നാടകാന്തം കിവീസ്
നാടകാന്തം കിവീസ്
Sunday, March 1, 2015 10:50 PM IST
ഓക്ലന്‍ഡ്: ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ തീപ്പന്തുകള്‍ പോരാട്ടം നടത്തിയപ്പോള്‍ പോരില്‍ ജയിച്ചത് കിവികള്‍. തീതുപ്പും പന്തുകള്‍ കൊണ്ട് കംഗാരുക്കള്‍ എരിഞ്ഞുവീണപ്പോള്‍ കിവികള്‍ പറന്നുയര്‍ന്നു. ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ കരുത്തരാരെന്നു നിര്‍ണയിക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ ഒരു വിക്കറ്റിന് കീഴടക്കി ന്യൂസിലന്‍ഡ് ലോകകപ്പിലെ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ക്രിക്കറ്റിന്റെ എല്ലാ ആവേശവും വാരിവിതറിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 32.2 ഓവറില്‍ 151 റണ്‍സിന് എല്ലാവരും പുറത്തായി. ചെറിയ സ്കോര്‍ അനായാസം കടക്കാന്‍ ഇറങ്ങിയ ന്യൂസിലന്‍ഡ് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമാക്കി 23.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ടിം സൌത്തിയും ട്രെന്‍ഡ് ബോള്‍ട്ടും ആദ്യം ഓസ്ട്രേലിയയെ വിറപ്പിച്ചപ്പോള്‍ ഓസ്ട്രേലിയ അതേ നാണയത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിലൂടെയും പാറ്റ് കമ്മിന്‍സിലൂടെയും തിരിച്ചടിച്ചു. ഇതില്‍ അവസാന ജയം കിവീസിനൊപ്പം നിന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കിവീസിന്റെ ബോള്‍ട്ടാണ് (10-3-27-5) മാന്‍ ഓഫ് ദ മാച്ച്. ഓസീസിന്റെ സ്റാര്‍ക്ക് (9-0-28-6) ആറു വിക്കറ്റുമായി മികച്ച പ്രകടനം നടത്തി.

ടോസ് നേടിയ ഓസീസ് നായകന്‍ മൈക്കില്‍ ക്ളാര്‍ക്ക് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹാഡിന്‍-പാറ്റ് കമ്മിന്‍സ് അവസാന വിക്കറ്റ് കൂട്ടുകെട്ട് 45 റണ്‍സ് നേടിയതാണ് ഓസ്ട്രേലിയയെ വലിയ നാണക്കേടില്‍നിന്നു രക്ഷിച്ചത്. ഹാഡിനാണ് (43) ടോപ് സ്കോറര്‍. ബോള്‍ട്ട് അഞ്ചും സൌത്തി, വെട്ടേറി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും പങ്കിട്ടു. ഒരെണ്ണം ആന്‍ഡേഴ്സണും സ്വന്തമാക്കി.

കഴിഞ്ഞ കളിയില്‍ ഇംഗ്ളീഷ് ബൌളര്‍മാരെ തകര്‍ത്തുകളഞ്ഞ ബ്രണ്ടന്‍ മക്കല്ലത്തിനും കൂട്ടര്‍ക്കും അതൊരു ചെറിയ സ്കോറാണെന്നു തോന്നിച്ചു. അത്തരത്തിലുള്ള ബാറ്റിംഗാണ് ഓപ്പണര്‍മാരായ മക്കല്ലവും മാര്‍ട്ടിന്‍ ഗുപ്ടിലും നടത്തിയത്. 3.5 ഓവറില്‍ 40ലെത്തിയപ്പോള്‍ ഗുപ്ടില്‍ (11) പുറത്തായി. സ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. കിവീസിനു പേടിക്കേണ്ട യാതൊരു കാര്യവുമുണ്ടന്നു തോന്നിയില്ല. മക്കല്ലവും കെയ്ന്‍ വില്യംസണും ഒരു മയവുമില്ലാതെ കടന്നാക്രമണം നടത്തിക്കൊണ്ടിരുന്നു. 38 റണ്‍സ് ഈ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്ഥാപിച്ചു. 24 പന്തില്‍ അമ്പതു റണ്‍സുമായി മക്കല്ലം പുറത്താകുമ്പോള്‍ ന്യൂസിലന്‍ഡ് ജയത്തിനടുത്തെത്തി. മൂന്നു സിക്സറുകളും ഏഴു ഫോറുകളുമാണ് ആ ബാറ്റില്‍നിന്നു പറന്നത്. പിന്നീടു തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണ അവര്‍ ഒമ്പതിന് 146 എന്ന അവസ്ഥയിലെത്തി. 23ാം ഓവറിന്റെ ആദ്യ പന്ത് സിക്സറിനു പായിച്ച് വില്യംസണ്‍ കിവീസിനു വിജയം സമ്മാനിച്ചു. 45 റണ്‍സുമായി വില്യംസണ്‍ പുറത്താകാതെ നിന്നു.

സ്റാര്‍ക്ക് ആറും കമ്മിന്‍സ് രണ്ടും മാക്സ്വെല്‍ ഒരു വിക്കറ്റും വീഴ്ത്തി.


സ്കോര്‍ബോര്‍ഡ്

ഓസ്ട്രേലിയ ബാറ്റിംഗ്: ഫിഞ്ച് ബി സൂത്തി 14, വാര്‍ണര്‍ എല്‍ബിഡബ്ള്യു ബി സൂത്തി 34, വാട്സണ്‍ സി സൌത്തി ബി വെട്ടോറി 23, ക്ളാര്‍ക്ക് സി വില്യംസണ്‍ ബി ബോള്‍ട്ട് 12, സ്മിത്ത് സി റോഞ്ചി ബി വെട്ടോറി 4, മാക്സ്വെല്‍ ബി ബോള്‍ട്ട് 1, മാര്‍ഷ് ബി ബോള്‍ട്ട് 0, ഹാഡിന്‍ സി ലാഥം (സബ്) ബി ആന്‍ഡേഴ്സണ്‍ 43, ജോണ്‍സണ്‍ സി വില്യംസണ്‍ ബി ബോള്‍ട്ട് 1, സ്റ്റാര്‍ക്ക് ബി ബോള്‍ട്ട് 0, കമ്മിന്‍സ് നോട്ടൌട്ട് 7, എക്സ്ട്രാസ് 12, ആകെ 32.2 ഓവറില്‍ 151 റണ്‍സിന് എല്ലാവരും പുറത്ത്.

ബൌളിംഗ്

സൌത്തി 9-0-65-2, ബോള്‍ട്ട് 10-3-27-5, വെട്ടോറി 10-0-41-2, മിലിന്‍ 3-0-6-0, ആന്‍ഡേഴ്സണ്‍ 0.2-0-6-1

ന്യൂസിലന്‍ഡ്

ഗുപ്ടില്‍ സി കമ്മിന്‍സ് ബി സ്റാര്‍ക്ക് 11, മക്കല്ലം സി സ്റാര്‍ക്ക് ബി കമ്മിന്‍സ് 50, വില്യംസണ്‍ നോട്ടൌട്ട് 45, ടെയ്ലര്‍ ബി സ്റ്റാര്‍ക്ക് 1, എലിയട്ട് ബി സ്റ്റാര്‍ക്ക് 0, ആന്‍ഡേഴ്സണ്‍ സി കമ്മിന്‍സ് ബി മാക്സ്വെല്‍ 26, റോഞ്ചി സി ഹാഡിന്‍ ബി സ്റ്റാര്‍ക്ക് 6, വെട്ടോറി സി വാര്‍ണര്‍ ബി കമ്മിന്‍സ് 2, മിലന്‍ ബി സ്റ്റാര്‍ക്ക് 0, സൌത്തി ബി സ്റ്റാര്‍ക്ക് 0, ബോള്‍ട്ട് നോട്ടൌട്ട് 0, എക്സ്ട്രാസ് 11, ആകെ 23.1 ഓവറില്‍ ഒമ്പത് വിക്കറ്റിന് 152.

ബൌളിംഗ്

ജോണ്‍സണ്‍ 6-1-68-0, സ്റ്റാര്‍ക്ക് 9-0-38-6, കമ്മിന്‍സ് 6.1-0-38-2, മാര്‍ഷ് 1-0-11-0, മാക്സ്വെല്‍ 1-0-7-1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.