5 സ്റ്റാർ ഡീഞ്ഞോ
5 സ്റ്റാർ ഡീഞ്ഞോ
Sunday, July 17, 2016 11:11 AM IST
ചെന്നൈ: പ്രീമിയർ ഫുട്സാൽ ലീഗിൽ ബ്രസീലിന്റെയും ബാഴ്സലോണയുടെയും മുൻ ഇതിഹാസം റൊണാൾഡീഞ്ഞോയുടെ മാജിക്. ഗോവ ഫൈവ്സിന്റെ നായകനായ റൊണാൾഡീഞ്ഞോയുടെ അഞ്ചു ഗോൾ മികവിൽ ഗോവ ഫൈവ്സ് 7–2ന് പോൾ ഷോൾസിന്റെ ബംഗളൂരു ഫൈവ്സിനെ തോൽപ്പിച്ചു. ഇന്നലത്തെ മത്സരത്തോടെ ഫുട്സാലിലെ ചെന്നൈയിലെ മത്സരങ്ങൾ അവസാനിച്ചു. നിറഞ്ഞ കാണികളുടെ മുന്നിലാണ് ഗോവ–ബംഗളൂരു പോരാട്ടം നടന്നത്.

റൊണാൾഡീഞ്ഞോയ്ക്കും ഷോൾസിനുവേണ്ടി ആരാധകർ ആർത്തു വിളിച്ചു. റൊണാൾഡീഞ്ഞോയിലൂടെ ഗോവ ആദ്യം മുന്നിലെത്തി. എന്നാൽ രണ്ടെണ്ണം തിരിച്ചടിച്ച് ബംഗളൂരു തിരിച്ചുവന്നു. ഈ ലീഡിന് ആയുസ് കുറവായിരുന്നു. ബ്രസീൽ താരം രണ്ടാം ഗോളും നേടി സമനില പിടിച്ചു. ഉടൻ ഹാട്രിക്കും തികച്ചു.

നാലാം ഗോളും ബ്രസീൽ താരത്തിന്റെ വക. ഇതിനുശേഷം അഞ്ചും ആറും ഗോളുകൾ ബംഗളൂരുവിന്റെ വലയിൽ വീണു. കളി തീരാൻ മിനിറ്റുകൾ ഉള്ളപ്പോൾ റൊണാൾഡീഞ്ഞോ ഗോളെണ്ണം അഞ്ചാക്കി. ഈ ഗോളാഘോഷം താരം പരസ്യബോർഡ് ചാടിക്കടന്ന് ചിയർലീഡേഴ്സിനൊപ്പം ഡാൻസ് ചെയ്ത് ആഘോഷിച്ചു. മറ്റൊരു മത്സരത്തിൽ കൊച്ചി, ചെന്നൈയോടു 4–4 സമനില പാലിച്ചു. ആദ്യമത്സരത്തിൽ കൊച്ചി ജയിച്ചിരുന്നു.

<ആ>
മെസി– നെയ്മർ സഖ്യത്തെ പുകഴ്ത്തി റൊണാൾഡീഞ്ഞോ

ചെന്നൈ: ബാഴ്സലോണയിൽ ഞാൻ കളിക്കുമ്പോൾ വളരെ ചെറിയ പയ്യനായിരുന്നു ലയണൽ മെസി. വളരെ മികവുള്ള താരമാണ് മെസിയെന്ന് അന്നേ തോന്നിയിരുന്നു. ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ വളരെ ആസ്വദിച്ചിരുന്നു. ഞാൻ മെസിക്ക് ആരായിരുന്നവോ അതുപോലെയാണ് നെയ്മർക്ക് മെസി –റൊണാൾഡീഞ്ഞോ പറഞ്ഞു.


മെസിക്കൊപ്പം നെയ്മർ കളിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നുവെന്നും നെയ്മർക്ക് പലതും മെസിയിൽനിന്നു പഠിക്കാനാവുമെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. 2005ലെ എൽക്ലാസിക്കോയിൽ റയലിനെ 3–0 പരാജയപ്പെടുത്തിയ ശേഷം സാന്റിയാഗോ ബർണാബുവിൽ തനിക്ക് ആരാധകർ എഴുന്നേറ്റുനിന്നു കൈയടി തന്നത് ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമാണെന്ന് റൊണാൾഡീഞ്ഞോ പറഞ്ഞു. ഡിയേഗോ മാറഡോണയ്ക്കു ശേഷം ആദ്യമായാണ് സാന്റിയാഗോ ബെർണാബുവിൽ റയലിന്റെയല്ലാത്ത മറ്റൊരു താരത്തിന് കൈയടി ലഭിക്കുന്നത്. 145 മത്സരങ്ങൾ കളിച്ചിട്ടുള്ള റൊണാൾഡീഞ്ഞോ 70 ഗോളുകൾ ബാഴ്സയ്ക്കായി നേടി.

ഇത്തവണത്തെ ബ്രസീലിയൻ ടീം ഒളിമ്പിക്സിൽ സ്വർണം നേടുമെന്നാണ് തന്റെ വിശ്വാസമെന്ന് റൊണാൾഡീഞ്ഞോ കൂട്ടിച്ചേർത്തു. 2002 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ നേടിയ ഫ്രീ കിക്ക് ഗോൾ വളരെ ആസൂത്രണം ചെയ്ത ഒന്നായിരുന്നുവെന്ന് ഡിനോ വെളിപ്പെടുത്തി. തലേ ദിവസം ഇംഗ്ലണ്ടിന്റെ കളി കൃത്യമായി നിരീക്ഷിച്ചിരുന്നു. ഗോളി സീമാൻ സാധാരണ ഗോൾ പോസ്റ്റിനു വളരെ വെളിയിലാണ് നിലയുറപ്പിക്കാറുള്ളത്. ഇതു നന്നായി മനസിലാക്കി ഫ്രീകിക്ക് ഷോട്ട് തൊടുക്കുകയായിരുന്നുവെന്ന് റൊണാൾഡീഞ്ഞോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.