മതനേതാക്കളുമായി ഒളാന്ദ് കൂടിക്കാഴ്ച നടത്തി
മതനേതാക്കളുമായി ഒളാന്ദ് കൂടിക്കാഴ്ച നടത്തി
Wednesday, July 27, 2016 12:13 PM IST
പാരിസ്: വടക്കൻ ഫ്രാൻസിലെ ദേവാലയത്തിൽ വൈദികനെ രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാജ്യ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയർന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

ഒരേ കുടുംബത്തിലെ അംഗങ്ങളെ തമ്മിലടിപ്പിക്കുന്ന ഐഎസിന്റെ പാതയിലേക്കു തങ്ങൾ നീങ്ങില്ലെന്നു പാരീസ് ആർച്ച്ബിഷപ് കർദിനാൾ ആന്ദ്രേ വിഗന്റ് ടോറിസ് പ്രസിഡന്റിന്റെ കൊട്ടാരമായ എലീസി പാലസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. രാജ്യത്തെ ആരാധനാലയങ്ങൾക്കെല്ലാം സുരക്ഷ ഏർപ്പെടുത്തുന്നത് അസാധ്യമാണെന്നും ഇവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഒരോരുത്തർക്കുമുണ്ടെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പ്രോട്ടസ്റ്റന്റ് നേതാവ് ഫ്രാൻസ്വോ ക്ലവൈറോളി പറഞ്ഞു.

ഫ്രഞ്ച് ദേശീയ ദിനാഘോഷച്ചടങ്ങിനിടെ നീസിൽ 82 പേർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നു രാജ്യ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം ആശങ്ക ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണു വൈദികന്റെ കൊലപാതകം.

ഷാർളി എബ്ദോ ഭീകരാക്രമണത്തിനുശേഷം ഫ്രാൻസ് അഭിമുഖീകരിച്ച ഏറ്റവും വലിയ കൂട്ടക്കൊലയാണ് നീസിൽ നടന്നതെന്നു മുൻ പ്രസിഡന്റ് നിക്കോളാസ് സർകോസി പറഞ്ഞു. അടുത്ത വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി സ്‌ഥാനാർഥിയായി സർകോസി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്. സംശയിക്കപ്പെടുന്നവരെ മുഴുവൻ തടവിലാക്കണമെന്നും ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസിയുടെ എസ് ഫയൽ റിപ്പോർട്ടിലുള്ള 10,500 പേർക്കെതിരേ നടപടി സ്വീകരിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, ഇത്തരം തടങ്കലിലാക്കൽ ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ് സർകോസിയുടെ നിർദേശത്തെ ആഭ്യന്തരമന്ത്രി ബെർണാർദ് കസന്യൂവ് തള്ളി. തീവ്രവാദ പ്രവർത്തനങ്ങളിൽ സംശയമുള്ളവരെ എസ് ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവരെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം യൂറോ 1 റേഡിയോയിൽ പറഞ്ഞു.

റുവാൻ നഗരത്തിലെ സാൻ എറ്റ്യൻ ഡു റൂവ്റ ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കിടെ എത്തിയ രണ്ട് ഐഎസ് ഭീകരർ മൂന്നു പേരെ ബന്ദിയാക്കിയ ശേഷമാണു വൈദികൻ ഫാ. ഷാക് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സിറിയയിൽ ഐഎസ് വിരുദ്ധയുദ്ധത്തിൽ അമേരിക്കയ്ക്കൊപ്പം ഫ്രാൻസ് പങ്കെടുക്കുന്നതിന്റെ മറുപടിയാണ് വൈദികന്റെ കൊലപാതകമെന്നു അമാഖ് വാർത്താ ഏജൻസിയിലൂടെ ഐഎസ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീടു വിട്ടു. അക്രമികളിൽ ഒരാളായ അബേൽ കെർമിച്ച് റുവൻ സ്വദേശിയാണ്. ഐഎസ് പോരാളിയായി സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു.

സിറിയയിലേക്ക് കടക്കാൻ തുർക്കിയിൽ നുഴഞ്ഞുകയറിയ ഇയാളെ ഫ്രാൻസിലേക്കു തിരിച്ചയച്ചു. ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയാണ് ആക്രമണം നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.