തീവ്രവാദികളെ പാക്കിസ്‌ഥാൻ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യാവിരുദ്ധത മൂലം: അഫ്ഗാനിസ്‌ഥാൻ
തീവ്രവാദികളെ പാക്കിസ്‌ഥാൻ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യാവിരുദ്ധത മൂലം: അഫ്ഗാനിസ്‌ഥാൻ
Wednesday, September 21, 2016 12:25 PM IST
ന്യൂയോർക്ക്: ഇന്ത്യ വിരുദ്ധതയാണ് തീവ്രവാദികളോട് പാക്കിസ്‌ഥാൻ മൃദുസമീപനം സ്വീകരിക്കാൻ കാരണമെന്ന് അഫ്ഗാനിസ്‌ഥാൻ. സൈന്യവും സിവിലിയന്മാരും തമ്മിലുള്ള ആഭ്യന്തര പിരിമുറുക്കവും അയൽ രാജ്യങ്ങളുമായി വിശ്വാസ്യതയില്ലാത്തതുമാണ് പാക്കിസ്‌ഥാന്റെ പ്രശ്നങ്ങളുടെ കാരണമെന്നും അഫ്ഗാൻ വിദേശകാര്യമന്ത്രി സലൗഹുദ്ദീൻ റബ്ബാനി പറഞ്ഞു. താലിബാൻ അടക്കമുള്ള തീവ്രവാദികളുമായി പോരാടുന്നതിൽ പാക്കിസ്‌ഥാന്റെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അഫ്ഗാനിസ്‌ഥാനും പാക്കിസ്‌ഥാനും പരസ്പര വിശ്വാസ്യത കുറവാണ്. താലിബാനെതിരായ പോരാട്ടത്തിനുശേഷം പുതിയ സർക്കാർ നിലവിൽവന്നപ്പോൾ പാക്കിസ്‌ഥാനുമായി ഒരു പുതിയ ബന്ധത്തിനു ശ്രമിച്ചിരുന്നു. എന്നാൽ, താലിബാൻ അടക്കമുള്ള തീവ്രവാദ സംഘടനകൾക്ക് പാക്കിസ്‌ഥാനിൽനിന്ന് സാമ്പത്തിക, സായുധ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും റബ്ബാനി പറഞ്ഞു. നല്ലതും ചീത്തയും എന്നുള്ള വേർതിരിവ് ഭീകരവാദത്തിനു നല്കുന്നിടത്തോളം കാലം തീവ്രവാദത്തെ തുടച്ചു നീക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അഫ്ഗാനിലെ നിരവധി പ്രവിശ്യകളിൽ തീവ്രവാദികൾ യുദ്ധം ചെയ്യുന്നുണ്ട്. പിന്തുണയും സഹായവും ലഭിക്കാതെ ഇതു സാധ്യമല്ല. ഇതിന്റെയെല്ലാം തായ്വേര് പാക്കിസ്‌ഥാനിലാണ്. മേയിൽ നടന്ന വ്യോമാക്രമണത്തിൽ താലിബാൻ നേതാവ് മുല്ല അക്‌തർ മുഹമ്മദ് കൊല്ലപ്പെട്ടത് പാക്കിസ്‌ഥാൻ അതിർത്തിക്കുള്ളിൽവച്ചായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.