ഒളിമ്പിക് യോഗ്യത തേടി ഗുസ്തിക്കാർ
ഒളിമ്പിക് യോഗ്യത തേടി ഗുസ്തിക്കാർ
Thursday, May 5, 2016 12:38 PM IST
ഇസ്താംബുൾ: ഗുസ്തിയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള ഒളിമ്പിക് യോഗ്യതാ പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളൽ വിവിധ ഭാരവിഭാഗങ്ങളിലായി ഇന്ത്യയുടെ 14 അംഗ ടീം പങ്കെടുക്കും. ഓരോ വിഭാഗത്തിലും രണ്ടു പേർ വീതമാണ് ഒളിമ്പിക് ബെർത്ത് നേടുന്നത്.

വനിതാ വിഭാഗത്തിൽ സഹോദരിമാരായ ബബിത പോഗട്ട്, ഗീത പോഗട്ട് എന്നിവരെ റെസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വിലക്കിയതിനാൽ ഇളയ സഹോദരി വിനേഷ് പോഗട്ടിലുള്ള പ്രതീക്ഷ വാനോളമാണ്. അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് ഇവരെ ഫെഡറേഷൻ വിലക്കിയത്. ഇവർക്കൊപ്പം പുരുഷന്മാരുടെ 125 കിലോഗ്രാം ഫ്രീസ്റ്റൈലിൽ മത്സരിക്കുന്ന സുമിത്തിനെയും രാഹുൽ അവാരെയും(57 കിലോഗ്രാം ഫ്രീസ്റ്റൈൽ) വിലക്കിയിരുന്നു. നാല് ഇന്ത്യൻ താരങ്ങൾ ഇതുവരെ ഒളിമ്പിക്സിനു യോഗ്യത നേടിയിട്ടുണ്ട്.

ലാസ് വേഗാസിൽ കഴിഞ്ഞ വർഷം നടന്ന ലോകചാമ്പ്യൻഷിപ്പിൽ 74 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ നർസിംഗ് യാദവ്, ഏഷ്യൻ ഒളിമ്പിക് ചാമ്പ്യൻഷിപ്പിലൂടെ മുൻ ഒളിമ്പിക് മെഡലിസ്റ്റ് യോഗേശ്വർ ദത്ത്(65 കിലോഗ്രാം ഫ്രീസ്റ്റൈൽ), ഹർദീപ് (ഗ്രീക്കോ റോമൻ 98 കിലോഗ്രാം) എന്നിവർ യോഗ്യത സ്വന്തമാക്കി.


പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സന്ദീപ് തോമറിന്റെ ബെർത്താണ് നാലാമത്തേത്.

48 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് വിനേഷ് മത്സരിക്കുന്നത്. വിനേഷിനെ കൂടാതെ ലളിത(53 കിലോഗ്രാം), സാക്ഷി മാലിക്(58 കിലോഗ്രാം), ശില്പി ഷെറോൺ (63 കിലോഗ്രാം), ഗീതിക ജാകർ(69 കിലോഗ്രാം), കിരൺ (75 കിലോഗ്രാം) എന്നിവരാണ് വനിതാ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

യോഗ്യതയ്ക്കായി മാറ്റുരയ്ക്കുന്നവർ

പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ

ഗോപാൽ യാദവ്(86), മൗസം ഖത്രി (97), ഹിതേന്ദർ (125)

ഗ്രീക്കോ റോമൻ പുരുഷന്മാർ

രവീന്ദർ സിംഗ് (59), സുരേഷ് യാദവ് (66), ഗുർപ്രീത് സിംഗ് (75), രവീന്ദർ ഖത്രി (85), നവീൺ (130).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.