റിയോയിലേക്ക് പറക്കാം; താരങ്ങൾ ആഗ്രഹിക്കുന്ന സമയത്തു തന്നെ
റിയോയിലേക്ക് പറക്കാം; താരങ്ങൾ ആഗ്രഹിക്കുന്ന സമയത്തു തന്നെ
Friday, May 6, 2016 12:35 PM IST
<യ>തോമസ് വർഗീസ്

തിരുവനന്തപുരം: റിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത നേടുന്ന ഇന്ത്യൻ താരങ്ങൾക്കു ബ്രസീലിയൻ കാലാവസ്‌ഥയുമായി പൊരുത്തപ്പെടുന്നതിന് അവർ ആഗ്രഹിക്കുന്ന സമയത്തു തന്നെ റിയോയിലേക്കു പോകുന്നതിനു ക്രമീകരണം. ഇതുസംബന്ധിച്ചു കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടതായി സായ് ഡയറക്ടർ ജനറൽ ഇഞ്ചേതി ശ്രീനിവാസ് പറഞ്ഞു. കാര്യവട്ടം എൽഎൻസിപിയിൽ ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരമാവധി മെഡൽ നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനായി കായികതാരങ്ങൾക്ക് നല്കാവുന്ന പരമാവധി സൗകര്യങ്ങൾ നല്കുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായാണ് കായികതാരങ്ങൾ ആവശ്യപ്പെടുന്ന സമയത്തു തന്നെ റിയോയിൽ എത്താനുള്ള സൗകര്യങ്ങൾ കേന്ദ്രസർക്കാർ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന തിങ്കളാഴ്ച എല്ലാ കായിക അസോസിയേഷനുകളുടേയും യോഗം കേന്ദ്ര കായിക മന്ത്രാലയം വിളിച്ചു ചേർത്തിട്ടുണ്ട്.

ഇന്ത്യ ഏറ്റവുമധികം മെഡൽ പ്രതീക്ഷ പുലർത്തുന്ന ഇനങ്ങൾ ആർച്ചറിയും ഷൂട്ടിംഗുമാണെന്ന് ഇഞ്ചേതി ശ്രീനിവാസ് പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും മികച്ച നിരവധി ഷൂട്ടർമാർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ആദ്യ നാലു റാങ്കുകളിൽ ഇവരിൽ നിരവധിപേരും. ഷൂട്ടിംഗിൽ നിന്ന് ഇന്ത്യക്ക് മുൻ വർഷത്തെക്കാൾ കൂടുതൽ മെഡൽ പ്രതീക്ഷിക്കാം. മെഡൽ നേട്ടം രണ്ടക്ക സംഖ്യയിലേക്ക് വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ബാഡ്മിന്റൺ, ഹോക്കി, ലോൺ ടെന്നീസ്, റെസ്ലിംഗ് ഇവയിലെല്ലാം ഇന്ത്യ ഏറെ സാധ്യത കാണുന്നുണ്ട്. പുതുതായി ഉൾപ്പെടുത്തിയ ഗോൾഫിൽ ചില ഇന്ത്യൻ താരങ്ങൾ യോഗ്യത നേടാൻ സാധ്യതുണ്ട്. ടെന്നീസ്, ബാഡ്മിന്റൻ ഉൾപ്പെടെയുള്ള ഇനങ്ങൾക്ക് കായികതാരങ്ങൾ ആവശ്യപ്പെട്ട പരിശീലകരെയും ഫിസിയോതൊറാപ്പിസ്റ്റുകളേയും അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. വരുന്ന ഓഗസ്റ്റ് അഞ്ചു മുതൽ 21 വരെയാണ് ബ്രസീലിലെ റിയോയിൽ ഒളിമ്പിക്സ് നടക്കുന്നത്.

<ആ>പ്രീമിയർ സ്കിൽസ്: മൂന്നാംഘട്ടം ആരംഭിച്ചു

തിരുവനന്തപുരം: ബ്രിട്ടീഷ് കൗൺസിലും പ്രീമിയർ ലീഗും സംയുക്‌തമായി നടത്തിവന്ന പ്രീമിയർ സ്കിൽസിന്റെ മൂന്നാംഘട്ടം കാര്യവട്ടം എൽഎൻസിപിയിൽ ആരംഭിച്ചു.


ബ്രിട്ടീഷ് കൗൺസിലിനും പ്രീമിയർ ലീഗിനുമൊപ്പം സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ഗോവ ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയവരും സംയുക്‌തമായിട്ടാണ് പ്രീമിയർ സ്കിൽസ് നടത്തുന്നത്. 2014 നവംബറിലാണ് കമ്യുണിറ്റി കോച്ചിംഗ് എഡ്യൂക്കേഷൻ പ്രോഗ്രാം ആരംഭിച്ചത്. അവസാന ഘട്ട പരിശീലനത്തിലൂടെ, പങ്കെടുക്കുന്നവർക്ക് കോച്ച് എജ്യുക്കേറ്റർ പദവി കൂടി ലഭിക്കുന്നതിനുളള അവസരമാണ് ഒരുങ്ങിയത്.

പ്രീമിയർ സ്കിൽസ് ഹെഡ് കോച്ചുമാരായ ജെർമി വീക്സ്, പോൾ ഹ്യൂസ്, മാഞ്ചെസ്റ്റർ ഫുട്ബോൾ ക്ലബ്ബിലെ ഡാനിയൽ ലാൻഡ്സ്ട്രോം എന്നിവർക്കായിരുന്നു മൂന്നാം ഘട്ട പരിശീലനത്തിന്റെ ചുമതല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 24 കോച്ചുകൾക്കായിരുന്നു പരിശീലനം.

പ്രീമിയർ സ്കിൽസ് വഴി സമൂഹത്തിലെ താഴെക്കിടയിൽ ഉൾപ്പെടെയുളള യുവാക്കൾക്ക് അവരുടെ വൈദഗ്ധ്യം തെളിയിക്കാനും അതുവഴി ജോലി സാധ്യത നേടാനും അഭിമാനം ഉയർത്തിപ്പിടിക്കാനും സാധിക്കും. 2007–ൽ തുടങ്ങിയ പ്രീമിയർ സ്കിൽസ് 29 രാജ്യങ്ങിലായി 7,600 കോച്ചുകൾക്കും റഫറികൾക്കുമാണ് പരിശീലനം നൽകിയത്. ഇവരിലുടെ 1.2 ദശലക്ഷം യുവാക്കളിലേക്കാണ് പരിശീലനം എത്തി നിൽക്കുന്നത്.

2007–ൽ കോച്ചുമാർക്കായുളള ആദ്യത്തെ പരിശീലനം ഡൽഹിയിലും കോൽക്കത്തയിലുമായിട്ടാണ് നടന്നത്. അടുത്ത മൂന്ന് വർഷത്തിനിടെ ഇന്ത്യയിലെ പങ്കാളികളുമായി സഹകരിച്ച് പ്രീമിയർ സ്കിൽസിലെ കോച്ച് എജ്യുക്കേറ്റഴ്സിനെ ഉൾപ്പെടുത്തി ഇന്ത്യയിലുടനീളം പ്രവർത്തനം ശക്‌തിപ്പെടുത്തുമെന്നു പ്രീമിയർ ലീഗ് ഡയറക്ടടർ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ടിം വൈൻ അഭിപ്രായപ്പെട്ടു. സായ് ഡയറക്ടർ ജനറൽ ഇഞ്ചേതി ശ്രീനിവാസ്, എൽഎൻസിപി പ്രിൻസിപ്പൽ ഡോ. ജി. കിഷോർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.