മോദി മേയില്‍ ചൈനയിലേക്ക്; വിദേശകാര്യമന്ത്രി സുഷമ സ്വരാജും സെക്രട്ടറി എസ്. ജയശങ്കറും ചൈനയില്‍
മോദി മേയില്‍ ചൈനയിലേക്ക്; വിദേശകാര്യമന്ത്രി സുഷമ സ്വരാജും സെക്രട്ടറി എസ്. ജയശങ്കറും ചൈനയില്‍
Monday, February 2, 2015 12:25 AM IST
ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും. നാലു ദിവസത്തെ ചൈനാസന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇതു പ്രഖ്യാപിച്ചത്. തീയതി ഉടനെ തീരുമാനിക്കും.

മോദിയുടെ സന്ദര്‍ശനത്തിനു പശ്ചാത്തലമൊരുക്കാനാണു സുഷമയും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും എത്തിയത്. അതിര്‍ത്തി തര്‍ക്കത്തില്‍ സാമ്പ്രദായികമല്ലാത്ത പരിഹാരമാര്‍ഗം കണ്െടത്തുമെന്നും സുഷമ സ്വരാജ് പറഞ്ഞു. എന്തായിരിക്കും ഇതിന്റെ സ്വഭാവമെന്നു പറഞ്ഞില്ല. അതിര്‍ത്തിയടക്കം തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക പ്രതിനിധികളുടെ കൂടിക്കാഴ്ച മോദിയുടെ സന്ദര്‍ശനത്തിനു മുമ്പ് ഉണ്ടാകും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യയുടെ പ്രത്യേക പ്രതിനിധി. നിലവിലെ കൈവശരേഖ അതിര്‍ത്തിയായി അംഗീകരിക്കുക എന്നത് ഒരു പരിഹാരമാര്‍ഗമായി സമീപകാലത്തു നിര്‍ദേശിക്കപ്പെട്ടിരുന്നു. അമേരിക്കയുമായുള്ള അടുപ്പം ചൈനയോടുള്ള ബന്ധത്തെ ബാധിക്കില്ലെന്നു വ്യക്തമാക്കാനാണ് ഈ യാത്ര. സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിനാല്‍ തിരിച്ചുള്ള സന്ദര്‍ശനം പ്രതീക്ഷിച്ചിരുന്നതാണ്.

മോദി വരുന്നത് കൈലാസ് മാനസസരോവറിലേക്കു നാഥുലാ ചുരം വഴിയാകുമോ എന്നു വ്യക്തമായിട്ടില്ല. കൈലാസിലേക്കുള്ള ഈ വഴി തുറക്കാന്‍ ഷി ഡല്‍ഹിയിലെത്തിയപ്പോള്‍ സമ്മതിച്ചതാണ്. ഈ വഴി ഉദ്ഘാടനം ചെയ്തുകൊണ്ടു ചൈനയിലേക്കു കടക്കുന്നത് തനിക്ക് ആഭ്യന്തരരംഗത്ത് തിളക്കം കൂട്ടുമെന്നാണു മോദിയുടെ കണക്കുകൂട്ടല്‍.


ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പലവട്ടം ചൈന സന്ദര്‍ശിക്കുകയും ചൈനീസ് നേതാക്കളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തയാളാണു മോദി. മോദി പ്രധാനമന്ത്രിയായശേഷം മൂന്നു തവണ ഷിയുമായും ഒരു തവണ ചൈനീസ് പ്രധാനമന്ത്രി ലി കെ ചിയാംഗുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇത്തവണ പ്രസിഡന്റ് ഷിയുടെ പ്രവിശ്യയായ ഷാന്‍ ഷിയുടെ തലസ്ഥാനമായ ഷിയാനില്‍ മോദി പോയേക്കും.

മോദിയുടെ സംസ്ഥാനത്തു ഷിയെ കൊണ്ടുപോയതാണ്. സുഷമ സ്വരാജ് ഇന്നു പ്രസിഡന്റ് ഷിയുമായി ചര്‍ച്ച നടത്തും. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായി ചര്‍ച്ച നടത്തി. ഇന്നു റഷ്യയുടെയും ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇവിടെ നടക്കും.

ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ആറിന പരിപാടി നിര്‍ദേശിച്ചുകൊണ്ടാണു സുഷമ ഇവിടെ എത്തിയത്. പരസ്പര സഹകരണം കൂട്ടുക, വ്യാപാരം വര്‍ധിപ്പിക്കുക, മേഖലയിലും ആഗോളതലത്തിലും പൊതുതാത്പര്യമുള്ള കാര്യങ്ങളില്‍ യോജിച്ചുനീങ്ങുക, പുതിയ സഹകരണ പാതകള്‍ തുറക്കുക തുടങ്ങിയവയാണ് ആറിന പരിപാടിയില്‍ ഉള്ളത്. ഇന്ത്യയില്‍ ചൈനീസ് മൂലധനനിക്ഷേപം വര്‍ധിപ്പിക്കാനും ചൈനയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം കൂട്ടാനും സുഷമ ആവശ്യപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.