താമസമുറി പങ്കുവയ്ക്കുന്നതിനെതിരേ ഒമാനില്‍ പുതിയ നിയമം; മലയാളികള്‍ക്കു തിരിച്ചടിയാകും
Thursday, January 29, 2015 12:05 AM IST
സജീവന്‍ പൊയ്ത്തുംകടവ്

മസ്ക്കറ്റ്: ഒമാനില്‍ വിദേശ തൊഴിലാളികള്‍ താമസ സ്ഥലം പങ്കുവയ്ക്കുന്നതു തടയാന്‍ അധികൃതര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഷെയറിംഗ് അക്കമഡേഷന്‍ സംവിധാനത്തിനെതിരേ മസ്കറ്റ് മുനിസിപ്പാലിറ്റി പുതിയ വ്യവസ്ഥ കൊണ്ടുവന്നിരിക്കുകയാണ്.

ഇതുപ്രകാരം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ മുറി പങ്കുവച്ചു താമസിക്കുന്ന അവിദഗ്ധ തൊഴിലാളികളെയും പൂര്‍ണ വൈദഗ്ധ്യം ഇല്ലാത്തവരെയും ഒഴിപ്പിക്കും. ഇക്കാര്യത്തില്‍ സ്ത്രീകളെന്നോ പുരുഷനെന്നോ ഉള്ള പരിഗണന നല്‍കില്ലെന്നു മേയര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. മലയാളികളടക്കം സാധാരണക്കാരായ പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നതാണു പുതിയ തീരുമാനം.

എന്നാല്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ എന്നീ വിഭാഗക്കാര്‍ക്കു പുതിയ വ്യവസ്ഥയില്‍ ഇളവുണ്ട്. ഇവര്‍ക്കു വില്ലകളിലെ താമസം ഒരാള്‍ക്ക് ഒരു മുറി എന്ന നിലയ്ക്കു പങ്കുവയ്ക്കാം. വിദ്യാര്‍ഥികള്‍, പ്രഷണലുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്കു ബഹുനില കെട്ടിടങ്ങളിലെ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്തും പങ്കുവയ്ക്കാം. അപ്പാര്‍ട്ട്മെന്റുകളില്‍ ഒരു മുറിയില്‍ രണ്ടുപേരെ താമസിക്കാവൂ.


വൈദഗ്ധ്യമുള്ളവരെയോ അല്ലാത്തവരെയോ സ്ത്രീകളെയോ ഒരേ ഫ്ളാറ്റിലോ വില്ലയിലോ ഒരുമിച്ചു താമസിക്കാന്‍ അനുവദിക്കില്ല. ഈ വ്യവസ്ഥകള്‍ അനുസരിക്കാത്ത താമസ കരാറുകള്‍ മുനിസിപ്പാലിറ്റി പുതുക്കില്ല. ഇതോടെ ഇവര്‍ക്കു മുറി ഒഴിയേണ്ടി വരും.

താമസസ്ഥലം ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടില്ല. പൂര്‍ണ വൈദഗ്ധ്യം ഇല്ലാത്ത തൊഴിലാളികള്‍ക്കും പരിശീലനം കുറഞ്ഞവര്‍ക്കും ഇനി കരാര്‍ പുതുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.