97 ഭീകരരെ പാക് സേന അറസ്റു ചെയ്തു
Saturday, February 13, 2016 11:46 PM IST
കറാച്ചി: വിവിധ ഭീകരാക്രമണക്കേസുകളില്‍ ഉള്‍പ്പെട്ട 97 പേരെ സമീപനാളുകളില്‍ അറസ്റുചെയ്തതായി പാക് സൈന്യം അറിയിച്ചു. കറാച്ചിയിലെ മെഹ്റാന്‍ എയര്‍ബേസ്, ജിന്നാ വിമാനത്താവളം,കമ്രായിലെ വ്യോമത്താവളം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടവരാണ് അറസ്റിലായത്.

ഇവര്‍ പുതുതായി ഏതാനും ആക്രമണങ്ങള്‍ക്കു കൂടി പദ്ധതിയിട്ടിരുന്നതായി സൈനിക വക്താവ് ലഫ്റ്റനന്റ് ജനറല്‍ അസിം സലിം ബജ്്വാ പത്രസമ്മേളനത്തില്‍ അറിയിച്ചു. അല്‍ക്വയ്ദ, പാക് താലിബാന്‍, ലഷ്കര്‍ ഇ ജാംഗ്വി എന്നീ ഭീകരസംഘടനകളില്‍പ്പെട്ടവരാണു പിടിയിലായത്.

അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേണല്‍ ലേഖകന്‍ ഡാനിയല്‍ പേളിനെ കഴുത്തറത്തുകൊന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അല്‍ക്വയ്ദ ഭീകരന്‍ ഉമര്‍ ഷേക്കിനെ ഹൈദരാബാദ് ജയില്‍ ആക്രമിച്ചു മോചിപ്പിക്കാനുള്ള ഭീകരരുടെ ശ്രമം തടയാനായെന്നും സൈനിക വക്താവ് അറിയിച്ചു. ജയിലിലെ നൂറോളം തടവുകാരെ മോചിപ്പിക്കാനും ഏതാനും പേരെ വധിക്കാനുമായിരുന്നു പദ്ധതി.

സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട അല്‍ക്വയ്ദ ഭീകരന്‍ അഹമ്മദ് ഉമര്‍ സയിദ് ഷേക്കിനെയും ജയിലില്‍നിന്നു മോചിപ്പിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടു.


ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ക്വയ്ദയുടെ ഡെപ്യൂട്ടി മേധാവി ഫറൂക്ക് ഭട്ടി, സംഘടനയ്ക്ക് ധനസഹായം ചെയ്തിരുന്ന 12 പേര്‍, 15 സ്ഫോടക വസ്തു വിദഗ്ധര്‍ എന്നിവര്‍ അറസ്റിലായവരില്‍ ഉള്‍പ്പെടുന്നു. ലഷ്കര്‍ ഇ ജാംഗ്വി എന്ന ഭീകരസംഘടനയുടെയും പാക് താലിബാന്റെയും പ്രവര്‍ത്തകരും പിടിയിലായി.

ഇവര്‍ എല്ലാവരും പരസ്പരം സഹകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നതെന്നു സൂചനയുണ്ട്. മൂന്നു സംഘടനകളില്‍നിന്നും പിടികൂടിയ മൂന്നു കമാന്‍ഡര്‍മാരെ റിപ്പോര്‍ട്ടര്‍മാരുടെ മുമ്പാകെ ഹാജരാക്കി.

ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയായ കറാച്ചിയില്‍നിന്നു ഭീകരരെ തുരത്താനുള്ള നീക്കം തുടങ്ങിയത് 2013ലാണ്.

പാക് റേഞ്ചേഴ്സ് എന്ന സൈനിക വിഭാഗത്തെയാണ് ഇതിനായി നിയോഗിച്ചത്. ഇതിനകം 7000 റെയ്ഡുകള്‍ നടത്തിയെന്നും തീവ്രവാദികളുമായി ബന്ധമുണ്ടന്നു കരുതുന്ന പതിനായിരത്തിലധികം പേരെ കസ്റഡിയിലെടുത്തുവെന്നും സൈനിക വക്താവ് ചൂണ്ടിക്കാട്ടി. സൈനിക നടപടികളെത്തുടര്‍ന്നു ഭീകരാക്രമണത്തില്‍ ഗണ്യമായ കുറവുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.