ക്രൈസ്റ്റ്!.. ഏതൊരു വിദ്യാർഥിയും പഠിക്കാൻ ആഗ്രഹിക്കുന്ന വിസ്മയ കലാലയം. കാടും പടലും പിടിച്ചുകിടന്ന ഒരു പ്രദേശത്തെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വിദ്യാഭ്യാസകേന്ദ്രമാക്കി വളർത്തിയെടുത്തതിന്റെ കഥ ആരെയും ത്രില്ലടിപ്പിക്കുന്നതാണ്. മുപ്പതിനായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന, ഇന്ത്യയുടെ അഭിമാനമായ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ കഥ.
എവിടെയാണ് പഠിക്കുന്നത്? അല്ലെങ്കിൽ എവിടെയാണ് പഠിച്ചത്? നമ്മിൽ ഏറെപ്പേരും പലപ്പോഴും അഭിമുഖീകരിച്ചിട്ടുള്ള ചോദ്യമാണിത്. ഈ ചോദ്യത്തിന് തല ഉയർത്തി, അഭിമാനത്തോടെ നമ്മൾ ഉത്തരം പറഞ്ഞിട്ടുണ്ടാകും. എന്നാൽ, ബംഗളൂരു ക്രൈസ്റ്റിന്റെ പടി ചവിട്ടിയിട്ടുള്ള വിദ്യാർഥികൾ ഉത്തരം പറയുന്പോൾ അഭിമാനവും സന്തോഷവും മാത്രമല്ല ഹൃദയം തുളുന്പുന്ന ആദരവും നിറഞ്ഞൊഴുകും.
കാരണം ക്രൈസ്റ്റ് എന്ന മഹാവിദ്യാലയത്തിന്റെ നാമം അവരുടെ പേരിനോടു ചേർത്തുവച്ച നിമിഷം മുതൽ അവർക്ക് മറ്റുള്ളവരിൽനിന്നു കിട്ടുന്നതാണ് ആ ആദരവ്. വന്പൻ കന്പനികളുടെ ഇന്റർവ്യൂ ബോർഡിനു മുന്നിൽ ഞാൻ ക്രൈസ്റ്റിന്റെ പ്രോഡക്ട് ആണെന്നു പറയുന്ന നിമിഷം അവർ ആ ഇന്റർവ്യൂവിൽ പാതി ജയിച്ചു എന്നു പറയാം. അതാണ് ബാംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ കരുത്തും മികവും പെരുമയും.
വിജനഭൂമി
വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ ഭാരതത്തിലെ ആദ്യ തദ്ദേശീയ സന്യാസസമൂഹമായ സിഎംഐ സഭ രാജ്യത്തിനു നൽകിയ അതുല്യവും അവിസ്മരണീയവുമായ സമ്മാനമാണ് ബംഗളൂരു ആസ്ഥാനമായുള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റി. കാടുംപടലും പിടിച്ച് ആളുകൾ കടന്നുവരാൻ പോലും മടിക്കുന്ന ഇടമായി കിടന്നിരുന്ന പ്രദേശത്തെ ഇന്ന് ഇന്ത്യയുടെ തലച്ചോറുകളിലൊന്നായി വളർത്തിയെടുത്ത സിഎംഐ സമൂഹത്തിന്റെ ദീർഘവീക്ഷണത്തിനും മികവിനും കഠിനാധ്വാനത്തിനും നൽകണം ഒരു ബിഗ് സല്യൂട്ട്.
ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാർഥികൾ ഒരു അഡ്മിഷൻ കിട്ടാൻ കൊതിക്കുന്ന സ്വപ്നലോകമായി ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ വളർത്തിയെടുത്തതിന്റെ ചരിത്രം ആരെയും ത്രില്ലടിപ്പിക്കുന്നതാണ്. പഞ്ചനക്ഷത്ര കന്പനികളുടെ ഇടനാഴികളിലും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളുടെ തലപ്പത്തും അദ്ഭുതങ്ങൾ വിരിയുന്ന ഗവേഷണശാലകളിലും സർക്കാർ സംവിധാനങ്ങളുടെ കീ പോസ്റ്റുകളിലുമൊക്കെ ഇന്നു ക്രൈസ്റ്റ് വാർത്തെടുത്ത പ്രതിഭകൾ രജതമുദ്രകൾ പതിച്ചിട്ടുണ്ട്.
തിളങ്ങുന്ന അരനൂറ്റാണ്ട്
രാജ്യത്തിന്റെ ഐടി ഹബ് ആയ ബംഗളൂരു നഗരഹൃദയത്തിലെ ഹൊസൂർ റോഡിലുള്ള ധർമാരാമിൽ 1969ൽ സ്ഥാപിതമായ ക്രൈസ്റ്റ് കോളജാണ് പിന്നീട് സിഎംഐ സഭയിലെ വിദ്യാഭ്യാസ വിചക്ഷണരുടെ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും നിരന്തര പരിശ്രമത്തിന്റെയും ഫലമായി കല്പിത സർവകലാശാലയായി വളർന്നത്. ക്രൈസ്റ്റിനെ ഇന്നു കാണുന്ന പ്രതാപത്തിലേക്കു കൈപിടിച്ചു നയിച്ചതിൽ പ്രിൻസിപ്പൽമാരായിരുന്ന ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ, റവ.ഡോ. തോമസ് ചാത്തംപറന്പിൽ എന്നിവരുടെ പങ്ക് എടുത്തുപറയേണ്ടതാണ്.
ഒരു സാധാരണ റഗുലർ കോളജായി തുടങ്ങി ഇന്നു ലോകമെങ്ങും ശ്രദ്ധേയമായ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി വളർന്ന ക്രൈസ്റ്റ് രാജ്യത്തിനുതന്നെ മാതൃകയാണെന്നു പറയാം. സ്വകാര്യ സർവകലാശാലയായ ക്രൈസ്റ്റിന് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള സ്ഥാനം എത്ര വലുതാണെന്നറിയാൻ ക്രൈസ്റ്റ് പ്രവേശനപരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ബാഹുല്യം കണ്ടാൽ മതിയാകും.
റവ.ഡോ. വർഗീസ് വിതയത്തിൽ സിഎംഐ ആണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ചാൻസലർ. റവ.ഡോ.സി.സി.ജോസഫ് വൈസ് ചാൻസലറുമാണ്. ഡോ.അനിൽ ജോസഫ് പിന്റോയാണു രജിസ്ട്രാർ. വിവിധ കാന്പസുകളിലായി 1,200 അധ്യാപകരും 30,000 വിദ്യാർഥികളുമുണ്ട്.
ലോകോത്തരം
ബംഗളൂരുവിന് രാജ്യത്തെ ഐടി നഗരമെന്നതിലുപരി ഉന്നതവിദ്യാഭ്യാസകേന്ദ്രമെന്ന സ്ഥാനംകൂടി നൽകിയതിനു പിന്നിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കു നിർണായക പങ്കുണ്ട്. ക്രൈസ്റ്റിന്റെ കാന്പസിലൂടെ നടക്കുകയെന്നതുപോലും ഒരു വേറിട്ട അനുഭവം പകർന്നുതരും. പൂന്തോട്ടങ്ങളും പുൽത്തകിടികളും കൃത്യമായി ഒരുക്കപ്പെട്ട കെട്ടിടങ്ങളുമൊക്കെ ആരുടെയും മനം കവരും.
സൗകര്യങ്ങളുടെയും ക്രമീകരണങ്ങളുടെയും കാര്യത്തിൽ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളോടു കിടപിടിക്കും ക്രൈസ്റ്റ്. സൗകര്യങ്ങളുടെ കാര്യത്തിൽ മാത്രമല്ല, അച്ചടക്കത്തിലും അധ്യാപനത്തിലും പഠനാന്തരീക്ഷത്തിലും വിജയത്തിളക്കത്തിലുമെല്ലാം ക്രൈസ്റ്റ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാതൃകയാണ്. വിവിധ വിഷയങ്ങളിൽ യുജി, പിജി കോഴ്സുകൾ നടത്തുന്ന ക്രൈസ്റ്റിൽ ഗവേഷണ സാധ്യതകളും നിരവധി.
നേട്ടങ്ങളുടെ നെറുകയിൽ
1969ൽ ബംഗളൂരുവിൽ ബംഗളൂരു യൂണിവേഴ്സിറ്റിക്കു കീഴിൽ ക്രൈസ്റ്റ് കോളജിനു തുടക്കമിട്ടിടത്തുനിന്നു തുടങ്ങി എല്ലാ മേഖലയിലും അടുക്കും ചിട്ടയോടുമായിരുന്നു ക്രൈസ്റ്റിന്റെ പ്രയാണം. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നൂതന ആശയങ്ങളും നൂതന കോഴ്സുകളും ലോകോത്തര നിലവാരവും ഉറപ്പുവരുത്തിയതോടെ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കു ക്രൈസ്റ്റ് സ്വപ്നമായി മാറി. കൃത്യമായ പരിശീലനവും പ്രതിബദ്ധതയും കഠിനാധ്വാനവും കൈമുതലായ ജീവനക്കാരും കൈകോർത്തതോടെ ക്രൈസ്റ്റ് കുതിച്ചുയർന്നു.
പ്രവർത്തനം തുടങ്ങി മൂന്നു പതിറ്റാണ്ടിനുള്ളിൽ മികച്ച കോഴ്സുകളും പഠനശൈലിയും അവതരിപ്പിച്ച് ബംഗളൂരുവിലെ ഏറ്റവും മികച്ച കലാലയമെന്ന ഖ്യാതി ക്രൈസ്റ്റ് നേടിയെടുത്തു. 1990 മുതൽ ക്രൈസ്റ്റിന്റെ പെരുമ ബംഗളൂരുവിന്റെയും കർണാടകയുടെയും അതിർത്തികൾ കടന്നു വ്യാപിച്ചു. രാജ്യത്തെ പത്തു മികച്ച ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലൊന്നായി ഇടംപിടിച്ചു.
കർണാടകയിൽ ഗുണമേന്മയ്ക്കുള്ള യുജിസിയുടെ നാക് അക്രഡിറ്റേഷൻ ലഭിക്കുന്ന ആദ്യ കോളജ് എന്ന അപൂർവ ബഹുമതിയും ഈ കലാലയം സ്വന്തമാക്കി. 2004 ഒക്ടോബർ ഏഴിന് ക്രൈസ്റ്റ് കോളജിനു യുജിസി സ്വയംഭരണ കോളജ് പദവി നൽകി. 2005 മേയിൽ യുജിസിയുടെ എപ്ലസ് നാക് അക്രഡിറ്റേഷൻ ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കോളജ് എന്ന ബഹുമതിയും ക്രൈസ്റ്റിനെ തേടിയെത്തി. 2006 ജൂണിൽ മികവിന്റെ കേന്ദ്രമായി കോളജിനെ യുജിസി പ്രഖ്യാപിച്ചു.
2008 ജൂലൈ 22 കോളജിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ നേട്ടത്തിന്റെയും അംഗീകാരത്തിന്റെയും ദിനമാണ്. അന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം 1956ലെ യുജിസി ആക്ട് സെക്ഷൻ മൂന്ന് പ്രകാരം പ്രത്യേക വിജ്ഞാപനത്തിലൂടെ കോളജിനെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്ന പേരിൽ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി ഉയർത്തിയത്.
വിശാല കാന്പസുകൾ
ഹൊസൂർ റോഡിൽ ബംഗളൂരു ഡെയറി സർക്കിൾ ഫ്ലൈ ഓവറിന്റെ എതിർവശത്തായി ധർമാരാമിലാണ് 25 ഏക്കർ സ്ഥലത്തായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ സെൻട്രൽ കാന്പസ് അഥവാ സിറ്റി കാന്പസ് നിലകൊള്ളുന്നത്. നഗരത്തിലെ പ്രധാന റസിഡൻഷ്യൽ, കൊമേഴ്സ്യൽ ഏരിയയായ ബിടിഎം ലേ ഔട്ടിനടുത്തും റസിഡൻഷൽ ഏരിയകളായ കോറമംഗല, ജയനഗർ എന്നിവയോടു ചേർന്നുമാണ് ഈ കാന്പസുള്ളത്.
2009ൽ പ്രധാന കാന്പസിൽനിന്ന് 35 കിലോമീറ്റർ അകലെ കെംഗേരി കാന്പസ് തുറന്നു. ബംഗളൂരു-മൈസൂരു അതിവേഗപാതയോടു ചേർന്ന് 90 ഏക്കർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ കാന്പസിൽ സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, പിയു റസിഡൻഷൽ കോളജ്, സ്കൂൾ ഓഫ് ബിസിനനസ് ആൻഡ് മാനേജ്മെന്റ്, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, സ്കൂൾ ഓഫ് ആർക്കിടെക്ചർ എന്നിവ പ്രവർത്തിക്കുന്നു.
സെൻട്രൽ കാന്പസിൽനിന്ന് 25 കിലോമീറ്റർ അകലെ ബന്നാർഘട്ടയിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ യശ്വന്ത്പുരിലും കാന്പസുകളുണ്ട്. ബംഗളൂരുവിലെ നാലു കാന്പസുകൾക്കു പുറമേ, മഹാരാഷ്ട്രയിലെ പൂനയിലും ഡൽഹി എൻസിആറിലെ ഗാസിയാബാദിലും ക്രൈസ്റ്റിന് ഇന്നു കാന്പസുകളുണ്ട്.
40 ഡിപ്പാർട്ട്മെന്റുകൾ
യുജിസി, ബിസിഐ, എഐസിടിഇ,എൻസിടിഇ എന്നിവയുടെ അംഗീകാരമുള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ 40 അക്കഡേമിക് ഡിപ്പാർട്ട്മെന്റുകളാണുള്ളത്. എംബിഎ, എം ടെക്, ലോ കോഴ്സുകൾ എന്നിവ ക്രൈസ്റ്റിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകളാണ്. വിദ്യാർഥികൾക്കായി എച്ച്ആർ അനലിറ്റിക്സിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമുകളും വിവിധ സെമിനാറുകളും കോൺഫറൻസുകളും നടത്തുന്നു.
അണ്ടർ ഗ്രാജ്വേറ്റ് തലത്തിലും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലും കാലത്തിനു ചേർന്ന വൈവിധ്യമാർന്ന കോഴ്സുകളാണ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയെ ആകർഷകമാക്കുന്നത്. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, സയൻസ്, കൊമേഴ്സ്, മാനേജ്മെന്റ്, എൻജിനിയറിംഗ്, ആർക്കിടെക്ചർ, എഡ്യുക്കേഷൻ, ലോ എന്നീ വിഷയങ്ങളിൽ ബാച്ചിലർ, മാസ്റ്റർ, ഡോക്ടറൽ പ്രോഗ്രാമുകൾ യൂണിവേഴ്സിറ്റിയിലുണ്ട്.
പിഎച്ച്ഡി, ഡിപ്ലോമ തുടങ്ങി മറ്റു നിരവധി കോഴ്സുകളും. സാൻഡിസ്ക്, മക്കിൻസെ ആൻഡ് കന്പനി, വേദാന്ത, എൻഗേജ്ലി എഐ തുടങ്ങി നിരവധി പ്രമുഖ കന്പനികളിൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കു കാന്പസ് റിക്രൂട്ട്മെന്റ് മുഖേന ജോലി ലഭിക്കുന്നു. അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകളുടെ കാലാവധി മൂന്നുമുതൽ നാലു വർഷം വരെയാണ്.
പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളുടെ കാലാവധി ഒരു വർഷം മുതൽ രണ്ടു വർഷം വരെയും. ലോ, എംബിഎ തുടങ്ങിയ പ്രഫഷണൽ കോഴ്സുകളുടെ കാലാവധി യഥാക്രമം നാലര വർഷവും രണ്ടു വർഷവുമാണ്.
ഇന്ത്യയുടെ പരിച്ഛേദം
ക്രൈസ്റ്റ് ഇന്ത്യയുടെ ചെറിയൊരു പരിച്ഛേദമാണെന്നു പറയാം. കാരണം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇവർക്കൊപ്പം അറുപതോളം വിദേശരാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും കൂടി ചേരുന്പോൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സാംസ്കാരിക, ഭാഷാ വൈവിധ്യത്തിന്റെ കേന്ദ്രംകൂടിയായി മാറുന്നു.
ആറു റിസർച്ച് ജേർണലുകൾ പുറത്തിറക്കുന്ന ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഇതിനകം കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി 300ഓളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പോർട്സ്, സംഗീതം, സാഹിത്യ പ്രവർത്തനങ്ങൾ എന്നിവയുടെ പ്രമോട്ടർകൂടിയായ ക്രൈസ്റ്റ് സർഗാത്മക മികവിന്റെ പരിപോഷണകേന്ദ്രം കൂടിയാണ്.
യൂണിവേഴ്സിറ്റിയുടെ കീഴിൽ ആരംഭിച്ച കന്നഡ സംഘ പ്രസിദ്ധീകരിച്ച "ആദ്യകാതെഗളു'' എന്ന പുസ്തകം ബംഗളൂരു യൂണിവേഴ്സിറ്റിയുടെ കന്നഡ ഡിപ്പാർട്ട്മെന്റ് പാഠപുസ്തകമാക്കിയിട്ടുണ്ട്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് വെയിൽസ്, ലിവർപൂൾ ഹോപ് യൂണിവേഴ്സിറ്റി തുടങ്ങി നിരവധി വിദേശ യൂണിവേഴ്സിറ്റികളുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
കൂടുതൽ ഉയരങ്ങളിലേക്ക്
രാജ്യമെങ്ങും കാന്പസുകൾ തുറന്ന് ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കാനുള്ള ശ്രമത്തിലാണ് ക്രൈസ്റ്റ് സാരഥികൾ. ക്രൈസ്റ്റിന്റെ വിദ്യാഭ്യാസ നൈപുണ്യം കേരളത്തിലേക്കും എത്തുന്നുവെന്നതിൽ മലയാളിക്കും അഭിമാനിക്കാം. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും വൈകാതെ ക്രൈസ്റ്റ് കാന്പസുകൾ പ്രവർത്തനമാരംഭിക്കും.
2010ൽ തിരുവനന്തപുരത്തു നോഡൽ ഓഫീസ് തുറന്നിരുന്നു. ബംഗളൂരുവിൽത്തന്നെ ബെന്നാർഘട്ട റോഡിലെ ഹുളിമാവ്, ബംഗളൂരു നോർത്ത്, ബംഗളൂരു തുമാകുരു റോഡിലെ നാഗസാന്ദ്ര എന്നിവിടങ്ങളിലും കാന്പസുകളുടെ നിർമാണം നടന്നുവരികയാണ്. മധ്യപ്രദേശിലെ ഭോപ്പാലിലും മഹാരാഷ്ട്രയിലെ വാർധയിലും പുതുതായി കാന്പസ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ അംഗീകാരം
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ മിക്ക കോഴ്സുകളും നിലവാരത്തിൽ രാജ്യത്തെ ആദ്യ 20ൽ ഒന്നാണ്. അടുത്തിടെ പുറത്തുവന്ന ദേശീയതല റാങ്കിംഗിൽ ബിബിഎയ്ക്കു മൂന്നാം സ്ഥാനവും ബിസിഎയ്ക്കു രണ്ടാം സ്ഥാനവും പ്യുർ സയൻസിന് എട്ടാം സ്ഥാനവും കൊമേഴ്സിന് അഞ്ചാം സ്ഥാനവും മാസ് കമ്യൂണിക്കേഷന് എട്ടാം സ്ഥാനവും ആർട്സിന് എട്ടാം സ്ഥാനവും ലോയ്ക്ക് 11-ാം സ്ഥാനവും സോഷ്യൽ വർക്കിന് ഏഴാം സ്ഥാനവും ഹോട്ടൽ മാനേജ്മെന്റിന് 11-ാം സ്ഥാനവുമുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഫോർ എഡ്യുക്കേഷന്റെ സോഷ്യൽ എൻട്രപ്രണർഷിപ്പ് സ്വച്ഛതാ ആൻഡ് റൂറൽ എൻഗേജ്മെന്റ് സെൽ എന്ന അംഗീകാരം ക്രൈസ്റ്റിനുണ്ട്.
ലോകത്തിലെ 146 രാജ്യങ്ങളിൽനിന്നുള്ള 1,470 സ്ഥാപനങ്ങൾക്ക് മെംബർഷിപ്പുള്ള യുണൈറ്റഡ് നേഷൻസ് അക്കാഡമിക് ഇംപാക്ടിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കും മെംബർഷിപ്പുണ്ട്. സമാധാനം, മനുഷ്യാവകാശം, സുസ്ഥിര വികസനം തുടങ്ങിയ മുൻഗണനാമേഖലയിൽ യുഎന്നിനൊപ്പം ഈ സ്ഥാപനങ്ങൾ ചേർന്നുപ്രവർത്തിക്കുന്നു.
കേന്ദ്ര മാനവവിഭവശേഷി വകുപ്പിനു കീഴിലുള്ള ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ പങ്കാളികൂടിയാണ് ക്രൈസ്റ്റ്. രാജ്യത്തെ സുസ്ഥിര വികസനമേഖലകളിൽ പ്രവർത്തിക്കാൻ വിദ്യാർഥികൾക്കു ലഭിക്കുന്ന അപൂർവ അവസരമാണിത്. ബംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കൊട്ടെ താലൂക്കിൽപ്പെട്ട ആറു ഗ്രാമങ്ങൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ദത്തെടുത്തിട്ടുണ്ട്.
അപ്പസാന്ദ്ര, ദൊദ്ദതാഗള്ളി, ഗൊനാകാനാഹള്ളി, ഗോവിന്ദപുര, താഗള്ളി ഹൊസാഹള്ളി, യെലാചാമ്മാനാഹള്ളി എന്നീ ഗ്രാമങ്ങളാണു ദത്തെടുത്തിട്ടുള്ളത്. 2022ൽ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സന്പൂർണ ഇൻഷ്വറൻസ് ഗ്രാമപഞ്ചായത്തായി മാറ്റുന്നതിന് ക്രൈസ്റ്റ് കോളജ് നേതൃത്വം നൽകി. കോളജിലെ വിദ്യാർഥികൾ പഞ്ചായത്തിൽ സർവേ നടത്തിയാണ് ഇൻഷ്വറൻസ് ഇല്ലാത്ത മുഴുവൻ വ്യക്തികളെയും ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമപഞ്ചായത്തുകൾ ഇത്തരം സംരംഭങ്ങളിൽ ക്രൈസ്റ്റുമായി ചേർന്നു പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എൻസിസിക്കു നൽകിയ സംഭാവനകൾ മാനിച്ച് 2012ൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന റവ.ഡോ. തോമസ് ചാത്തംപറന്പിൽ സിഎംഐക്കും 2022ൽ വൈസ് ചാൻസലറായിരുന്ന റവ.ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐക്കും കേന്ദ്ര പ്രതിരോധമന്ത്രാലയം ഓണററി കേണൽ പദവി നൽകി ആദരിച്ചിരുന്നു.
ടി.എ. ജോർജ് / ജോൺസൺ പൂവന്തുരുത്ത്