മെസി ഷോ
മെസി ഷോ
Saturday, June 11, 2016 12:29 PM IST
ഷിക്കാഗോ: ലോക ഫുട്ബോളിൽ ലയണൽ മെസി ആരെന്ന് മനസിലാക്കാൻ അമേരിക്കയിലെത്തിയ കോപ്പ ആരാധകർക്ക് വേണ്ടിവന്നത് 30 മിനിറ്റ് മാത്രം. 61–ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ലയണൽ മെസിയുടെ ഹാട്രിക് ഗോളിന്റെ ബലത്തിൽ അർജന്റീന പാനമയെ തകർത്തുവിട്ടു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു വിജയിച്ച അർജന്റീന തുടർച്ചയായ രണ്ടാം വിജയത്തോടെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഡിയിൽനിന്ന് ക്വാർട്ടറിലെത്തി. മെസി (68, 78, 87) ഹാട്രിക്കുമായി കളം നിറഞ്ഞപ്പോൾ നിക്കോളാസ് ഒട്ടാമെൻഡി (7), സെർജിയോ അഗ്വേറോ(90) എന്നിവർ ഒരോ ഗോൾ വീതം നേടി. ഏഴാം മിനിറ്റിൽ നിക്കോളാസ് ഒട്ടാമെൻഡിയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ നിന്നായിരുന്നു ഒട്ടാമെൻഡിയുടെ ഗോൾ. ഇതോടെ ഉണർന്നു കളിച്ച പാനമ മികച്ച മുന്നേറ്റങ്ങളുമായി ഗോൾമുഖം ആക്രമിച്ചതോടെ അർജന്റീന പ്രതിരോധത്തിലായി. ഇതിനിടെ 31–ാം മിനിറ്റിൽ ഗെയ്റ്റനെ ഫൗൾ ചെയ്ത അനിബൽ ഗോദോ ചുവപ്പു കാർഡ് കിട്ടി മടങ്ങിയതോടെ പാനമ പത്തുപേരായി ചുരുങ്ങി. 41–ാം മിനിറ്റിൽ പരിക്കേറ്റ എയ്ഞ്ചൽ ഡി മരിയ മൈതാനം വിട്ടു. അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കുന്ന കാര്യം സംശയമാണ്.

രണ്ടാം പകുതിയിൽ പകരക്കാരനായി മെസി എത്തിയതോടെ അർജന്റീന ഉയർത്തെഴുന്നേറ്റു. 68–ാം മിനിറ്റിൽ മെസി ആദ്യ ഗോൾ നേടി. പകരക്കാരനായി ഇറങ്ങി ഏഴാം മിനിറ്റിലാണ് മെസി ഗോൾ നേടിയത്. ഗൊൺസാലോ ഹിഗ്വെയ്ന്റെ പസിൽനിന്നായിരുന്നു മെസിയുടെ ഗോൾ. പാനമയുടെ ബോക്സിൽ പാനമ താരങ്ങൾ പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടുന്നതിൽ വന്ന പിഴവാണ് മെസി മുതലെടുത്തത്. പിന്നാലെ 78,87 മിനിറ്റുകളിലും മെസി ബോൾ വലയിലെത്തിച്ചതോടെ പാനമ തകർന്നടിഞ്ഞു. വലതുമൂലയിൽനിന്ന് തൊടുത്ത തകർപ്പൻ ഫ്രീ കിക്കിൽനിന്നാണ് മെസിയുടെ രണ്ടാമത്തെ ഗോൾ. 90–ാം മിനിറ്റിൽ അഗ്വേറോ കൂടി വലകുലുക്കിയതോടെ അർജന്റീനയുടെ ജയം ഗംഭീരമായി. മാർക്കോ റോഹോയുടെ പാസിൽനിന്നായിരുന്നു അഗ്വേറോയുടെ ഗോൾ.



<ആ>ചിലി–2, ബൊളീവിയ–1

മാസച്യുസെറ്റ്സ്: ആദ്യമത്സരത്തിൽ പരാജയപ്പെട്ട് രണ്ടാം മത്സരത്തിൽ സമനിലയിൽ കുടുങ്ങുമോ എന്ന ആശങ്കപ്പെട്ട അവസ്‌ഥയിൽനിന്ന് ചിലി വിജയത്തിൽ മുത്തമിട്ടു. കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ബൊളീവിയയെ 2–1ന് പരാജയപ്പെടുത്തിയ ചിലി ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. അർതുറോ വിദാലാണ് ഇരട്ട ഗോളിലൂടെ ചിലിക്ക് വിജയം സമ്മാനിച്ചത്. കളിയുടെ 46–ാം മിനിറ്റിൽ വിദാൽ ആദ്യ ഗോൾ നേടി.

പക്ഷേ അധികം വൈകാതെ ജസ്മനി കമ്പോസിലൂടെ ബൊളീവിയ സമനില ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു.

എന്നാൽ, ചിലിയെ പരാജയപ്പെടുത്താനുള്ളത്ര ഊർജം നൽകുന്നതായിരുന്നില്ല ആ ഗോൾ. അധിക സമയത്ത് വിദൽ വീണ്ടും ചിലിയുടെ രക്ഷയ്ക്കെത്തി. ഇഞ്ചുറി സമയത്തിന്റെ 10–ാം മിനിറ്റിൽ ചിലിക്ക് അനുകൂലമായി വിധിച്ച പെനാൽറ്റിയാണ് വിദാൽ ഗോളാക്കി മാറ്റിയത്.

ഇത്രയും സമയം ഇഞ്ചുറി സമയം നൽകിയതിൽ പരക്കേ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയോട് പരാജയപ്പെട്ടിരുന്ന ചിലിക്ക് ഈ വിജയം നൽകുന്ന ആശ്വാസം തെല്ലല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.