തൊഴിലന്വേഷകര്‍ക്കു സന്തോഷവാര്‍ത്ത
Friday, July 3, 2015 11:30 PM IST
ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റില്‍ വന്‍വളര്‍ച്ച

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ജൂണില്‍ അവസാനിച്ച ആറുമാസത്തിനിടെ ഓണ്‍ലൈന്‍ വഴിയുള്ള റിക്രൂട്ട്മെന്റില്‍ 32 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. രണ്ടാംനിര നഗരങ്ങളില്‍ കൊച്ചിയാണ് കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. 47 ശതമാനത്തിന്റെ വര്‍ധനവാണ് ഇവിടെയുണ്ടായത്. ഓണ്‍ലൈന്‍ ജോബ്പോര്‍ട്ടലായ മോണ്‍സ്റ്ററിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ് രംഗത്താണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് നടന്നത്. 2014 ഡിസംബര്‍ മുതലുള്ള ആറുമാസത്തിനിടെ 72 ശതമാനത്തിന്റെ വര്‍ധന. നിര്‍മാണമേഖലയാണ് തൊട്ടുപിന്നില്‍. 67 ശതമാനം വളര്‍ച്ച. അടുത്ത രണ്ടുവര്‍ഷത്തിനിടെ വന്‍കുതിച്ചുചാട്ടമാകും ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റില്‍ ഉണ്ടാകുക.

ആരോഗ്യരംഗത്ത് 2022ല്‍ 34 ലക്ഷം തൊഴിലവസരം

ന്യൂഡല്‍ഹി: ആരോഗ്യരംഗത്ത് 2022ഓടെ 40 ലക്ഷം ജോലിക്കാരെ വേണ്ടിവരുമെന്നു നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്‍പറേഷന്റെ (എന്‍എസ്ഡിസി) റിപ്പോര്‍ട്ട്. ഇപ്പോള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത് 35.9 ലക്ഷം പേരാണ്. ഏഴുവര്‍ഷത്തിനിടെ ഇരട്ടിയോളം തൊഴിലവസരം സൃഷ്ടിക്കപ്പെടും. 2017ഓടെ ആരോഗ്യമേഖലയില്‍ നിന്നുള്ള വരുമാനം 9.64 ലക്ഷം കോടി രൂപയാകും. അലോപ്പതി ഡോക്ടര്‍മാര്‍ക്കായിരിക്കും അടുത്ത അഞ്ച് വര്‍ഷത്തിനിടെ കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകുക. ഇക്കാലയളവില്‍ 6.21 ലക്ഷം ഒഴിവുകളാകും അലോപ്പതിയില്‍ ഉണ്ടാകുക. രാജ്യത്ത് വെറും 356 അംഗീകൃത മെഡിക്കല്‍ വിദ്യഭ്യാസകേന്ദ്രങ്ങള്‍ മാത്രമാണുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളില്‍ പ്രതിവര്‍ഷം പഠിക്കുന്നതാകാട്ടെ 45,000 വിദ്യാര്‍ഥികളും. മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ഒരുക്കുന്ന രാജ്യമാണ് ഇന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.