‍നിന്നു കണ്െടടുത്ത മൊബൈല്‍ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍വച്ചാണ് മരിച്ചത് സുനന്ദോ സെന്‍ ആണെന്നു തിരിച്ചറിഞ്ഞത്. ക്വീന്‍സില്‍ നാലു സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്ന സുനന്ദോ സെന്‍ അവിവാഹിതനാണ്. മാതാപിതാക്കള്‍ നേരത്തേ മരിച്ചിരുന്നു. സുനന്ദോ സെന്നിന് ആരുമായും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കൂടെത്താമസിച്ചിരുന്നവര്‍ പറഞ്ഞു.

കൃത്യം നടത്തിയ യുവതിക്ക് അഞ്ചടി അഞ്ച് ഇഞ്ച് ഉയരവും ഇരുപതു വയസ് പ്രായവും തോന്നിക്കുന്നതായി സ്റേഷനു സമീപമുള്ള വീഡിയോ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ വ്യക്തമായി. പ്രതിയുടെ രേഖാചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.