കെനിയയിൽ സോമാലിയൻ ഭീകരരുടെ ആക്രമണം; 12 മരണം
കെനിയയിൽ സോമാലിയൻ ഭീകരരുടെ ആക്രമണം; 12 മരണം
Tuesday, October 25, 2016 12:36 PM IST
നയ്റോബി: കെനിയയിൽ സോമാലിയൻ ഭീകരഗ്രൂപ്പായ അൽഷബാബ് നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മൻഡേര കൗണ്ടിയിലെ ബിഷാരോ ഗസ്റ്റ് ഹൗസിൽ നടത്തിയ ആക്രമണത്തിൽ ലക്ഷ്യംവച്ചതു ക്രൈസ്തവരെയായിരുന്നുവെന്നു ഭീകര ഗ്രൂപ്പിന്റെ വകയായ അൻഡാലൂസ് റേഡിയോ സ്റ്റേഷൻ സംപ്രേഷണം ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

ഗ്രനേഡുകളും നാടൻ ബോംബുകളും എറിഞ്ഞ് ഗസ്റ്റ് ഹൗസിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച തോക്കുധാരികൾ പിന്നീട് മുറികളിൽ തെരച്ചിൽ നടത്തി അന്തേവാസികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നു ഗസ്റ്റ്ഹൗസിൽ താമസിച്ചിരുന്ന വെറോനിക്കാ വാംബുയി എന്ന നടി പറഞ്ഞു. സ്റ്റോർ മുറിയിൽ ഒളിച്ചിരുന്നതുകൊണ്ടാണു താനും സഹപ്രവർത്തകരിൽ ചിലരും രക്ഷപ്പെട്ടതെന്നും അവർ വ്യക്‌തമാക്കി.


മൻഡേര മേഖലയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ ഭീകരർ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. സോമാലിയൻ സർക്കാരിനെ താഴെയിറക്കാൻ 2007 മുതൽ സായുധസമരം നടത്തുന്ന ഇസ്ലാമിസ്റ്റ് ഭീകരഗ്രൂപ്പാണ് അൽഷബാബ്. സോമാലിയൻ സർക്കാരിനെ സഹായിക്കാനായി 2011ൽ കെനിയ സൈന്യത്തെ അയച്ചുകൊടുത്തതിനെത്തുടർന്ന് കെനിയയിലും ഈ ഭീകരഗ്രൂപ്പ് ആക്രമണങ്ങൾ പതിവാക്കി.

കെനിയൻ തലസ്‌ഥാനമായ നയ്റോബിയിലെ വെസ്റ്റ്ഗേറ്റ് ഷോപ്പിംഗ് മാളിൽ 2013ൽ അൽഷബാബ് നടത്തിയ ആക്രമണത്തിൽ 67 പേർക്കു ജീവഹാനി നേരിടുകയു ണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.