പരീക്ഷണപ്പറക്കൽ പരാജയം; ആകാശക്കപ്പൽ തകർന്നുവീണു
പരീക്ഷണപ്പറക്കൽ പരാജയം; ആകാശക്കപ്പൽ തകർന്നുവീണു
Wednesday, August 24, 2016 11:16 AM IST
ലണ്ടൻ: ആറ് ഡബിൾഡക്കർ ബസുകളുടെ വലുപ്പം, വലിയ ജെറ്റ് വിമാനത്തേക്കാൾ വലുപ്പം, വിവിധ വാഹനങ്ങളുടെ സമ്മിശ്ര രൂപം എന്നിങ്ങനെ വിശേഷണങ്ങൾ തീരാത്ത വാഹനമാണ്, അല്ല ആകാശക്കപ്പലാണ് എയർലാൻഡർ 10.

ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പൽ എന്ന വിശേഷണത്തോടെ രണ്ടാം പരീക്ഷണപ്പറക്കൽ നടത്തിയ എയർലാൻഡർ തകർന്നുവീണു. മൂക്കു കുത്തി നിലത്ത് പതിച്ചതിനാൽ സാരമായ തകരാർ സംഭവിച്ചു. ചരിത്രം സൃഷ്‌ടിക്കാൻ പറന്നുയർന്ന എയർലാൻഡർ ലാൻഡിംഗിന് ഏതാനും മിനിറ്റുകൾക്കു മുമ്പ് ടെലിഗ്രാഫ് പോസ്റ്റിൽ തട്ടിയാണ് നിലത്തുവീണത്. കിഴക്കൻ ഇംഗ്ലണ്ടിലെ കാർഡിംഗ്ടൺ എയർഫീൽഡിലാണ് സംഭവം.

പേടകം നന്നായി പറന്നുവെന്നും നിലത്തിറങ്ങിയപ്പോൾ മാത്രമാണ് കേടുപാടുകൾ സംഭവിച്ചതെന്നും ഹൈബ്രിഡ് എയർ വെഹിക്കിൾസ് (എച്ച്എവി) അറിയിച്ചു. എയർലാൻഡറിന്റെ നിർമാതാക്കളാണ് എച്ച്എവി. 3.3 കോടി ഡോളറാണ് പേടകത്തിന്റെ നിർമാണച്ചെലവ്. ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ പേടകത്തിലുണ്ടായിരുന്നു ജീവനക്കാർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. കോക്ക്പിറ്റിനാണ് തകരാർ.

അമേരിക്കൻ സേനയ്ക്ക് ആകാശനിരീക്ഷണത്തിനുവേണ്ടി വികസിപ്പിച്ചെടുത്തതാണ് എയർലാൻഡർ. ആദ്യം മാർത്താ ഗ്വൈൻ എന്നായിരുന്നു പേരു നല്കിയത്. എന്നാൽ, പ്രതിരോധമേഖലയിലെ ചെലവുചുരുക്കലിന്റെ ഭാഗമായി എയർലാൻഡർ പദ്ധതി അമേരിക്ക ഉപേക്ഷിച്ചു. പിന്നീട് ഇംഗ്ലണ്ട് ഇത് ഏറ്റെടുക്കുകയായിരുന്നു.


വിമാനം, ഹെലികോപ്റ്റർ, കപ്പൽ എന്നിവയുടെ സമ്മിശ്ര രൂപമായ എയർലാൻഡറിന് 92 മീറ്റർ നീളമുണ്ട്. ഏറ്റവും വലിയ യാത്രാ ജെറ്റ് വിമാനങ്ങളേക്കാളും 15 മീറ്റർ അധികമാണിത്. പരമാവധി വേഗം മണിക്കൂറിൽ 92 കിലോമീറ്റർ. പേടകത്തിന്റെ ഇന്ധനം ഹീലിയം വാതകമാണ്. 17ന് ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഇപ്പോഴുള്ള അപകടം നിർമാതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.

എല്ലാ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പൂർത്തിയായാൽ പര്യവേഷണം, വാർത്താവിനിമയം, അവശ്യ സഹായങ്ങൾ എന്നിവയ്ക്കു മാത്രമല്ല യാത്രാവാഹനമായും എയർലാൻഡറിനെ ഉപയോഗിക്കാൻ കഴിയുമെന്ന് നിർമാതാക്കളായ എച്ച്എവി അവകാശപ്പെടുന്നുണ്ട്. 48 യാത്രക്കാരെ വഹിക്കാനുള്ള ശേഷി പേടകത്തിനുണ്ട്.

മറ്റു യാത്രാ വിമാനങ്ങളെപ്പോലെ റൺവേകൾ എയർലാൻഡറിന് ആവശ്യമില്ല. തുറസായ സ്‌ഥലങ്ങളിലോ മരുഭൂമിയിലോ ഐസിലോ എന്തിന്, ജലാശയങ്ങളിൽപോലും ലാൻഡ് ചെയ്യാൻ ഈ ആകാശക്കപ്പലിനു കഴിയും.

2021 ആകുമ്പോഴേക്കും 10 എയർലാൻഡർ ആകാശക്കപ്പലുകൾ നിർമിച്ച് വിൽക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അഞ്ചു ദിവസം വരെ ആകാശത്ത് നിൽക്കാൻ പേടകത്തിനു കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. എയർലാൻഡർ 50 എന്ന ആകാശക്കപ്പൽ നിർമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. 50 ടൺ ഭാരം വഹിക്കാൻ കഴിയുന്നതായിരിക്കും ഇവ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.