സ്കൂള്‍ നീന്തല്‍: തിരുവനന്തപുരം മുന്നേറുന്നു
സ്കൂള്‍ നീന്തല്‍: തിരുവനന്തപുരം മുന്നേറുന്നു
Thursday, October 30, 2014 11:14 PM IST
തൃശൂര്‍: സംസ്ഥാന സ്കൂള്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന്റെ ആധിപത്യം. രണ്ടാംദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 396 പോയിന്റുമായാണ് തിരുവനന്തപുരം നീന്തിക്കയറുന്നത്. 45 സ്വര്‍ണവും 32 വെള്ളിയും 38 വെങ്കലവുമാണ് തിരുവനന്തപുരത്തെ കുട്ടികള്‍ ഇതുവരെ മുങ്ങിയെടുത്തത്. തൊട്ടുപിന്നില്‍ നീന്തുന്ന എറണാകുളത്തിനു 117 പോയിന്റുമാത്രം.

10 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവുമാണ് എറണാകുളം നീന്തിയെടുത്തത്. ആതിഥേയരായ തൃശൂര്‍ മൂന്നാംസ്ഥാനത്തുണ്ട്. നാലു സ്വര്‍ണവും 10 വെള്ളിയും 11 വെങ്കലവും നേടിയിട്ടുണ്ട്. 12 പോയിന്റുമായി കോട്ടയമാണ് നാലാംസ്ഥാനത്ത്.

ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനമായ ഇന്നലെ രണ്ട്ു മീറ്റ് റിക്കാര്‍ഡുകളാണ് പിറന്നത്. സബ്ജൂണിയര്‍ വിഭാഗം 200 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ കളമശേരി ഗവ.എച്ച്എസ്എസ്വിഎച്ച്എസ്എസിലെ പി.ജെ.ജഗന്നാഥനാണ് മീറ്റ് റിക്കാര്‍ഡിട്ടത്(2:31.87). 100 മീറ്ററിലും ജഗന്നാഥന്‍ മീറ്റ് റിക്കാര്‍ഡിട്ടിരുന്നു. പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗം 200 മീറ്റര്‍ ഫ്രീസ്റൈലില്‍ പിരപ്പനംകോട്് ഗവ.വിഎച്ച്എസ്എസിലെ ജോമി ജോര്‍ജ് മീറ്റ് റിക്കാര്‍ഡിട്ടു (2:18.85). സ്കൂള്‍തലത്തില്‍ പിരപ്പനംകോട് ഗവ.വിഎച്ച്എസ്എസാണ് 114 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ 59 ഇനങ്ങള്‍ പൂര്‍ത്തിയായി. ഇന്നു സീനിയര്‍ വിഭാഗം മത്സരങ്ങളാണ് നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.