വൈദികവധം: ഘാതകൻ ഐഎസിൽ ചേരാൻ രണ്ടുവട്ടം പോയി
വൈദികവധം: ഘാതകൻ ഐഎസിൽ ചേരാൻ രണ്ടുവട്ടം പോയി
Wednesday, July 27, 2016 12:13 PM IST
പാരീസ്: ഫ്രാൻസിൽ നോർമണ്ടിയിലെ സാൻ എറ്റ്യൻ ഡു റൂവ്റയിൽ വൃദ്ധവൈദികനെ വധിച്ചവരിൽ ഒരാൾ സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരതയിൽ ആകൃഷ്‌ടനായ പത്തൊമ്പതുകാരൻ. അൾജീരിയയിൽ ജനിച്ചു ഫ്രാൻസിലേക്കു കുടിയേറിയ അഡെൽ കെർമിഷ് എന്ന ഈ യുവാവ് സിറിയയിൽ ഐഎസ് പരിശീലനത്തിനു പോകാൻ രണ്ടുവട്ടം ശ്രമിച്ചതാണ്.

2015 മാർച്ചിലെ ശ്രമത്തിൽ ജർമനിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. സഹോദരന്റെ പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു യാത്രാശ്രമം. ഫ്രാൻസിലേക്കു തിരിച്ചയയ്ക്കപ്പെട്ട അഡെൽ ഒരുമാസത്തിനു ശേഷം വീണ്ടും നാടുവിട്ടു. ഇത്തവണ തുർക്കി അതിർത്തിയിൽ പിടിക്കപ്പെട്ടു. മേയ്മാസത്തിൽ തിരിച്ചുവന്ന അഡെൽ മാസങ്ങളോളം ജയിലിൽ കഴിഞ്ഞു.

പിന്നീട് വീട്ടുതടങ്കലിലേക്കും ഇലക്ട്രോണിക് നിരീക്ഷണത്തിലേക്കും മാറ്റി. ദേഹത്ത് ഒരു ഇലക്ട്രോണിക് ബ്രേസ്ലെറ്റ് അണിയാനും വ്യവസ്‌ഥ ചെയ്തു. രാവിലെ 8.30–നും ഉച്ചയ്ക്ക് 12.30–നും ഇടയ്ക്കു മാത്രമേ വീട്ടിൽനിന്നു പുറത്തുപോകാൻ അനുവാദമുണ്ടായിരുന്നുള്ളു.

ചൊവ്വാഴ്ച ഫാ. ഷാക് ഹാമെലിനെ വധിക്കാൻ പോയപ്പോൾ ഇയാൾ ബ്രേസ്ലെറ്റിലെ ഇലക്ട്രോണിക് സംവിധാനം ഓഫ് ചെയ്തിരുന്നു.

സാൻ എറ്റ്യൻ ഡു റൂവ്റയിലെ പള്ളിയിൽനിന്ന് അധികം അകലെയല്ല അഡെലിന്റെ വീട്. ഇയാളുടെ അമ്മ പ്രഫസറും സഹോദരി ഡോക്ടറുമാണ്. ഒരു സഹോദരനുമുണ്ട്. മതാചാരങ്ങളിൽ വലിയ നിഷ്ഠയില്ലാത്ത കുടുംബത്തിൽപ്പെട്ട ഇയാൾ ഒന്നരവർഷം മുമ്പാണ് ഐഎസിലേക്ക് ആകർഷിക്കപ്പെട്ടത്. ഷാർളി എബ്ദോ വാരികയുടെ ഓഫീസിൽ ഐഎസ് ആക്രമണം നടന്നശേഷമായിരുന്നു അത്. അതിവേഗം തീവ്രവാദിയായ ഇയാളെ ഇലക്ട്രോണിക് നിരീക്ഷണത്തിലാക്കണമെന്ന് അമ്മ തന്നെയാണു പോലീസിനോട് ആവശ്യപ്പെട്ടത്.

ഇയാളോടൊപ്പം വൈദികനെ വധിക്കാൻ കൂടിയത് അബ്ദൽ മാലിക് എന്നയാളാണ്. പക്ഷേ, ഡിഎൻഎ പരിശോധന വഴി ആളെ തിരിച്ചറിഞ്ഞിട്ടേ പോലീസ് അതു പരസ്യപ്പെടുത്തൂ. ആക്രമണവുമായി ബന്ധപ്പെട്ട് 15 വയസുള്ള ഒരാളെ പോലീസ് പിടിച്ചിട്ടുണ്ട്. ഒരുവർഷം മുമ്പ് ഐഎസിൽ ചേരാൻ പോകുംവഴി പിടിക്കപ്പെട്ട ഒരാളുടെ സഹോദരനാണിയാൾ.


സാൻ എറ്റ്യനിലെ പള്ളി വികാരി ഒരുമാസം അവധിയിലായതുകൊണ്ടാണ് ഫാ. ഹാമൽ ചൊവ്വാഴ്ച അവിടെ ദിവ്യബലി അർപ്പിക്കേണ്ടിവന്നത്. ഫാ. ഹാമൽ ഓഗസ്റ്റിൽ അവധിയെടുക്കാനിരുന്നതാണ്.

രാവിലെ ദിവ്യബലിക്കിടെ പള്ളിയിൽ കയറിയ രണ്ടു ഭീകരർ അകത്തുണ്ടായിരുന്നവരെ ബന്ദികളാക്കി. മൂന്നു കന്യാസ്ത്രീമാരും രണ്ടു വിശ്വാസികളും അച്ചനും ബന്ദികളായി. അൾത്താരയിൽ കയറിയ ഭീകരർ അറബിയിൽ എന്തോ ചൊല്ലിയതായി ഇടയ്ക്ക് അവിടെനിന്നു പുറത്തുകടന്നു രക്ഷപ്പെട്ട സിസ്റ്റർ ഡാനിയേൽ പറ ഞ്ഞു. പിന്നീട് അച്ചനെ മുട്ടുകുത്തി നിർത്തിച്ച് കഴുത്തറക്കുകയായിരുന്നു. ഒരു വിശ്വാസിയുടെയും കഴുത്തറത്തെങ്കിലും അദ്ദേഹം മരിച്ചില്ല.

സിസ്റ്റർ ഡാനിയേൽ ആണു പോലീസിനെ വിവരമറിയിച്ചത്. പോലീസും സുരക്ഷാസേനയും പള്ളിവളഞ്ഞപ്പോൾ ബന്ദികളെ മുന്നിൽനിർത്തിയാണു ഭീകരർ പ്രതിരോധിച്ചത്. ഒടുവിൽ ബന്ദികളുമായി പുറത്തുവന്നപ്പോൾ സുരക്ഷാസേന ഭീകരരെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പുറത്തുവരുമ്പോഴും ഭീകരർ അല്ലാഹു അക്ബർ എന്നു വിളിച്ചിരുന്നെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

<ആ>അവസാന ശ്വാസംവരെ ഞാൻ ജോലിചെയ്യും

സാൻ എറ്റ്യനിൽനിന്ന് എട്ടുകിലോമീറ്റർ അകലെയാണ് ഫാ. ഷാക് ഹാമൽ 1930 നവംബർ 30നു ജനിച്ചത്. 1958 ജൂൺ 30നു വൈദികനായി. വിവിധ ദേവാലയങ്ങളിൽ വികാരിയായി പ്രവർത്തിച്ച ശേഷം 2000ൽ സാൻ എറ്റ്യനിൽ എത്തി. 2005 മുതൽ അവിടെ സഹവികാരിയാണ്.അദ്ദേഹത്തിന് രണ്ടു സഹോദരിമാരുണ്ട്. ഒരാൾ സാൻ എറ്റ്യനിലും ഒരാൾ നോർമണ്ടിയിൽ കുറേക്കൂടി വടക്കും.

ഇടവകക്കാർക്കു വളരെ ഇഷ്‌ടപ്പെട്ട വൈദികനായിരുന്നു ഫാ. ഹാമൽ എന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വിശ്രമിക്കാറായില്ലേ എന്നു ചോദിച്ചാൽ അച്ചന്മാർ റിട്ടയർ ചെയ്യാറില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവസാനശ്വാസംവരെ താൻ ജോലിചെയ്യും എന്നും അദ്ദേഹം പറഞ്ഞിരുന്നു. അൾത്താരയിൽ ദിവ്യബലി അർപ്പിക്കുന്നതിനിടെ രക്‌തസാക്ഷിത്വം വരിച്ച് ആ വൈദികജീവിതം അവസാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.