അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരാക്രമണം: 35 പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഭീകരാക്രമണം: 35 പേര്‍ കൊല്ലപ്പെട്ടു
Sunday, April 19, 2015 10:36 PM IST
ജലാലബാദ്: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദില്‍ ബാങ്കിനു സമീപം ഇന്നലെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരരാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ ഐഎസ് നടത്തുന്ന ആദ്യത്തെ വന്‍ ആക്രമണമാണിത്. ശമ്പളം വാങ്ങാന്‍ ബാങ്കിലെത്തിയ സര്‍ക്കാര്‍ ജീവനക്കാരാണു കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. മോട്ടോര്‍ ബൈക്കില്‍ സ്ഫോടകവസ്തുവുമായി എത്തിയ ചാവേര്‍ ഭടന്‍ സ്ഫോടനം നടത്തുകയായിരുന്നു. ജലാലബാദിലെ ഒരു തീര്‍ഥാടന കേന്ദ്രത്തിനു സമീപം രണ്ടാമതൊരു സ്ഫോടനംകൂടി നടന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ജലാലബാദ് ആക്രമണത്തെ താലിബാന്‍ അപലപിച്ചു. വിദേശികളെയും അഫ്ഗാന്‍ സൈനികരെയും ലക്ഷ്യമിട്ടാണ് താലിബാന്‍ സാധാരണ ആക്രമണങ്ങള്‍ നടത്താറുള്ളത്. ഇതിനിടയില്‍ സാധാരണക്കാരും കൊല്ലപ്പെടാറുണ്െടങ്കിലും സാധാരണക്കാര്‍ തടിച്ചുകൂടുന്ന മേഖലകള്‍ താലിബാന്‍ ഒഴിവാക്കുകയാണു പതിവ്. ജലാലബാദിലെ ആക്രമണം നീചകൃത്യമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും താലിബാന്‍ വക്താവ് സബീബുള്ള മുജാഹിദ് റോയിട്ടേഴ്സിനോടു പറഞ്ഞു.

കൊള്ള നടത്തുന്നതിനിടയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പൊതുസ്ഥലത്തു വധിച്ചതായി താലിബാന്‍ അറിയിച്ചു. ഇസ്്ലാമിക കോടതിയില്‍ വിചാരണ നടത്തിയശേഷമാണ് ഇവരെ വധിച്ചത്. കൈകള്‍ കെട്ടി കണ്ണുമൂടി മൂന്നുപേരെയും നിലത്തിരുത്തിയശേഷം എകെ47 റൈഫിള്‍ ഉപയോഗിച്ച് വെടിവച്ചുകൊല്ലുന്നതിന്റെ ദൃശ്യം ലഭിച്ചതായി റോയിട്ടേഴ്സ് അറിയിച്ചു.


ഇതിനിടെ പ്രതിരോധമന്ത്രി ഒഴിച്ചുള്ള 16 മന്ത്രിമാരുടെയും നിയമനം ഇന്നലെ അഫ്ഗാന്‍ പാര്‍ലമെന്റ് സ്ഥിരീകരിച്ചു. പ്രതിരോധമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രസിഡന്റിനും മുന്നണിയിലെ ഇതര കക്ഷികള്‍ക്കും യോജിപ്പിലെത്താനായിട്ടില്ല.

ഭീകരാക്രമണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പ്രതിരോധവകുപ്പിന് നാഥനില്ലാത്തതില്‍ സൈനിക കമാന്‍ഡര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തി. നാറ്റോ സൈനികരില്‍ ഭൂരിഭാഗവും സ്ഥലം വിട്ടതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നാട്ടുകാരായ സൈനികരും പോലീസുമാണ് ഭീകരരെ നേരിടുന്നത്.

നേരത്തെ ഒരുലക്ഷത്തിമുപ്പതിനായിരം സൈനികര്‍ വരെയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 12000 വിദേശ സൈനികര്‍ മാത്രമേയുള്ളു. ഇവര്‍ക്ക് ആക്രമണദൌത്യമില്ല. അഫ്ഗാന്‍ സൈനികരെ പരിശീലിപ്പിക്കുകയാണു പ്രധാന ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.