ഐപിഎല്‍ കേസ്: വിധി അടുത്ത മാസം 29ന്
Sunday, May 24, 2015 12:20 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മലയാളി താരം എസ്. ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവയ്പ്-ഒത്തുകളി കേസിലെ വിധി അടുത്ത മാസം 29ന്. കേസിലെ ആരോപണവിധേയര്‍ക്കെതിരായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ (മക്കോക്ക) നിയമത്തിലെ വകുപ്പുകള്‍ നിലനില്‍ക്കുമോയെന്ന കേസിന്റെ വിധി ഇന്നലെ പറയാനിരുന്നത് അടുത്ത മാസം 29ലേക്കു മാറ്റിവയ്ക്കുകയായിരുന്നു. അടുത്തമാസം ആറുവരെ കക്ഷികള്‍ക്ക് എഴുതിതയാറാക്കിയ വാദങ്ങള്‍ സമര്‍പ്പിക്കാവുന്നതാണെന്നു ഡല്‍ഹി പട്യാല ഹൌസിലെ പ്രത്യേക കോടതി ജഡ്ജി നീനാ ബന്‍സാല്‍ കൃഷ്ണ പറഞ്ഞു. കേസില്‍ മക്കോക്ക ഇല്ലാതായാല്‍ തന്നെ ശ്രീശാന്ത് അടക്കമുള്ളവര്‍ക്ക് ആശ്വാസമാവും. വിചാരണക്കോടതിയില്‍ ആവശ്യമെങ്കില്‍ ഡിസ്ചാര്‍ജ് പെറ്റീഷന്‍ വരെ സമര്‍പ്പിച്ച് വാദിക്കാവുന്നതാണ്.

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, ക്രിക്കറ്റ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍, മുംബൈ അധോലോക നേതാവും ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരും ഉള്‍പ്പെടെ 42 പേരാണു കേസിലെ പ്രതികള്‍. ദാവൂദ് ഉള്‍പ്പെടെ ആറു പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കെതിരെയും മക്കോക്ക ചുമത്തിയിട്ടുണ്ട്.


2013 മേയ് 16നാണു ശ്രീശാന്ത് അടക്കമുള്ളവരെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യ സെല്‍ അറസ്റ് ചെയ്യുന്നത്.

മേയ് ഒമ്പതിനു മൊഹാലിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന കളിയില്‍ വാതുവയ്പുകാരുടെ നിര്‍ദേശമനുസരിച്ച് ഒത്തുകളിച്ചുവെന്നതായിരുന്നു ആരോപണം.

മേയ് 28നു ഡല്‍ഹിയിലെ സാകേത് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 42 പേരാണുണ്ടായിരുന്നത്. 26 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ജൂണ്‍ 10നാണു ശ്രീശാന്ത് പുറത്തിറങ്ങിയത്. അങ്കിത് ചവാനും മറ്റു 14 വാതുവയ്പുകാര്‍ക്കും സാകേത് കോടതി ഒപ്പം ജാമ്യം അനുവദിച്ചു. മക്കോക്ക ചുമത്തിയിട്ടുണ്െടന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള സ്പെഷല്‍ സെല്ലിന്റെ വാദം തള്ളിയായിരുന്നു ജാമ്യം. തുടര്‍ന്ന് മക്കോക്കെതിരെ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.