സൌദിയില്‍ ഷിയാ മോസ്കില്‍ ചാവേര്‍ ആക്രമണം: 20 മരണം
സൌദിയില്‍ ഷിയാ മോസ്കില്‍ ചാവേര്‍ ആക്രമണം: 20 മരണം
Saturday, May 23, 2015 11:47 PM IST
റിയാദ്: സൌദി അറേബ്യയുടെ കിഴക്കന്‍ മേഖലയിലെ ന്യൂനപക്ഷ ഷിയാ മോസ്കില്‍ ഇന്നലെ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

ഖാത്തിബ് പ്രവിശ്യയിലെ അലി ഇബ്ന്‍അബി താലെബ് മോസ്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടക്കുമ്പോഴായിരുന്നു ആക്രമണം.മോസ്കില്‍ ആക്രമണം നടന്നതായി സൌദി ആഭ്യന്തരമന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രം ലബനനിലെ അല്‍മനാര്‍ ടിവി സംപ്രേഷണം ചെയ്തു. ഷിയാ ഹിസ്ബുള്ള ഗ്രൂപ്പാണ് ഈ ടിവി ചാനലിന്റെ ഉടമസ്ഥര്‍.

ഷിയാകള്‍ക്ക് എതിരേ സോഷ്യല്‍ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ഖാത്തിബ് പ്രവിശ്യക്കാരിയായ നസീമാ അസാദ പറഞ്ഞു. ഇറാക്കിലും സിറിയയിലും നടക്കുന്ന അതിക്രമങ്ങള്‍ ഇവിടെ നടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ദേശീയ ഐക്യം തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മോസ്കില്‍ ഭീകരാക്രമണം നടത്തിയതിനു പിന്നിലുള്ളവരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.


പാക്കിസ്ഥാനില്‍നിന്ന് എത്തിയ ഭീകരനാണ് സ്ഫോടനം നടത്തിയതെന്ന് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു. അഫ്ഗാന്‍കാരനാണ് ചാവേറെന്നും സംശയമുണ്ട്. സുന്നി ഭരണത്തിലുള്ള സൌദി അറേബ്യയില്‍ ഷിയാകള്‍ ന്യൂനപക്ഷമാണ്. ജനസംഖ്യയുടെ 10-15% മാത്രം.

കിഴക്കന്‍ സൌദി അറേബ്യയില്‍ താമസിക്കുന്ന ഷിയാകളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ കുറവാണെന്നും ആരോപണമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.