35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന് എന്ന ഗായിക സ്വരങ്ങള്‍കൊണ്ട് സ്വയം അടയാളപ്പെടുത്തിയത് ഇങ്ങനെ. സഫലജീവിതം. കഴിഞ്ഞദിവസം അന്തരിച്ച തമിഴ് ഗായിക ഉമ രമണനെക്കുറിച്ച്...
അച്ഛനമ്മമാരുടെ നിര്‍ബന്ധംകൊണ്ട് അക്കാലത്തു മിക്ക പെണ്‍കുട്ടികളും ചെയ്യുന്ന പോലെ ഞാനും കുറച്ചുനാള്‍ സംഗീതം പഠിച്ചു. അന്നത് അത്ര ഗൗരവത്തിലെടുത്തിട്ടില്ല. എന്നാല്‍, കോളജ് പഠനകാലത്ത് ഒട്ടേറെ പാട്ടുമത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. കഴിവു തെളിയിക്കാന്‍ കിട്ടുന്ന വേദി അന്ന് അതുമാത്രമായിരുന്നു. കുറേ സമ്മാനങ്ങളും പ്രശംസയും കിട്ടി- തന്റെ തുടക്കം ഓര്‍മിക്കുകയായിരുന്നു ഗായിക ഉമ രമണന്. അവിടെനിന്ന് അവരുടെ സംഗീതം ആറായിരം വേദികളിലേക്കും തമിഴിലും തെലുഗുവിലും ഹിന്ദിയിലുമായി 500ലേറെ പാട്ടുകളിലേക്കും വളര്‍ന്നു.
ഇളയരാജയുടെ പ്രിയപ്പെട്ട സ്വരങ്ങളിലൊന്നായിരുന്നു ഉമ. ഹിറ്റുകളുടെ തോഴിയായിരുന്നിട്ടും സംഗീതവേദികള്‍ ഹൃദയപൂര്‍വം സ്വീകരിച്ചിട്ടും മനസുകൊണ്ട് സംതൃപ്തയായിരുന്നില്ല അവര്‍. ഒരു ഗായിക എന്ന നിലയില്‍ തമിഴ് സിനിമാലോകം അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്ന നേര്‍ത്ത വിഷാദം അവര്‍ക്ക് എന്നുമുണ്ടായിരുന്നു. എഴുപത്തിരണ്ടാം വയസില്‍ കഴിഞ്ഞ ദിവസം അന്തരിക്കുന്നതുവരെ...
ജീവന്റെ പാതി
കേളടി കണ്മണി എന്ന സിനിമയിലെ നീ പാതി നാന് പാതി കണ്ണേ എന്ന ഒരൊറ്റ പാട്ടുമതി ഉമ രമണനെ ഓര്‍മിക്കാന്‍. യേശുദാസിനൊപ്പമുള്ള ആ യുഗ്മഗാനം ഇന്നും പാട്ടുപ്രേമികളുടെ മനസുകളിലുണ്ട്. പാട്ടിലെ വരിപോലെ, ജീവന്റെ പാതിയായ എ.വി. രമണനെ കണ്ടുമുട്ടിയത് ഉമയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. മത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങള്‍ വാരിക്കൂട്ടി നടന്നകാലത്താണ് ഉമ ടെലിവിഷന്‍ അവതാരകനും നടനും ഗായകനുമായ രമണനെ പരിചയപ്പെടുന്നത്. സ്റ്റേജ് പരിപാടികള്‍ക്കുവേണ്ടി പുതുശബ്ദത്തിനായുള്ള തെരച്ചിലിലായിരുന്നു രമണന് അപ്പോള്‍.
അങ്ങനെ അവര്‍ ഇരുവരും ഒരുമിച്ചു സംഗീതപരിപാടികള്‍ അവതരിപ്പിച്ചുതുടങ്ങി. സംഗീതം സ്നേഹമാവുകയും ഇരുവര്‍ക്കും ജീവിതം ഒന്നാവുകയും ചെയ്തു. ഉമ ഇടക്കാലത്ത് പത്മാ സുബ്രഹ്മണ്യത്തിനു കീഴില്‍ നൃത്തവും അഭ്യസിച്ചു.
മ്യുസീഷ്യാനോ എന്ന ലളിതസംഗീത ട്രൂപ്പ് നടത്തിയിരുന്നു ഏറെക്കാലം രമണന്. ഇവരുടെ മകന് വിഗ്നേഷ് രമണനും സംഗീതരംഗത്തുണ്ട്.
സിനിമയില്‍
ഉമയും രമണനും ചേര്‍ന്നുള്ള സ്റ്റേജ് ഷോകള്‍ കണ്ട് നിര്‍മാതാവും കാമറാമാനുമായ ജാനകീരാമനാണ് ഇരുവര്‍ക്കും സിനിമയില്‍ പാടാന്‍ അവസരം കൊടുത്തത്. 1976ല്‍ പുറത്തിറങ്ങിയ പ്ലേ ബോയ് എന്ന ഹിന്ദി ചിത്രത്തിലെ യുഗ്മഗാനം അങ്ങനെ ആദ്യത്തെ പാട്ടായി. തൊട്ടടുത്ത വര്‍ഷം എ.പി. നാഗരാജന്റെ ശ്രീകൃഷ്ണ ലീല എന്ന ചിത്രത്തിലും ഇരുവരും പാടി.
നിഴല്‍കള്‍ എന്ന ചിത്രത്തിനുവേണ്ടി ഇളയരാജയുടെ ഈണത്തില്‍ പാടിയ പൂങ്കതാവേ എന്ന പാട്ടോടെ ഉമ അന്നത്തെ മുന്‍നിര ഗായികമാരുടെ കൂട്ടത്തില്‍ എത്തി. ആനന്ദരാഗം (ചിത്രം: പനീര്പുഷ്പങ്ങള്) എന്ന പാട്ടും തലമുറകള്‍ക്കു പ്രിയങ്കരമായി. ഇളയരാജയുടെ അപൂര്‍വ കണ്ടെത്തല്‍ എന്ന് ഉമയെ വാഴ്ത്തിയവരുമേറെ.
ഉമയുടെ സിനിമാഗാനങ്ങളില്‍ സൂപ്പര്ഹിറ്റുകളായവ ഏറെയും ഇളയരാജയുടെ സംഗീത്തിലായിരുന്നു. അദ്ദേഹത്തിനുവേണ്ടി പാടിയ പാട്ടുകള്‍തന്നെ നൂറു കവിയും. ആഹായ വെണ്ണിലവേ, സെവ്വരളി തോട്ടത്തിലേ, ഭൂപാളം ഇസൈയ്ക്കും, കണ്മണി നീ വാരാ, മഞ്ഞള്‍ വെയ്യില്, പൊന്മാനേ തുടങ്ങിയ പാട്ടുകള്‍ക്ക് ഇന്നും കേള്‍വിക്കാരുണ്ട്.
എം.എസ്. വിശ്വനാഥന്റെ ഈണത്തില്‍ പാടിയ കണ്ണനുക്കു രാധൈ നെഞ്ചം എന്ന പാട്ടും അപൂര്‍വസുന്ദരം. ഗംഗൈ അമരന്, ശങ്കര്‍-ഗണേഷ്, ദേവ, എസ്.എ. രാജ്കുമാര്, ടി. രാജേന്ദര്‍, സിര്‍പ്പി, വിദ്യാസാഗര്‍, മണി ശര്‍മ തുടങ്ങിയവരുടെ ഈണങ്ങളിലും ഉമ പാടി. വിജയ് നായകനായ തിരുപാച്ചിയിലെ കണ്ണും കണ്ണും താന്‍ എന്ന പാട്ടാണ് ഒടുവില്‍ പാടിയത്.
വരികളിലെ ഭാവം അതേപടി ആലാപനത്തില്‍ കൊണ്ടുവരാന്‍ ഉമയ്ക്ക് അനായാസം കഴിഞ്ഞിരുന്നു. ഇരുളകന്ന് വെളിച്ചമുദിക്കുന്ന സ്വരമെന്നും ഇതിഹാസരാഗമെന്നും പലരും അവരുടെ ശബ്ദത്തെ വിശേഷിപ്പിച്ചു.
അര്‍ഹത, അവസരം
പിന്നണിഗായിക, സ്റ്റേജ് പെര്‍ഫോമര്‍ എന്നിങ്ങനെയുള്ള രണ്ടു ധാരകളിലൂടെയും ഉമ കൃത്യമായ ധാരണയോടെ സഞ്ചരിച്ചു. വ്യത്യസ്തവും മധുരമുള്ളതുമായ സ്വരം കേള്‍പ്പിച്ചിട്ടും പല സംഗീതസംവിധായകരും ഉമയ്ക്കു വേണ്ടത്ര പാട്ടുകള്‍ നല്‍കിയില്ല. അതിനുള്ള കാരണങ്ങള്‍ അജ്ഞാതമാണ്. സിനിമ വേണ്ടവിധം പരിഗണിച്ചില്ലെന്ന ഉമയുടെ നൊമ്പരത്തിനു മറ്റു കാരണങ്ങള്‍ തിരക്കേണ്ടതില്ലല്ലോ. വെണ്ണിലാവു മായുംപോലെ ഇപ്പോഴിതാ ആ സ്വരം മാഞ്ഞുപോയിരിക്കുന്നു. പാട്ടോര്‍മകള്‍ ഇനി രമണനു തുണ.
ഹരിപ്രസാദ്