കിം ജോംഗ് ഉന്നിന്റെ മാതൃസഹോദരി അമേരിക്കയിൽ; ഉപജീവനമാർഗം ഡ്രൈക്ലീനിംഗ്
കിം ജോംഗ് ഉന്നിന്റെ മാതൃസഹോദരി അമേരിക്കയിൽ; ഉപജീവനമാർഗം ഡ്രൈക്ലീനിംഗ്
Saturday, May 28, 2016 12:44 PM IST
വാഷിംഗ്ടൺ: ഉത്തരകൊറിയയുടെ ഏകാധിപതിയായ കിം ജോഗ് ഉന്നിന്റെ മാതൃസഹോദരി കോ യോംഗ് സുക് അമേരിക്കയിൽ താമസിക്കുന്നതായി റിപ്പോർട്ട്. 1998ൽ അമേരിക്കയിൽ കുടിയേറിയ ഇവർ ഡ്രൈക്ലീനിംഗ് ഷോപ്പ് നടത്തിയാണ് ഉപജീവനമാർഗം കണ്ടെത്തുന്നത്.

ഉത്തരകൊറിയയുടെ മുൻ ഭരണാധികാരിയായ കിം ജോഗ് ഇല്ലിന്റെ ഭാര്യ കോ യോംഗ് ഹുയിയുടെ സഹോദരിയാണ് അമേരിക്കയിൽ താമസമാക്കിയ കോ യോംഗ് സുക്. ഭർത്താവ് റി ഗ്യാംഗിയും മൂന്നു കുട്ടികളും ഇവർക്കൊപ്പമുണ്ട്.

കുട്ടിക്കാലത്ത് കിം ജോംഗ് ഉൻ സ്വിറ്റ്സർലൻഡിൽ കഴിയവെ യോംഗ് സുക് ആയിരുന്നു പരിചരിച്ചത്. കിം ദേഷ്യക്കാരനായിരുന്നു എന്നും കളി തടസപ്പെടുത്തി പഠിക്കാൻ ആവശ്യപ്പെട്ടാൽ എതിർത്ത് ഒന്നും പറയാറുണ്ടായിരുന്നില്ല എന്നും അവർ ഓർമ്മിച്ചു. പക്ഷേ, ഭക്ഷണം ഉപേക്ഷിച്ചും മറ്റു പലതരത്തിലുമായിരുന്നു അവന്റെ പ്രതിഷേധമെന്ന് കോ യോംഗ് വാഷിംഗ്ടൺ പോസ്റ്റിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.


തന്റെ മകനും കിമ്മും ജനിച്ചത് ഒരു സമയത്തായിരുന്നു. അത് മുമ്പ് പ്രചരിച്ചിരുന്നപോലെ 1982, 83 അല്ല, 1984ലാണ് കിം ജനിച്ചത്. ബാസ്കറ്റ്ബോൾ കളി ജീവനുതുല്യം സ്നേഹിച്ച കിം ഉറക്കത്തിൽപോലും പന്ത് സമീപം സൂക്ഷിച്ചിരുന്നു.

മൈക്കിൾ ജോർദ്ദാന്റെ കടുത്ത ആരാധകനായ കിം ഡെന്നീസ് റോഡ്മാനായി പലവട്ടം വിരുന്നൊരുക്കിയിട്ടുണ്ട്. 1992ൽ കിമ്മിന്റെ എട്ടാം പിറന്നാൾ ദിനത്തിൽ സൈനിക വേഷം സമ്മാനമായി ലഭിച്ചപ്പോൾത്തന്നെ താൻ ഉത്തരകൊറിയയുടെ പരമാധികാരി ആകുമെന്ന് കിം ഉറപ്പിച്ചിരുന്നു. എന്നാൽ, അമേരിക്കയോടുള്ള വൈര്യത്തിനു കാരണം ഇന്നും ആർക്കും വ്യക്‌തമല്ല– കോ യോംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.